By Suresh Varieth

ക്രിക്കറ്റ് ലോകകപ്പുകൾ ഇന്ത്യക്ക് കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒട്ടേറെ ഓർമകൾ സമ്മാനിച്ചിട്ടുണ്ട്. സ്ട്രൈക്കർ എൻഡിലെ സ്റ്റംപ് വലിച്ചൂരി, ആർത്തലച്ച് വരുന്ന ആരാധകർക്കിടയിലൂടെ പവലിയനിലേക്ക് ഓടുന്ന മൊഹീന്ദർ അമർനാഥ് മുതൽ, ഗപ്റ്റിൽ ബ്രില്ലിയൻസിൽ ഒരിഞ്ച് പിഴച്ച് നിരാശനായി ഏണിപ്പടികൾ കയറുന്ന ആ ഏഴാം നമ്പർ ലെജൻറിനെ ആശ്വസിപ്പിക്കുന്ന രവി ശാസ്ത്രിയുടെ ചിത്രം വരെ ആ ചരിത്രം നീളുന്നു….

സ്വന്തം നാട്ടിൽ ആദ്യമായി വിരുന്നെത്തിയ ലോകകപ്പിൽ കപ്പുയർത്താമെന്ന മോഹവുമായാണ് ടീം ഇന്ത്യ വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ നേരിട്ടത്. വാംഖഡെയുടെ സ്വന്തം ദിലീപ് വെങ് സർക്കാർ വിട്ടു നിന്ന മൽസരത്തിൽ പക്ഷേ പരാജയപ്പെടാനായിരുന്നു ഇന്ത്യയുടെ വിധി. എഡ്മണ്ട് എമ്മിങ്ങ്സിന്റെ ബോളിൽ കപിൽദേവിന്റെ സ്വീപ് ഷോട്ട് ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്ക് ഗാറ്റിങ് കയ്യിലൊതുക്കിയപ്പോൾ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളും ഹരിഞ്ഞടങ്ങി.

1992ലെ ആ ഇന്ത്യാ- ഓസ്ടേലിയ മൽസരം എങ്ങനെ മറക്കും? ഡക് വർത്ത് ലൂയിസ് എന്ന ഫൂളിഷ് നിയമം വില്ലനായ ഒരു പക്ഷെ ആദ്യ മത്സരമായിരിക്കും. മഴ വില്ലനായ മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യയുടെ ടാർഗറ്റ്, മൂന്ന് ഓവർ കുറച്ചപ്പോൾ (47) കുറഞ്ഞത് ഒരു റൺ മാത്രം. അതായത് ഓസീസ് ഇന്നിംഗ്സിൽ കപിൽ എറിഞ്ഞ രണ്ട് മെയ്ഡനും ഒരു റൺ നൽകിയ ഒരോവറും വില്ലനായി. ക്യാപ്റ്റൻ അസ്ഹറുദ്ദീൻ 90 റൺസെടുത്ത് പൊരുതിയെങ്കിലും സ്റ്റീവ് വോയുടെ അവസാന പന്തിൽ ജയിക്കാൻ നാലു റൺ വേണ്ടിടത്ത് രണ്ടു റൺ നേടി വെങ്കട് പതി രാജു റണ്ണൗട്ടായതോടെ ഇന്ത്യൻ പ്രതീക്ഷകളും തീർന്നു.

1996 ലോകകപ്പ് കണ്ടവരാരും ഈഡൻ ഗാർഡനിൽ വീണ വിനോദ് കാംബ്ലിയുടെ കണ്ണീർ മറന്നു കാണില്ല. ശ്രീലങ്കക്കെതിരെ 252 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 96/2 എന്ന നിലയിൽ നിന്ന് തകർന്നത് 108/8 എന്ന രീതിയിലായിരുന്നു. ക്ഷുഭിതരായ കാണികൾ, കൂടുതൽ ബുദ്ധിമുട്ടാതെ ശ്രീലങ്കയെ ഫൈനലിലെത്തിച്ചു.

കോഴയുടെ മണമടിച്ചു തുടങ്ങിയ ലോകകപ്പിലെ ഒരു മത്സരത്തിൽ അവസാന ബാറ്റ്സ്മാൻ പാവം വെങ്കടേഷ് പ്രസാദ് സിംബാബ്‌വെ ബൗളർക്ക് മുന്നിൽ എൽ ബി ഡബ്ളിയു ആയപ്പോൾ ഇന്ത്യയും പുറത്തേക്കുള്ള വഴിയിലായിരുന്നു. തുടർച്ചയായ മൂന്ന് ലോകകപ്പിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ എന്ന അസറുദ്ദീന്റെ റെക്കോർഡ് മാത്രം ബാക്കിയായി.

കൊൽക്കത്താ രാജകുമാരന്റെ ഇന്ത്യ 2003 ൽ കീഴടങ്ങിയത് ഫൈനലിൽ റിക്കി പോണ്ടിങ്ങിന്റെയും ഡാമിയൻ മാർട്ടിന്റെയും മാസ്മരിക പ്രകടനത്തിലായിരുന്നു.

മൊത്തത്തിൽ നിറം മങ്ങിയ കരീബിയൻ ലോകകപ്പിൽ മൂന്നിൽ ഒരു മത്സരം മാത്രം ജയിച്ച് ഇന്ത്യ വിടപറയുമ്പോൾ ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കാത്ത ശ്രീശാന്തായിരുന്നു ഏക വേദന.

വാംഖഡെ സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലേക്ക് മഹേന്ദ്ര സിംഗ് ധോണി എന്ന കൂൾ ക്യാപ്റ്റന്റെ സിക്സർ പറന്നിറങ്ങുമ്പോൾ രവി ശാസ്ത്രിയുടെ കമൻററി ബോക്സിലെ പ്രകടനം നാമെങ്ങനെ മറക്കും?

എന്താണെന്നറിയില്ല, 2015 ൽ ഓസ്ട്രേലിയ സെമിയിൽ വിജയിക്കുമ്പോൾ പ്രത്യേകിച്ച് അത്ഭുതമോ ദു:ഖമോ തോന്നിയില്ല.

ഒടുവിൽ, രവീന്ദ്ര ജഡേജക്ക് പൊരുതാൻ സ്വയം ഊർജമായി, അവസാനം വരെ പൊരുതുന്ന ആ പോരാളി വീണപ്പോൾ എന്തോ, ക്രിക്കറ്റ് എന്നത് വെറും ഒരു സ്പോര്ട്സ് ഗെയിം മാത്രമെന്നത് നമ്മളും മറന്നുവോ, ഒരു മിനിട്ട് നേരത്തെക്കെങ്കിലും …

By admin

Leave a Reply