By Suresh Varieth

1983 ഏപ്രിൽ 30, ആൻ്റിഗ്വ ടെസ്റ്റിൻ്റെ മൂന്നാം ദിനം…. ആറു വർഷമായി ആ പേരിനു നേരെ ടെസ്റ്റിൽ മൂന്നക്കം രേഖപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാനെതിരെ 1977 ൽ ഒരു ടെസ്റ്റ് സെഞ്ചുറി നേടിയതിനു ശേഷം അയാൾക്ക് അതിനുള്ള ഭാഗ്യമുണ്ടായിട്ടില്ല. സഹ ഓപ്പണറും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടിൽ തൻ്റെ പങ്കാളിയുമായ ഡെസ്മണ്ട് ഹെയ്ൻസിനും കഴിഞ്ഞ മൂന്നു വർഷമായി ഒരു ടെസ്റ്റ് സെഞ്ചുറി അന്യമാണ്…… അഞ്ചു ടെസ്റ്റ് സീരീസ് വിൻഡീസ് 2-0 നു നേടിയതിനാൽ തന്നെ ഈ അഞ്ചാം ടെസ്റ്റ് ഇരുവർക്കും ഒരു പക്ഷേ അവസാന അവസരമായേക്കാം.

ആരെല്ലാം മറന്നാലും ഈ ടെസ്റ്റും മെയ് 2 എന്ന തിയ്യതിയും ഗോർഡൻ ഗ്രീനിജിന് മറക്കാൻ കഴിയില്ല. ബാറ്റ്സ്മാൻമാരുടെ പറുദീസയായി മാറിയ ആൻറിഗ്വ പിച്ചിൽ ടോസ് നേടിയ ക്ലൈവ് ലോയ്‌ഡ് കപിലിൻ്റെ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പതിവുപോലെ മാൽക്കം മാർഷലിൻ്റെയും ആൻറി റോബർട്സിൻ്റെയും മുന്നിൽ പതറിയെങ്കിലും മൊഹീന്ദർ അമർനാഥ് (54) വെങ് സർക്കാർ (94), രവി ശാസ്ത്രി (102) കപിൽ (98) മദൻലാൽ (35) എന്നിവർ ഇന്ത്യയെ 457 എന്ന നിലയിലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്രീനിജും ഹെയ്ൻസും തങ്ങളുടെ പെരുമക്കൊത്ത മറുപടി നൽകാനുള്ള തിരക്കിലായിരുന്നു. കപിലും മദൻലാലും വെങ്കട് രാഘവനും രവി ശാസ്ത്രിയും പുതുമുഖം ശിവരാമകൃഷ്ണനുമടങ്ങിയ ഇന്ത്യൻ നിരയെ കണക്കിന് പ്രഹരിച്ച് ഇവർ ആദ്യ വിക്കറ്റിന് നേടിയത് 296 റൺസാണ്.

136 റൺസെടുത്ത് ഡെസ്മണ്ട് ഹെയ്ൻസ് മടങ്ങുമ്പോഴും മികച്ച ഫോമിൽ നിന്ന ഗ്രീനിജിനു തൻ്റെ സ്കോർ 154 ൽ നിൽക്കുമ്പോൾ കേൾക്കേണ്ടി വന്നത് അത്യന്തം ദു:ഖകരമായ വാർത്തയായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് തൻ്റെ രണ്ടു വയസ്സുകാരിയായ മകൾ ബാർബഡോസിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലടിക്കുന്ന വാർത്തയാണ് അദ്ദേഹത്തെ എതിരേറ്റത്. ഉടൻ ബാറ്റിങ്ങിൽ റിട്ടയർ ചെയ്ത് അദ്ദേഹം മകളുടെ അടുത്തേക്ക് പറന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, രണ്ടു ദിവസങ്ങൾക്ക് ശേഷം ആ പിഞ്ചു കുഞ്ഞ് ഈ ലോകത്തു നിന്നും യാത്രയായി.

ആൻ്റിഗ്വയിലെ ടെസ്റ്റ് മെയ് ഒന്നിലെ വിശ്രമ ദിവസത്തിനു ശേഷം പുനരാരംഭിച്ചു. മധ്യനിരയുടെ തകർച്ചക്കിടയിലും ലോയ്ഡിൻ്റെയും ഡുജോണിൻ്റെയും സെഞ്ചുറിയോടെ വെസ്റ്റിൻഡീസ് 550 റൺസടിച്ചു. മറുപടിയായി ഇന്ത്യ രണ്ടാമിന്നിംഗ്സിൽ അൻഷുമാൻ ഗെയ്ക്വാദ് 72 ഉം അമർനാഥ് 116 ഉം റൺസ് നേടി 247/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. കളി സമനിലയിൽ പിരിഞ്ഞു.

ആ പിഞ്ചു കുഞ്ഞിനോടുള്ള ആദരസൂചകമായി സ്കോർ കാർഡിൽ പിതാവിൻ്റെ പേരിനു നേരെ ചരിത്രത്തിലാദ്യമായി “റിട്ടയേർഡ് നോട്ടൗട്ട് ” എന്ന് രേഖപ്പെടുത്തി. മാൻ ഓഫ് ദ് മാച്ചും ഗോർഡൻ ഗ്രീനിജ് തന്നെയായിരുന്നു. ഇന്നോളമുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ പിന്നീടൊരിക്കലും ഇത്തരമൊരു കാര്യം സ്കോർഷീറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.
ബാറ്റ്സ്മാൻ പരിക്കായി കളി നിർത്തിയാൽ ”റിട്ടയേർഡ് ഹർട്ട്” എന്നും, അതല്ല മറ്റു സാഹചര്യങ്ങളിൽ ഔട്ടാവാതെ ക്രീസ് വിട്ട്, വിക്കറ്റ് വീണതിന് ശേഷവും ബാറ്റിങ്ങിനിറങ്ങിയില്ല/ പരിക്കില്ലാതെ സ്വമേധയാ ക്രീസ് വിട്ടു എങ്കിൽ ”റിട്ടയേർഡ് ഔട്ട് ” എന്നുമാണ് കണക്കാക്കുക..

By admin

Leave a Reply