By Suresh Varieth

3rd ജനുവരി 2023…. രാജ്കോട്ടിലെ തണുത്തുറഞ്ഞ പ്രഭാതത്തിൽ വീശിയ ഇളം കാറ്റ് ഇന്നത്തെ ദിവസം ഡെൽഹിക്കു മേൽ ജയ്ദേവ് ഉനാദ്കട്ടിൻ്റെ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ കൂടി ഉള്ളതായിരുന്നു. സ്വിങ്ങും പേസും സമം ചേർന്നതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി പ്രതീക്ഷകളായ യാഷ് ധൂൾ, ജോണ്ടി സിദ്ദു, ലളിത് യാദവ് എന്നിവരോടൊപ്പം വൈഭവ് രാവൽ, ലക്ഷയ് തരേജ, ശിവാങ്ക് വസിഷ്ഠ്, കുൽദീപ് യാദവ്, ധ്രുവ് ഷോരേ എന്നിവരെയും ജയ്ദേവ് പവലിയനിലേക്കയക്കുമ്പോൾ തുച്ഛമായ 133 എന്ന സ്കോറിൽ ഓൾ ഔട്ടാവാനായിരുന്നു ഡൽഹിയുടെ വിധി. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി ആദ്യ ഓവറിൽത്തന്നെ ഹാട്രിക്ക് നേടിയ ബൗളറായ അദ്ദേഹം തൻ്റെ രണ്ടാം ഓവറിൽ അഞ്ചു വിക്കറ്റും തികച്ചു.

ജയ് ദേവിൻ്റെ കരിയറിനെപ്പറ്റി മുമ്പ് എഴുതിയിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ ടെസ്റ്റിൽ അരങ്ങേറിയതിനു ശേഷം ഒരു വ്യാഴവട്ടം അയാൾ ഇൻ്റർനാഷണൽ മൾട്ടി ഡേ ക്രിക്കറ്റിൻ്റെ പടിക്കു പുറത്തായിരുന്നു. പൊന്നുംവില കൊടുത്ത് IPL ഫ്രാഞ്ചൈസികൾ അയാളെ സ്വന്തമാക്കുമ്പോൾ നിരാശാജനകമായ പ്രകടനങ്ങളോടെ താൻ പരിമിത ഓവർ മത്സരങ്ങൾക്ക് അനുയോജ്യനല്ലെന്ന് അയാൾ തന്നെ തെളിയിച്ചു കൊണ്ടിരുന്നു. എന്നിട്ടും അങ്ങിനായി ചില ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ വല്ലപ്പോഴും അയാൾ ഇന്ത്യക്കായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.

രഞ്ജി ട്രോഫിയിലെ സ്ഥിരതയാർന്ന പ്രകടനവും ഒപ്പം സൗരാഷ്ട്രക്കായി കാഴ്ചവെച്ച മികച്ച ക്യാപ്റ്റൻസിയും ജയ്ദേവിന് വീണ്ടുമൊരു ടെസ്റ്റ് കളിക്കാൻ അവസരമൊരുക്കി. ബംഗ്ലാദേശിനെതിരായ മാച്ചിൽ തരക്കേടില്ലാത്ത പ്രകടനത്തോടെ പിടിച്ചു നിന്ന അദ്ദേഹം ഇന്ന് വിസ്മയിപ്പിച്ച ബൗളിങ്ങ് പ്രകടനത്തോടെ വെറും 39 റൺസിന് 8 വിക്കറ്റ് വീഴ്ത്തി, ഉടൻ വരാനിരിക്കുന്ന ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് സീരീസിൽ ഒരു സ്ഥാനത്തിനായി ശക്തമായ അവകാശ വാദമാണ് ഉന്നയിക്കുന്നത്.

By admin

Leave a Reply