By Suresh Varieth
Shocking – ദക്ഷിണാഫ്രിക്ക 2022 T20 ലോകകപ്പിൽ നിന്ന് പുറത്തായത് വിശ്വസിക്കാനായില്ല. എന്നും മേജർ ടൂർണമെൻ്റുകളിലെ നിർഭാഗ്യവാൻമാരായി മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നത്തെ തോൽവി അവർ താരതമ്യേന ദുർബലരായ നെതർലാൻ്റ്സിനോട് ചോദിച്ചു വാങ്ങിയതാണ്. ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിഫൈനലിലെത്തുമെന്ന് 90% ഉറപ്പായ ഒരു ടീം പരാജയപ്പെട്ട് പുറത്തു പോകുന്നു. വളരെ നേരിയ സാധ്യത മാത്രമുള്ള പാക്കിസ്ഥാനും ബംഗ്ലാദേശും അവസാന നാലിലെത്താൻ വേണ്ടി കളത്തിലിറങ്ങുന്നു. അവസാന മത്സരം കളിക്കും മുമ്പ് തന്നെ ഇന്ത്യ സെമി ഉറപ്പിക്കുന്നു.
ടൂർണമെൻ്റിലെ ആദ്യ കളിയിൽ മൂന്നോവറിൽ 50 ലേറെ സ്കോർ ചെയ്ത്, ബാക്കി അഞ്ചോവറിൽ മുപ്പത് റൺസ് മാത്രം മതിയെന്ന നിലയിലാണ് സിംബാബ്വേയുമായി പോയൻ്റ് മഴ മൂലം ഷെയർ ചെയ്യേണ്ടി വന്നത്. അതും പത്തു വിക്കറ്റും ബാക്കി നിൽക്കേ ……രണ്ടോവർ കൂടി കളി നടന്നിരുന്നെങ്കിൽ ദക്ഷിണാഫ്രിക്ക വിജയിക്കുമായിരുന്നു. പിന്നീട് ഇന്ത്യയേയും ബംഗ്ലാദേശിനെയും തകർത്ത് റൺറേറ്റിൽ കുതിച്ചു ചാടിയെങ്കിലും പാക്കിസ്ഥാനുമായി മഴയും കൂടെ കളിച്ചപ്പോൾ നേരിട്ടത് വലിയ പരാജയം. നെതർലാൻറ്സിനെതിരെ തോറ്റതിന് പക്ഷേ ന്യായീകരണങ്ങളില്ല. കരുത്തരായ ബൗളിങ്ങ് നിര എതിരാളികളെ വെറും നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുക്കാൻ അനുവദിച്ചത് ആദ്യ തെറ്റ്….. ഡികോക്ക് , ബാവുമ, റുസ്സോ, മാക്രം, മില്ലർ, ക്ലാസൻ എന്നിങ്ങനെ ചേസ് ചെയ്ത് ജയിപ്പിക്കാൻ പ്രാപ്തി ഉള്ളവർ വിക്കറ്റ് വലിച്ചെറിഞ്ഞത് അടുത്ത തെറ്റ്. പരിക്കേറ്റ് ഒറ്റക്കാലുമായി റണ്ണിനോടുന്ന മഹാരാജിനോട് റിട്ടയർ ചെയ്യാൻ പറഞ്ഞ് നോക്കിയെയെ ഇറക്കാത്തത് ആശ്ചര്യകരം. മുൻ ദക്ഷിണാഫ്രിക്കൻ താരം വാൻഡെർ മെർവെയുടെ തകർപ്പൻ ക്യാച്ചിൽ ഡേവിഡ് മില്ലർ പുറത്തായപ്പോൾ തന്നെ അവർ മാനസികമായി പരാജയപ്പെട്ടിരുന്നു.
