By Suresh Varieth
“വിനോദ്, പത്തു റൺസ് കൂടിയെടുക്ക്, പിന്നെ നിൻ്റെ മുമ്പിൽ ആരുമില്ല”….. അച്റേക്കർ ഫാക്ടറിയിൽ ഒരുമിച്ച് വളർന്ന, മുംബൈ ടീമിൽ ഒരുമിച്ച് കളിച്ച പ്രവീൺ ആംറേ ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടിലെ വരണ്ടുണങ്ങിയ പിച്ചിൽ നിന്ന് തൻ്റെ മിത്രത്തിന് ആത്മവിശ്വാസം നൽകി. ഡ്രസ്സിങ്ങ് റൂമിൽ കളിക്കൂട്ടുകാരൻ സചിനും ക്യാപ്റ്റൻ അസ്ഹറും ഇതിഹാസ താരം കപിലുമെല്ലാം ഒരു പുത്തൻ ഇതിഹാസത്തിൻ്റെ പിറവി മുന്നിൽ കണ്ട് കയ്യടിച്ചു….. താൻ നേരിടുന്ന 301 ആമത്തെ പന്തെറിഞ്ഞ ജോൺ ട്രൈക്കോസെന്ന 46 കാരനെ പക്ഷേ ആ 21 കാരൻ പയ്യൻ ഒരൽപ്പം ലാഘവത്തോടെയാണ് നേരിട്ടത്. ആ പന്ത് തിരിച്ച് ട്രൈക്കോസിൻ്റെ കൈകളിലേക്കു തന്നെ അടിച്ചു കൊടുത്തപ്പോൾ സ്റ്റേഡിയം മാത്രമല്ല, ആദ്യ സെഷനിൽ പെയ്ത മഴ മേഘങ്ങളെ വകഞ്ഞു മാറ്റി ആ റെക്കോർഡിനു സാക്ഷിയാവാൻ വാനിലുദിച്ച സൂര്യൻ പോലും നിരാശനായിക്കാണും …. അതെ, തുടർച്ചയായി രണ്ടാം ടെസ്റ്റ് ഡബിൾ സെഞ്ചുറി നേടിയ വിനോദ് കാംബ്ലിയെന്ന ആ പയ്യൻ കളഞ്ഞത് കൈയെത്തും ദൂരത്തു നിൽക്കുന്ന, ഒരിന്ത്യക്കാരൻ്റെ ഏറ്റവും മികച്ച ടെസ്റ്റ് സ്കോറായ, സാക്ഷാൽ സുനിൽ ഗാവസ്കർ നേടിയ 236 എന്ന പത്തു വർഷം പഴക്കമുള്ള റെക്കോർഡായിരുന്നു.

കുത്തഴിഞ്ഞ ജീവിതം പ്രതിഭയെ എങ്ങനെയെല്ലാം നശിപ്പിക്കുമെന്നതിൻ്റെ കായിക ലോകത്തെ ഏറ്റവും നല്ല ഉദാഹരണമായി നമുക്ക് വിനോദ് ഗണ്പത് കാംബ്ലിയെന്ന, ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടംകയ്യൻ ബാറ്റർമാരിലൊരാളായ ആ പ്രതിഭാശാലിയെക്കാണാം. ബോംബെ ശാരദാശ്രം വിദ്യാമന്ദിറിനായി സച്ചിൻ്റെ കൂടെ റെക്കോർഡ് റണ്ണടിച്ചു കൂട്ടിയ ആ ബാലൻ എവിടെയൊക്കെയോ ഒരു ഇടംകയ്യൻ റിച്ചാർഡ്സിനെയോ ഹെയ്ൻസിനെയോ ഓർമിപ്പിച്ചിരുന്നു. തൻ്റെ ഏറ്റവും മികച്ച ശിഷ്യരിലൊരാളെന്നും, സച്ചിനേക്കാൾ പ്രതിഭയുള്ളവനെന്നും കോച്ച് രമാകാന്ത് അച്ച്രേകർ വാഴ്ത്തിയ പയ്യൻ പക്ഷേ തൻ്റെ ചെറുപ്രായത്തിൽ 25 വയസ്സിനു മുൻപു തന്നെ ദു:ശ്ശീലങ്ങളിലേക്കുളിയിട്ടത് ഒരു പക്ഷേ ദാരിദ്ര്യം നിറഞ്ഞ ഭൂതകാലത്തിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ മായാലോകത്തിലെത്തിയപ്പോഴുള്ള അന്ധാളിപ്പു കൊണ്ടായിരിക്കാം.
