By Suresh Varieth

കേരളം ആദ്യമായി സുബ്ബയ്യാ പിള്ള ട്രോഫിയിൽ സെമിയിൽ കടന്ന സീസണിൽ പഞ്ചാബ് ആയിരുന്നു ക്വാർട്ടറിൽ എതിരാളികൾ. ഒരു ചെറിയ ഇടവേളക്ക് ശേഷം ദേശീയ ടീമിൽ ഇടം നേടാനായി ശ്രമിക്കുന്ന യുവരാജ് സിംഗിന്റെ ‘കം ബാക് ‘ മത്സരമായിരുന്നു അത്. സൂപ്പർ താരത്തിനെതിരെ പന്തെറിയാനുള്ള ആവേശത്തിൽ നിൽക്കുന്ന ബൗളർമാർക്ക് മുന്നിൽ കേരള ടീം മാനേജർ ഒരു ഓഫർ വച്ചു. മത്സരത്തിൽ യുവരാജിനെ പുറത്താക്കുന്നയാൾക്ക് അയ്യായിരം രൂപ പാരിതോഷികം…അതായിരുന്നു ആ ഓഫർ…!!

ആദ്യം ബാറ്റ് ചെയ്ത കേരളം ജഗദീഷിന്റെയും സച്ചിൻ ബേബിയുടെയും സെഞ്ചുറി മികവിൽ വലിയൊരു സ്കോർ കുറിച്ചപ്പോൾ മത്സരം ആവേശഭരിതമായി. മറുപടി ബാറ്റിംഗിനിറങ്ങിയ താര നിബിഡമായ പഞ്ചാബ് തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു തകർച്ചയെ നേരിട്ടപ്പോൾ ആണ് നാലാം നമ്പറിൽ യുവരാജ് ക്രീസിലെത്തിയത്. പ്രശാന്ത് പരമേശ്വരനാണ് ബൗളർ. പന്തെറിയാൻ തയ്യാറായി നിൽക്കുന്ന പ്രശാന്തിനടുത്തേക്ക് മിഡ്‌ ഓണിലും മിഡ്‌ ഓഫിലും ഫീൽഡ് ചെയ്തിരുന്ന റൈഫി വിൻസെന്റ് ഗോമസും രോഹൻ പ്രേമും എത്തി. രണ്ടു പേർക്കും അറിയേണ്ടത് എന്താണ് തന്റെ പ്ലാൻ എന്നാണ്.

ഔട്ട്‌ സൈഡ് ഓഫ് സ്റ്റമ്പ് ആയി ഒരു നോർമൽ ഡെലിവറിയാണ് ആദ്യം എറിയാൻ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഒരു ബൗൺസർ പരീക്ഷിക്കുന്നതിനെ കുറിച്ചായി അടുത്ത ചർച്ച. ഒടുവിൽ തീരുമാനിച്ചുറച്ച പോലെ മനോഹരമായ ഒരു ബൗൺസറോട് കൂടിത്തന്നെ യുവരാജിനെ പ്രശാന്ത് വരവേറ്റു. യുവിയുടെ കണക്കു കൂട്ടലുകൾക്കപ്പുറം കൃത്യതയോടെ വന്ന പന്ത്, അദ്ദേഹത്തിന്റെ ഗ്ലൗവിൽ ഉരസി സ്ലിപ് ഫീൽഡറുടെ കൈകളിൽ വിശ്രമിച്ചപ്പോഴേക്കും കേരളത്തിന്റെ പതിനൊന്നു പേരും ആഘോഷം തുടങ്ങിയിരുന്നു. എതിർ നിരയിലെ ഏറ്റവും മൂല്യമുള്ള ആ വിക്കറ്റ് നേടിയത് പ്രശാന്ത് ആയിരുന്നു എങ്കിലും തന്റെ ടീമിലെ ഓരോ അംഗങ്ങളും മതിമറന്നു സ്വയം ആഘോഷിക്കുന്ന അസുലഭമായ ആ കാഴ്ച അദ്ദേഹത്തിന് ഒരു പുത്തൻ അനുഭവമായിരുന്നു. മത്സരം ജയിച്ച കേരളം ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി സെമിയിലേക്ക് മുന്നേറി.

By admin

Leave a Reply