By Suresh Varieth

കഴിഞ്ഞ സീസൺ രഞ്ജി ട്രോഫി മത്സരത്തിൽ ഗുജറാത്തിനെതിരെ അവസാന ദിവസം ലഞ്ച് വരെ സമനിലയാകുമെന്ന നിലയിൽ നിന്ന മത്സരം, ലഞ്ചിനു ശേഷം അഞ്ചു വിക്കറ്റുകൾ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വീഴ്ത്തി, 41 ഓവറിൽ 214 റൺസെന്ന ലക്ഷ്യം അവിശ്വസനീയമാം വിധം 37 ഓവറിനുള്ളിൽ ചേയ്സു ചെയ്ത കേരളാ ടീമിനെ, പ്രത്യേകിച്ചും റോഹൻ കുന്നുമ്മലിനെയും സച്ചിൻ ബേബിയെയും കാണുമ്പോൾ ഓർത്തു പോയ ഒരു ടെസ്റ്റ് മാച്ചുണ്ട്. അതും 26 ഓവറിൽ 172 റൺസ് ചേയ്സ് ചെയ്യേണ്ട അവസ്ഥയിൽ നാലു പന്തുകൾ ബാക്കി വച്ച് നാലു വിക്കറ്റിന് വിൻഡീസ് ഇന്ത്യയെ തോൽപ്പിച്ച ഒരു ടെസ്റ്റ്…

1983 ലോകകപ്പിനു മുമ്പുള്ള കഥയാണ്.അഞ്ചു ടെസ്റ്റ് സീരീസ് വിൻഡീസ് 2-0 ന് വിജയിച്ചു.എങ്കിലും ബാക്കി മൂന്നിലും ഇന്ത്യ പിടിച്ചു നിന്നു. വിൻഡീസ് എന്നാൽ ഇന്നത്തെപ്പോലൊന്നും അല്ല….. റോബർട്സും ഗാർണറും മാർഷലും ഹോൾഡിങ്ങും എറിഞ്ഞു വീഴ്ത്തുന്ന, റിച്ചാർഡ്സും ഗ്രീനിഡ്ജും ഹെയ്ൻസും ലോയ്ഡും ഗോമസും തച്ചുതകർക്കുന്ന, വിക്കറ്റിനു പിന്നിൽ ഡുജോണും പോയിൻറിൽ ഗസ് ലോഗിയും കാവൽ നിൽക്കുന്ന പഴയ വിൻഡീസ്.

ആ അജയ്യൻമാരുടെ ജമൈക്കയിലാണ് കപിലെന്ന 24 കാരനായ പുതിയ ക്യാപ്റ്റൻ തൻ്റെ ടീമിനെയും കൊണ്ട് ആദ്യ ടെസ്റ്റിനായി ചെന്നിറങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ യശ്പാൽ ശർമ 63 ഉം വെംഗ്സർക്കാർ 30 ഉം നേടിയപ്പോൾ അതിശയിപ്പിച്ചത് ആറ് ഫോറും ഒരു സിക്സറുമടക്കം 68 റൺസ് നേടിയ ബൗളർ ബൽവീന്ദർ സന്ധുവായിരുന്നു. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 251 ന് ഓൾ ഔട്ടായി.

വിൻഡീസ് പക്ഷേ വിചാരിച്ച പോലൊന്നും മുന്നേറിയില്ല.. കപിലിൻ്റെ (4/45) യും ശാസ്ത്രിയുടെയും (4/43) മുന്നിൽ തകർന്ന അവർ 3 റൺസ് ലീഡ് നേടി. 254 റൺസിൽ 75 ഉം ഗോർഡൻ ഗ്രീനിജ് ആയിരുന്നു നേടിയത്. രണ്ടാമിന്നിംഗ്സിൽ ഇന്ത്യയെ 174 റൺസിന് തകർത്ത് 39 റൺസിന് 5 വിക്കറ്റ് നേടിയ ആൻഡി റോബർട്‌സും 3/56 നേടിയ മാർഷലുമായിരുന്നു.

ക്ലൈമാക്സ് സീനുകൾ വരാനിരിക്കുന്നതേ ഉള്ളൂ – അഞ്ചാം ദിവസം രണ്ടാം സെഷനിൽ ചായക്ക് പിരിയുമ്പോൾ ഇന്ത്യ 167/6 എന്ന സുരക്ഷിതമായ നിലയിലായിരുന്നു. ശാസ്ത്രിയും കിർമാനിയും ക്രീസിൽ. എങ്ങനെ കളിച്ചാലും സുരക്ഷിതമായി സമനില നേടാം. പക്ഷേ ആൻഡി റോബർട്സിനു പ്ലാനുകൾ വേറെയായിരുന്നു. ചായ കഴിഞ്ഞ് വെറും ഒരു റൺ വഴങ്ങി അദ്ദേഹം നേടിയത് ശേഷിച്ച നാലു വിക്കറ്റുകളാണ്. ശാസ്ത്രി 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ 174 ന് ഓൾ ഔട്ടായി. വിൻഡീസിന് വിജയലക്ഷ്യം 26 ഓവറിൽ 172.