സചിനോടൊപ്പം സ്കൂൾ ക്രിക്കറ്റിലും പ്രാദേശിക തലത്തിലും നിറഞ്ഞു നിന്ന കാംബ്ലിക്ക് പക്ഷേ, ഒരു അന്താരാഷ്ട്ര അരങ്ങേറ്റത്തിന്നായി 1991 ഒക്ടോബർ വരെ കാത്തിരിക്കേണ്ടി വന്നു. രഞ്ജി ട്രോഫിയിൽ നേരിട്ട ആദ്യ പന്തു തന്നെ ഗ്യാലറിയിലെത്തിച്ച അവൻ ഇക്കാലയളവിൽ 14 രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് ബോംബെക്കു വേണ്ടി അടിച്ചു കൂട്ടിയത് ഏഴു സെഞ്ചുറികളാണ്. 1993 ജനുവരി 18 ന് തൻ്റെ 21 ആം ജൻമദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ സെഞ്ചുറി നേടിയ കാംബ്ലിയെ ടെസ്റ്റ് ടീമിലെടുക്കാൻ സെലക്ടർമാർക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. വെംഗ്സർക്കാറും ശാസ്ത്രിയും ശ്രീകാന്തും മഞ്ജ്റേക്കറും വൂർക്കേരി രാമനുമെല്ലാം തഴയപ്പെട്ട ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് സീരീസിൽ കാംബ്ലിയും ഇടം നേടി. .. രണ്ടാം ടെസ്റ്റിൽ 59 റൺസ് നേടി സാന്നിധ്യമറിയിച്ച അയാൾ അടുത്ത ടെസ്റ്റ് ആദ്യ ഇന്നിംഗ്സിൽ 224 റൺസ് നേടി സ്ഥാനം അരക്കിട്ടുറപ്പിച്ചു. സിംബാബ്വേയുമായുള്ള മൂന്ന് ഏകദിനത്തിൽ രണ്ടിലും മാൻ ഓഫ് ദ് മാച്ച് കാംബ്ലി തന്നെയായിരുന്നു.
ഷെയ്ൻ വോണിനെ അടിച്ചു പറപ്പിച്ച കാംബ്ലിക്ക് ഷോർട്ട് പിച്ച് ബോളുകൾ നേരിടുന്നതിലെ പോരായ്മ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. 1994 ൽ ഇന്ത്യയിൽ വന്ന വെസ്റ്റിൻഡീസ് പേസർമാർ ഇത് ഫലപ്രദമായി മുതലെടുക്കുകയും ചെയ്തു. 1996 ലോകകപ്പിൽ സിംബാബ്വേക്കെതിരെ തൻ്റെ കരിയറിലെ അവസാന സെഞ്ചുറി നേടിയെങ്കിലും 44 റൺസും രണ്ടു വിക്കറ്റും വീഴ്ത്തിയ അജയ് ജഡേജ മാൻ ഓഫ് ദ് മാച്ച് അവാർഡ് വാങ്ങുന്നത് കാംബ്ലിക്ക് നോക്കി നിൽക്കേണ്ടി വന്നു. ലോകകപ്പ് സെമിയിലെ പരാജയത്തിൽ കരഞ്ഞു കൊണ്ട് കളം വിടുന്ന കാംബ്ലിയുടെ കരിയറിലെ പതനം അവിടെ തുടങ്ങുകയായിരുന്നു. ഡ്രസ്സിങ്ങ് റൂമിലും പുറത്തും ചീത്തക്കുട്ടിയായ അവനെ പലർക്കും അനഭിമതനായി. ഉറ്റ സുഹൃത്ത് സച്ചിൻ്റെ ശുപാർശയിൽ പലപ്പോഴും ടീമിൽ വന്നും പോയുമിരുന്ന കാംബ്ലി തൻ്റെ കരിയറിൽ ഒമ്പത് തവണയാണ് ടീമിലേക്ക് തിരിച്ചു വരവ് നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിലെ Come back man എന്ന സ്ഥാനം പതിയെ മൊഹീന്ദർ അമർനാഥിൽ നിന്ന് കാംബ്ലിയിലേക്ക് വന്നു ചേർന്നു. 2000 ൽ മിന്നൽ പോലെ ഉയർന്നു വന്ന യുവ് രാജ് സിംഗ് തൻ്റെ സ്ഥാനം ഭദ്രമാക്കിയതോടെ കാംബ്ലി വിസ്മൃതിയിലാണ്ടു ... പ്രാദേശിക ക്രിക്കറ്റിൽ ഏതാനും നല്ല ഇന്നിംഗ്സുകൾ കളിച്ചെങ്കിലും ഒരു തിരിച്ചുവരവ് അകലെയായിരുന്നു.