By Suresh Varieth

ഐ. പി. എൽ സീസണിന് മുന്നോടിയായുള്ള ഇന്റർ പ്രാക്ടീസ് മത്സരത്തിനൊടുവിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് വരുന്ന തീർത്തും അപ്രശസ്തനായ ആ ചെറുപ്പക്കാരൻ പേസ് ബൗളറെ – പ്രശാന്ത് പരമേശ്വരനെ – ടി. വി. ചാനലുകാരും പത്ര പ്രവർത്തകരും വളഞ്ഞു…നീട്ടിപ്പിടിച്ച മൈക്രോഫോണുകളും ക്യാമറാ ഫ്ലാഷും രംഗം കൈയടക്കി… ഏവർക്കും അറിയേണ്ടത് ഒന്നു മാത്രം.”ദാദാ എന്ത് പറഞ്ഞു…? ” “എന്തായിരുന്നു ദാദയുടെ ആദ്യ പ്രതികരണം…?”

അപ്രതീക്ഷിതമായി വലിയൊരു ജനസമുദ്രത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ നമ്മുടെ സ്വന്തം പ്രശാന്തിന് എന്ത് പറയണമെന്നറിയാതെ സ്തബ്ധനായി നിൽക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ…! കാരണം,കുറച്ചു സമയം മുൻപ് മനഃപൂർവമല്ലാതെ താൻ ചെയ്തൊരു കാര്യം… ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസങ്ങളിൽ ഒന്നായ സാക്ഷാൽ സൗരവ് ഗാംഗുലിയുടെ ആരാധകരിൽ, അതും സ്വന്തം നാട്ടിലെ ആരാധകരിൽ എന്ത് പ്രതിഫലനമാകാം ഉണ്ടാക്കിയിരിക്കുക എന്നൊരു അമ്പരപ്പ് ആ മുഖത്ത് പ്രകടമായിരുന്നു. ഒടുവിൽ കൂടെയുണ്ടായിരുന്ന ടീം മാനേജർ ഒരുവിധത്തിൽ പത്രക്കാരുടെ ചോദ്യശരങ്ങളിൽ നിന്ന് പ്രശാന്തിനെ പുറത്തെത്തിച്ചു എന്നു പറയാം.

New Delhi: Kochi Tuskers Kerala’s Parameswaran celebrates the wicket Delhi Daredevils’ Virender Sehwag with teammates during their IPL-4 match in New Delhi on Monday. PTI Photo by Manvender Vashist (PTI5_2_2011_000196B)

തെല്ലു പരിഭ്രമത്തോടെ തന്നെയായിരുന്നു കുറച്ചു മുൻപ് പ്രശാന്ത് പരമേശ്വരൻ എന്ന ആ ഇടം കൈയൻ പേസർ ഈഡൻ ഗാർഡൻസിൽ ബൗൾ ചെയ്യാൻ റൺ അപ് എടുത്തത്.കാരണം ബാറ്റിംഗ് ക്രീസിൽ സാക്ഷാൽ സൗരവ് ഗാംഗുലിയാണ്. ഭയം കലർന്ന ഒരുതരം ആരാധനയാണ് പ്രശാന്തിന് ദാദയോട്. ജീവിതത്തിൽ ആദ്യമായി കിട്ടുന്നൊരു അവസരമാണ് അദ്ദേഹത്തിനെതിരെ പന്തെറിയുക എന്നത്. ആദ്യ രണ്ട് പന്തുകളിൽ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. എന്നാൽ ലെങ്തിൽ നിന്ന് അല്പം കൂടുതൽ ബൗൺസ് ചെയ്തുയർന്ന മൂന്നാം പന്ത് ഇതിഹാസ താരത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് ഹെൽമെറ്റിന്റെ ഗ്രില്ലിൽ ശക്തമായി വന്നിടിച്ചപ്പോൾ ദാദയും സഹതാരങ്ങളും കാണികളുമെല്ലാം ഒരുപോലെ ഞെട്ടി…! എന്ത് ചെയ്യണമെന്നറിയാതെ നിന്ന പ്രശാന്തിന് മുന്നിൽ വച്ചു ഹെൽമെറ്റ്‌ ഊരിനോക്കിയ സൗരവ് കണ്ടത് അകത്തേക്ക് വളഞ്ഞിരിക്കുന്ന ഗ്രില്ലുകളാണ്. ഉടൻ തന്നെ പുതിയ ഹെൽമെറ്റ്‌ വരുത്തിച്ച് അദ്ദേഹം ബാറ്റിംഗ് തുടർന്നു. പ്രശാന്ത് പരമേശ്വരൻ എന്ന പ്രതിഭാശാലിയായ ക്രിക്കറ്ററുടെ ഐ. പി. എൽ. കരിയർ അവിടെ തുടങ്ങുന്നു.

By admin

Leave a Reply