ഗ്രീനിഡ്ജും ഹെയ്ൻസും എന്തായാലും പിൻമാറാൻ തയ്യാറല്ലായിരുന്നു. കാലം 1983 ആണ്. ഏകദിനത്തിൽ 50 ഓവർ മാച്ചിൽപ്പോലും 180-200 വന്നാൽ ചെയ്സ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അതും ബാറ്റർക്ക് വലിയ സഹായമില്ലാത്ത പിച്ചിൽ അഞ്ചാം ദിനത്തിൽ അവസാന സെഷൻ. തകർത്തടിച്ച ഹെയ്ൻസ് 21 പന്തിൽ നാലു ഫോറും ഒരു സിക്സറുമുൾപ്പെടെ 34 റൺസെടുത്ത് വെടിക്കെട്ടിന് തിരി കൊളുത്തി. പിന്നാലെ വന്ന ക്യാപ്റ്റൻ ലോയ്ഡ് പക്ഷേ മൂന്നു റൺസുമായി തിരിച്ച് പോരുമ്പോൾ സ്കോർ 65/2.

LONDON – JUNE 18: Viv Richards walking out to bat, Cricket World Cup 1983, Australia v West Indies at Lord’s (Zonal) (Photo by Patrick Eagar/Popperfoto via Getty Images)

അവിടെയാണ് അവസാന നിമിഷത്തെ നായകൻ അവതരിക്കുന്നത്. 169.44 സ്ട്രൈക്ക് റേറ്റോടെ അഞ്ച് ഫോറും നാലു സിക്സറുമടിച്ച് വെറും 36 പന്തിൽ 61 റൺസ് നേടിയ സർ ഐസക് വിവിയൻ അലക്സാണ്ടർ റിച്ചാർഡ്സ് ഒടുവിൽ തൻ്റെ കടന്നാക്രമണത്തിനിരയായ മൊഹീന്ദർ അമർനാഥിന് തന്നെ വിക്കറ്റ് നൽകി മടങ്ങുമ്പോൾ അവർ വിജയത്തിന് 16 റൺസ് മാത്രം പുറകിലായിരുന്നു. വിവ് റിച്ചാർഡ്സ് കടന്നാക്രമിക്കുമ്പോൾ ഒരറ്റം സൂക്ഷിച്ച ഗ്രീനിഡ്ജ് അതിനിടയിൽ 42 റൺസ് നേടി ക്രീസ് വിട്ടിരുന്നു. ഗസ്‌ ലോഗിയെ 167 ൽ നഷ്ടപ്പെട്ടിടത്തു നിന്നും ഒരു സിക്സറിലൂടെ ഡുജോൺ 4 വിക്കറ്റ് വിജയം നേടുമ്പോൾ വിൻഡീസ് ഇന്നിംഗ്സിൽ പിന്നേയും നാലു പന്തുകൾ ബാക്കിയായിരുന്നു.

ടെസ്റ്റിൽ അഞ്ചാം ദിവസം അവസാന സെഷനിലെ മാസ്മരിക ബൗളിങ്ങ് അടക്കം ഒമ്പത് വിക്കറ്റുകൾ നേടിയ സർ ആൻഡി റോബർട്സായിരുന്നു മാൻ ഓഫ് ദ് മാച്ച്. അവസാന സെഷനിൽ വിവിയൻ്റെ ഇരയായ അമർനാഥ് 2.2 ഓവറിൽ നൽകിയത് 34 റൺസാണ്. സന്ധുവും മൊഹീന്ദറും വെങ്കട് രാഘവനും ആക്രമിക്കപ്പെട്ടപ്പോൾ ഒരിക്കലും ഇടം കൈ സ്പിന്നർമാരായ ശാസ്ത്രിയെയോ മനീന്ദറിനെയോ പരീക്ഷിക്കാൻ ക്യാപ്‌റ്റൻ കപിൽ തയ്യാറായില്ല. ഇവർക്ക് ഏതാനും ഓവറുകൾ നൽകിയിരുന്നെങ്കിൽ ഒരു പക്ഷെ ഒരു സമനിലയോ ജയം പോലുമോ ഇന്ത്യക്ക് പ്രാപ്യമായേനെ.

By admin

Leave a Reply