By Suresh Varieth

Happy Birthday Lance Klusener….

November 27, 1996 ൽ കൊൽക്കത്തയിൽ ഇന്ത്യക്കെതിരെ സൗത്താഫ്രിക്കയുടെ രണ്ടാം ടെസ്റ്റിൽ തന്റെ ആദ്യ മത്സരത്തിനിറങ്ങുന്ന, അവരുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ലാൻസ് ക്ലൂസ്നർ എന്ന സുന്ദരനായ 25 കാരനെ ഓർമയില്ലേ?. സമകാലീകനും മികച്ച ഓപ്പണറുമായിരുന്ന ഹെർഷൽ ഗിബ്സും ഈ മത്സരത്തിലാണ് അരങ്ങേറിയത്.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക, ഓപ്പണർമാർ ആൻഡ്രൂ ഹഡ്സനും ഗാരി കേസ്റ്റനും നേടിയ സെഞ്ചുറികളുടെ ബലത്തിൽ 428 എന്ന മികച്ച സ്കോറിലെത്തി. ഇന്ത്യക്കായി വെങ്കിടേഷ് പ്രസാദ് 6 വിക്കറ്റ് നേടി. മറുപടിയായി ഒന്നാമിന്നിംഗ്സിൽ ഇന്ത്യ അസറുദ്ദീന്റെ സെഞ്ചുറിയുടെയും കുംബ്ലെയുടെ 88 റൺസിന്റെയും പിൻബലത്തിൽ 329 റണ്ണിലെത്തി. രണ്ടാം ഇന്നിങ്സിൽ വീണ്ടും സെഞ്ചുറി നേടിയ മാൻ ഓഫ് ദ മാച്ച് ഗാരി കേഴ്സ്റ്റൺ ഉം മറ്റൊരു സെഞ്ചൂറിയൻ ഡാരിൽ കള്ളിനാനും അവരെ 3ന് 367 എന്ന നിലയിൽ ഡിക്ലയർ ചെയ്യാൻ സഹായിച്ചു. മറുപടിയായി ചേസ് ചെയ്ത ഇന്ത്യയെ ന്യൂ ബോൾ ബൗളറായ ക്ലൂസ്നർ 8 വിക്കറ്റുകൾ വീഴ്ത്തി 137 എന്ന സ്കോറിലൊതുക്കുകയും ദക്ഷിണാഫ്രിക്ക 329 റണ്ണിന് ടെസ്റ്റ് വിജയിക്കുകയും ചെയ്തു.

ഒരു ബൗളറായി തുടങ്ങിയ ക്ലൂസ്നർ, പരിക്കുകൾ വന്നു തുടങ്ങിയപ്പോൾ തുടർന്നു പോവുക എളുപ്പമല്ലെന്നു മനസ്സിലാക്കി തന്റെ ബാറ്റിങ്ങ് പാടവം മെച്ചപ്പെടുത്തി ഒരു ഹാർഡ് ഹിറ്റർ നിലവാരത്തിലേക്ക് എത്തുകയും പിന്നീട് ഒരു ബാറ്റിങ്ങ് ഓൾറൗണ്ടറായി തുടർന്ന് ഏകദിന ഓപ്പണർ ലെവലിലൊക്കെ ഇറങ്ങുകയും ചെയ്തു. (ജോണ്ടി റോഡ്സും സമാന സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ട്)

ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ക്ളൂസ്നറെക്കുറിച്ച് ഒരു പക്ഷേ ഏറ്റവും പെട്ടെന്ന് ഓർമ്മ വരുന്ന ചിത്രം നോൺ സ്ട്രൈക്കർ എൻഡിലൂടെ തിരിഞ്ഞു നോക്കാതെ കണ്ണീർ വാർത്ത് പവലിയനിലേക്കോടുന്ന മുഖമായിരിക്കും. 1999ലെ ലോകകപ്പ് സെമിയിൽ മൽസരം ടൈ ആയപ്പോൾ ലീഗ് റൗണ്ടിലെ വിജയത്തിന്റെ ബലത്തിൽ ഓസ്ട്രേലിയ ഫൈനലിലേക്ക് കയറുകയും ദക്ഷിണാഫ്രിക്കക്കായി ടൂർണമെന്റിലുടനീളം ബാറ്റുകൊണ്ടും ബോൾകൊണ്ടും മുന്നിൽ നിന്ന് നയിച്ച സുളു വിന്റെ പ്രയത്നങ്ങൾ വൃഥാവിലാവുകയുമായിരുന്നു. മാൻ ഓഫ് ദ ടൂർണമെന്റിനുള്ള പുരസ്കാരം ഫൈനലിനു ശേഷം ഏറ്റുവാങ്ങുന്ന ആ മുഖത്തെ ദയനീയ ഭാവം ഏറെക്കാലം ക്രിക്കറ്റ് ആരാധകരെ വേട്ടയാടി.

UNITED KINGDOM – OCTOBER 20: CRICKET : LANCE KLUSENER / SOUTH AFRICA (Photo by David Munden/Popperfoto/Getty Images)

തുടർന്ന് പരിക്കും ഫോമില്ലായ്മയും വലച്ച സുളു ടീമിൽ അകത്തും പുറത്തുമായി നിലകൊണ്ടു. എങ്കിലും 2003 ലെ ലോകകപ്പിൽ അത്യാവശ്യം മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിനായി. വീണ്ടും ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തുടർച്ചയായ പരിക്കുകളും ഫോമില്ലായ്മയും 2004 ലെ ശ്രീലങ്കൻ പര്യടനത്തിനിടെ വിരമിക്കാൻ നിർബന്ധിതനാക്കി.

49 ടെസ്റ്റിൽ നിന്നും 4 സെഞ്ചുറി അടക്കം 1906 റൺസും 80 വിക്കറ്റും നേടി. ഏകദിനത്തിൽ 171 മാച്ചിൽ നിന്നും 2 സെഞ്ചുറി അടക്കം 3576 റൺസും 192 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. തന്റെ 34 ആം വയസ്സിലാണ് അദ്ദേഹം വിരമിച്ചത്.

റിട്ടയർമെന്റിനു ശേഷം നോർതാംപ്റ്റൻ ഷയറിനു വേണ്ടി കൗണ്ടിയിൽ കളിച്ച അദ്ദേഹം 2007-09 കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി. തുടർന്ന് ദക്ഷിണാഫ്രിക്കൻ ലീഗിൽ ഡോൾഫിൻസിന്റെ കോച്ചായി സേവനമനുഷ്ഠിച്ചു. 2000 ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഫിറ്റ്നസും പ്രായവും അനുഗ്രഹിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഒരു ഇൻസ്റ്റന്റ് ഹിറ്റ് എന്നതിലുപരി ജാക്ക് കാലിസിനെപ്പോലെ ഒരു ലെജെന്റ് എന്ന നിലയിൽ അദ്ദേഹം ഉയരുമായിരുന്നു .. മിസ്സ് യു സുളു ..

By admin

Leave a Reply