By Suresh Varieth

2014 നവംബർ 25…..

ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ ഓസ്ട്രേലിയയും ന്യൂ സൗത്ത് വെയ്ൽസും ഇറങ്ങുകയാണ്. ടേബിളിൽ ഏറ്റവും താഴെയുള്ള സതേണിന് ഒരൽപ്പം ജീവശ്വാസം കിട്ടാൻ ഈ കളി ജയിച്ചേ പറ്റൂ.. ദക്ഷിണാഫ്രിക്കൻ താരം ജൊഹാൻ ബോത നയിക്കുന്ന ടീമിൽ ബാറ്റിങ്ങ് പ്രതീക്ഷകളെല്ലാം മുൻ ഇൻറർനാഷണലുകളായ ഫിലിപ്പ് ഹ്യുസിനെയും കാല്ലം ഫെർഗൂസനെയും ചുറ്റിപ്പറ്റിയായിരുന്നു..

           ഓപ്പണിങ്ങിനായി ഇറങ്ങിയ ഫിൽ ഹ്യൂസും മാർക്ക് കോസ്ഗ്രോവും, മിച്ചൽ സ്റ്റാർക്കിനെയും ഡഗ്ളസ് ബോളിംഗറെയും നഥാൻ ലിയോണിനെയും പോലുള്ളവർ നിറഞ്ഞ NSW ബൗളിങ്ങ് നിരയെ കരുതലോടെയാണ് നേരിട്ടത്. കോസ്ഗ്രോവും ഫെർഗൂസനും പവലിയനിലെത്തിയെങ്കിലും ഹ്യൂസ് തികഞ്ഞ നിശ്ചയദാർഢ്യത്തിലായിരുന്നു. ഒരാഴ്ച കഴിഞ്ഞ് തുടങ്ങുന്ന ഓസീസ് X  ഇന്ത്യ സീരീസിൽ അയാളൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്.  സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഇതടക്കം രണ്ട് ഫിഫ്റ്റി അയാൾ നേടിക്കഴിഞ്ഞു. ഒരു ഇടംകയ്യൻ ബാറ്ററുടെ ഒഴിവുള്ള പൊസിഷനിലേക്കാവട്ടെ, ഷോൺ മാർഷ് ശക്തമായ ഭീഷണിയുയർത്തുന്നുണ്ട്.

          49ആമത്തെ ഓവർ... ചായയ്ക്കു ശേഷം, തൻ്റെ പത്താം ഓവർ എറിയുന്ന സീൻ ആബട്ടിൻ്റെ രണ്ടാം പന്തിൽ ഫിൽ രണ്ടു റൺ ഓടിയെടുത്തു. ...... ഹ്യൂസിൻ്റെ ബലഹീനതയിൽ തന്നെയായിരുന്നു ആബട്ട് സ്വാഭാവികമായും അടുത്ത തവണ ലക്ഷ്യമിട്ടത്. ഒട്ടനവധി തവണ കോച്ചുമാരും മുൻ കളിക്കാരും ചൂണ്ടിക്കാട്ടിയ സാങ്കേതിക തകരാർ. ഷോർട്ട് ബോളുകൾ കളിക്കുന്നതിലെ പോരായ്മ, അത് പക്ഷേ ഒരു ജീവൻ കവരുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.

ഓവറിലെ മൂന്നാം പന്ത്...... ആബട്ടിൻ്റെ ഷോർട്ട് പിച്ച് ഡെലിവറി ഹൂക്ക് ഷോട്ടിനു ശ്രമിച്ച ഹ്യൂസിനു പിഴച്ചു. ഇടംകയ്യനായ ഹ്യൂസിൻ്റെ ബാറ്റിനു പിടി കൊടുക്കാതെ കുതിച്ചുയർന്ന പന്ത് അയാളുടെ ഇടത്തേ ചെവിക്കു താഴെ കഴുത്തിൽ തന്നെ പതിച്ചു. ഒരു നിമിഷം, ബോധരഹിതനായി നിലത്തു വീണ ഹ്യൂസിനെക്കണ്ട് എതിർ ക്യാപ്റ്റൻ ബ്രാഡ് ഹാഡിൻ അടക്കമുള്ളവർ പകച്ചു നിന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ ലഭ്യമായതിൽ ഏറ്റവും മികച്ച ചികിത്സ തന്നെ ഹ്യൂസിനു നൽകിയെങ്കിലും വെർട്ടിബ്രൽ ആർട്ടറി ഡിസെക്ഷൻ (VAD)** മൂന്നാം ദിവസം, തൻ്റെ 26ആം ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ഹ്യൂസിനെ ജീവിതത്തിൻ്റെ ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് തിരിച്ചു വിളിച്ചു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ കൂറ്റൻ സ്‌റ്റേഡിയത്തിലെ സ്കോർ ബോർഡിൽ അപ്പോഴും ഹ്യൂസിൻ്റെ പേരിനു നേരെ തെളിഞ്ഞു നിന്നിരുന്നു - 63 ( 161) നോട്ടൗട്ട്.

