By Suresh Varieth

തമിഴ്നാട് ഇന്ത്യക്ക് സംഭാവന ചെയ്ത മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ക്രിക്കറ്റ് വിദഗ്ധരും പണ്ഡിതരും നിരൂപണം ചെയ്യുന്നതു പോലെ സ്വന്തം ടാലന്റ് തീരെ ചെറിയ പ്രായത്തിൽ കൈമോശം വന്ന ഒരു നല്ല ലെഗ് സ്പിന്നറായിരുന്നു ശിവ. അതോടൊപ്പം തന്നെ ഇന്ത്യൻ ടീമിലെ സമകാലിക സ്പിന്നർമാരായ രവി ശാസ്ത്രി ( ബാറ്റിങ്ങ് ഓൾറൗണ്ടർ ) , മനീന്ദർ സിംഗ്, അർഷദ് അയൂബ്, ശിവലാൽ യാദവ് എന്നിവരുടെ ബാഹുല്യത്തിനിടയിൽ ശിവ മുങ്ങിപ്പോയി എന്നു വേണം കരുതാൻ.

ആരെയും വിസ്മയിപ്പിക്കുന്ന അല്ലെങ്കിൽ മോഹിപ്പിക്കുന്ന ഒരു തുടക്കമായിരുന്നു അദ്ദേഹത്തിന്റേത്. പതിനഞ്ച് വയസ്സിൽ രഞ്ജിയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ആദ്യ ഇന്നിംഗ്സിൽ ഡൽഹിക്കെതിരെ 28 റൺസിന് 7 വിക്കറ്റ് വീഴ്ത്തി വരവറിയിച്ചു. ബേദി, പ്രസന്ന, ചന്ദ്രശേഖർ ത്രയങ്ങളുടെ റിട്ടയർമെന്റിനു ശേഷം ഒരു നല്ല സ്പിന്നറെ തെരഞ്ഞ സെലക്ടർമാരുടെ കണ്ണ് ശിവയിലുടക്കി. അങ്ങനെ അദ്ദേഹം 1983ൽ വെസ്റ്റിൻഡീസിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചു. 17 ആം വയസിൽ.

ശിവയുടെ ഏറ്റവും മികച്ച പ്രകടനം 1985 ൽ ഇന്ത്യയിൽ പര്യടനം നടത്തിയ ഇംഗ്ലീഷ് ടീമിനെതിരെ ആയിരുന്നു. മൂന്ന് ടെസ്റ്റ് സീരീസിൽ തുടർച്ചയായ മൂന്ന് 6 വിക്കറ്റ് നേട്ടങ്ങളിലൂടെ മൊത്തം 23 വിക്കറ്റും മാൻ ഓഫ് ദ സീരീസ് അവാർഡും നേടി. തുടർന്ന് ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഗാവസ്ക്കർ നയിച്ച ഇന്ത്യ ജേതാക്കളായപ്പോൾ ശാസ്ത്രിയോടും അസറുദീനോടുമൊപ്പം നിർണായക സംഭാവന ഇദ്ദേഹത്തിന്റെതായിരുന്നു.

പിന്നീടങ്ങോട്ട് ശിവയുടെ അസ്തമന കാലമായിരുന്നു. തുടർന്നു വന്ന ശ്രീലങ്ക ആസ്ത്രേലിയ പര്യടനങ്ങളിൽ ശിവക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിനുള്ള സമയമോ അവസരമോ ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. അവസാനമായി അദ്ദേഹം ടെസ്റ്റ് കളിച്ചത് 1986 ൽ ആസ്ത്രേലിയക്കെതിരെ അവരുടെ നാട്ടിൽ. 1987 ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയെങ്കിലും സിംബാബ്‌വേക്കെതിരെ വാംഖഡേ സ്റ്റേഡിയത്തിലെ മത്സരത്തോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു. തുടർന്ന് ഡൊമസ്റ്റിക് ലെവലിൽ തമിഴ്നാടിനും ബറോഡക്കും കളിച്ച് ബാറ്റിങ് മെച്ചപ്പെടുത്തി തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ഇൻറർനാഷണൽ ക്രിക്കറ്റിൽ ഒന്നുമാകാൻ കഴിയാതെ അദ്ദേഹം വിരമിച്ചു. ഇപ്പോൾ പ്രശസ്ത കമന്റേറ്ററാണ് ശിവ.

9 ടെസ്റ്റിൽ നിന്ന് 44 ആവറേജിൽ 26 വിക്കറ്റും 16 ഏകദിനങ്ങളിൽ നിന്ന് 36 ആവറേജിൽ 15 വിക്കറ്റുകളുമാണ് ഇന്ത്യക്കു വേണ്ടി അദ്ദേഹത്തിന്റെ പ്രകടനം .

എന്തായിരിക്കും 17 വയസ്സിൽ തുടങ്ങിയ അന്താരാഷ്ട്ര കരിയർ വെറും അഞ്ചു വർഷം മാത്രം നീണ്ടത്? ഒരു ഗംഭീര തുടക്കം കിട്ടിയെങ്കിലും അത് മുന്നോട്ട് കൊണ്ടു പോകാനുള്ള പക്വത അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കില്ല. ഇന്ത്യൻ ടീമിലെ സമകാലികരായ ശാസ്ത്രിക്ക് ഗാവസ്കർ അല്ലെങ്കിൽ ബോംബെ ലോബി എന്ന പോലെ, അർഷദ് അയൂബിനും ശിവലാൽ യാദവിനും ലഭിച്ച മേഖലാ സെലക്ഷൻ (ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ദുഷിച്ച രീതി) ആനുകൂല്യം പോലെ ശിവ എന്ന പയ്യന് വേണ്ടി വാദിക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല. ഇവർക്ക് ശേഷം വന്ന നരേന്ദ്ര ഹിർവാനിയുടെയും അനിൽ കുംബ്ലെയുടെയും പ്രകടനങ്ങളും ഈ ലെഗ് സ്പിന്നറുടെ തിരിച്ചുവരവിനുള്ള വഴി തടഞ്ഞു.

By admin

Leave a Reply