ഇനി, ഇതേ ദക്ഷിണാഫ്രിക്കക്ക് ഏകദിന ലോകകപ്പ് ചരിത്രത്തിൽ മഴ ദുരന്തങ്ങളുടെയും മണ്ടത്തരങ്ങളുടെയും പേരിൽ പുറത്തേക്ക് പോവേണ്ടി വന്ന കുറേ കഥകൾ പറയാനുണ്ട്. 1992 ൽ അവർ ആദ്യമായി കളിച്ച ലോകകപ്പിൽ സെമിയിൽ ഇംഗ്ലണ്ടിനെതിരെ ബ്രയാൻ മാക്മില്ലനും ഡേവിഡ് റിച്ചാർഡ്സനും ചേർന്ന് കളി ജയിപ്പിച്ചേക്കുമെന്ന അവസരത്തിൽ, രണ്ടാൾക്കും സാധ്യതകളുള്ള അവസ്ഥയിൽ 13 പന്തിൽ 22 റൺസ് വേണ്ടപ്പോഴാണ് മഴ വന്നത്. അന്നത്തെ മഴനിയമ പ്രകാരം കളി പുനരാരംഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കക്ക് വേണ്ടി വന്നത് ഒരു പന്തിൽ 22 റൺസ്…. വലിയ റണ്ണപ്പൊന്നും എടുക്കാതെ തന്നെ ക്രിസ് ലൂയിസ് ആ പന്തെറിഞ്ഞു.
1999 ലോകകപ്പ് – ഗ്രൂപ്പ് സ്റ്റേജിൽ ഹെർഷെൽ ഗിബ്സ് കൈവിട്ട സ്റ്റീവ് വോയുടെ ക്യാച്ചാണ് ഓസ്ട്രേലിയയെ സെമിയിലെത്താൻ സഹായിച്ചത്. സെമിയിൽ അതേ ഓസ്ട്രേലിയക്കെതിരെ കളി ടൈ ആയപ്പോൾ, ഗ്രൂപ്പിലെ വിജയത്തിൻ്റെ ബലത്തിൽ ഓസ്ട്രേലിയ ഫൈനലിലെത്തി. 2003 ൽ ശ്രീലങ്കക്കെതിരെ മഴ പെയ്തതോടെ കളി നിർത്തുമ്പോൾ, ഡക്വർത്ത് ലൂയിസ് നിയമപ്രകാരം കളി ടൈ ആയിരുന്നു. ഡ്രസ്സിങ്ങ് റൂമിൽ നിന്നും കിട്ടിയ തെറ്റായ സന്ദേശം കേട്ട് മുത്തയ്യ മുരളീതരൻ്റെ അവസാന പന്ത് ഡിഫെൻറ് ചെയ്ത മാർക്ക് ബൗച്ചർ അറിഞ്ഞില്ല, തങ്ങൾ ലോകകപ്പിൽ നിന്ന് പുറത്തേക്കാണെന്ന്. 2015 ലാവട്ടെ, 43 ഓവറിൽ 281 എന്ന കൂറ്റൻ സ്കോർ ഉയർത്തി, വീണ്ടും D/L നിയമ പ്രകാരം ന്യൂസിലാൻ്റിന് 299 റൺസ് ചേസ് ചെയ്യാൻ വിട്ടപ്പോൾ അവർ ഓർത്തു കാണില്ല, ദക്ഷിണാഫ്രിക്കക്കാരനായ ഗ്രാൻറ് എലിയട്ട് തങ്ങളുടെ സ്വപ്നങ്ങൾക്കു മേൽ പെയ്തിറങ്ങുമെന്ന് .
അതെ, അവരുടെ നിർഭാഗ്യം തുടരുകയാണ്. ഇന്ന് പക്ഷേ അവരുടെ തോൽവിക്ക് ന്യായീകരണങ്ങളില്ല. ദക്ഷിണാഫ്രിക്കയുടെ വീഴ്ച പാക്കിസ്ഥാന് ഭാഗ്യം കൊണ്ടുവരികയാണ്.