        2009 ൽ ഓസ്ട്രേലിയയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം.... മാത്യു ഹെയ്ഡനു പകരക്കാരനെ അന്വേഷിച്ച ഓസ്ട്രേലിയൻ സെലക്ടർമാർക്ക്, മുൻ സീസണിൽ 7️⃣ മത്സരങ്ങളിൽ നിന്ന് 4️⃣ സെഞ്ചുറിയടക്കം 74.25 ശരാശരിയിൽ 8️⃣9️⃣1️⃣ റൺസ് നേടിയ ഹ്യൂസിനെ അവഗണിക്കാനായില്ല. സൈമൺ കാറ്റിച്ചിനൊപ്പം ഡെയ്ൽ സ്റ്റെയിനെയും മോണി മോർക്കലിനെയും മഖായ എൻടിനിയെയും നേരിടാൻ ഹ്യൂസും സൗത്താഫ്രിക്കയിലേക്ക് പറന്നു. ആദ്യ ഇന്നിംഗ്സിൽ നാലു പന്തു മാത്രം നീണ്ട തൻ്റെ ഇന്നിംഗ്സ് പൂജ്യം റൺസിന് സ്റ്റെയിൻ അവസാനിപ്പിച്ചെങ്കിലും രണ്ടാമിന്നിംഗ്സിൽ 75 റൺസെടുത്ത് ആ 21 കാരൻ തൻ്റെ വരവറിയിച്ചു. അടുത്ത ടെസ്റ്റിലാവട്ടെ, ആദ്യ ഇന്നിംഗ്സിൽ 115 ഉം രണ്ടാം ഇന്നിംഗ്സിൽ 160 ഉം റൺസ് നേടി, ഓപ്പണിംഗ് പൊസിഷനിൽ ഇനി വേറൊരു അവകാശവാദം വേണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് അയാൾ വിളിച്ചു പറഞ്ഞു. ഏറെ വൈകി 2013 ൽ മഞ്ഞക്കുപ്പായത്തിൽ ഏകദിനത്തിൽ അരങ്ങേറിയ അയാൾ, അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടിയ ആദ്യ ഓസ്ട്രേലിയക്കാരനുമായി.

           കാലങ്ങൾ കഴിയുമ്പോഴും ഷോർട്ട് ബോളുകൾ കളിക്കാനുള്ള ബുദ്ധിമുട്ട് ഹ്യൂസിന് മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. 2013 ൽ ആഷസ് സീരീസിലെ ആദ്യ ടെസ്റ്റിൽ 81 റൺസ് നേടി ആസ്ടൻ ആഗറിനൊപ്പം (98) ടീമിനെ കരകയറ്റുമ്പോഴേക്കും ക്രിസ് റോജേഴ്സ് കയ്യടക്കിയ ഓപ്പണിങ്ങ് പൊസിഷനിൽ നിന്നും മൈക്കൽ ക്ലാർക്കും സ്റ്റീവ് സ്മിത്തും ഉൾപ്പെട്ട ബാറ്റിങ്ങ് ഓർഡറിലെ താര ബാഹുല്യം കാരണം ആറാമതായി ഇറങ്ങേണ്ട അവസ്ഥയായിരുന്നു.

            തൻ്റെ ദൗർബല്യങ്ങൾ പരിഹരിച്ച് ഓസീസ് ടീമിൽ മടങ്ങി വന്നിരുന്നെങ്കിൽ ഒരു പക്ഷേ മാത്യു ഹെയ്ഡനും ജസ്റ്റിൻ ലാംഗറിനും ശേഷം ഡേവിഡ് വാർണറോടൊപ്പം ഓസീസ് ബാറ്റിങ്ങിനെ മുന്നോട്ടു നയിക്കാൻ അയാൾ ഒന്നാമനായി ക്രീസിലിറങ്ങിയേനെ..... ചില മനോഹരമായ സ്വപ്നങ്ങൾ അങ്ങനെയാണ് .. അവ ഒരിക്കലും മുഴുവനായി ആസ്വദിക്കാൻ കഴിയില്ല.

**Vertibral Artery Dissection (VAD)- നമ്മുടെ തലച്ചോറിലേക്ക് ശുദ്ധരക്തത്തെ കൊണ്ടു പോകുന്ന, നട്ടെല്ലിന് സമാന്തരമായി കഴുത്തിലൂടെ പോകുന്ന ധമനിയാണ് വെർട്ടിബ്രൽ ആർട്ടറി. ഇതിൻ്റെ ഉൾവശത്ത് സംഭവിക്കുന്ന ക്ഷതം, രക്തം കട്ടപിടിക്കുന്നതിനും തൻമൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം നിൽക്കുന്നതിനും മരണത്തിനും കാരണമാവാം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഡോക്ടറുടെ വാക്കുകൾ പ്രകാരം ഏതാണ്ട് 100 പേർക്ക് മാത്രമേ ഓസ്ട്രേലിയയിൽ ഇത്തരം മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഓസീസ് സ്പോർട്സ് രംഗത്ത് ഈ തരത്തിൽ ദുരന്തം നേരിട്ട ആദ്യയാൾ ഹ്യൂസ് ആണ്. കഴുത്തിന് സംരക്ഷണമില്ലെന്ന വ്യാപകമായ പരാതി കാരണം ഹ്യൂസ് ധരിച്ചിരുന്ന ഹെൽമറ്റിൻ്റെ കമ്പനിയായ മസൂറി അടക്കം എല്ലാവരും കഴുത്തു കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള ഹെൽമറ്റ് തുടർന്ന് രംഗത്തിറക്കി.

By admin

Leave a Reply