By Suresh Varieth

2010 ഡിസംബർ 16ന് സെഞ്ചൂറിയനിൽ ജയ്ദേവ് ഉനാദ്കട്ട് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ കൂടെ കളിച്ചിരുന്ന ഒമ്പതു പേരും ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലില്ല. ഇഷാന്ത് ശർമയാകട്ടെ തൻ്റെ കരിയർ ഏതാണ്ട് അവസാനിച്ച മട്ടിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ പിന്നാമ്പുറങ്ങളിലെവിടെയോ ആണ്. അന്നത്തെ ക്യാപ്റ്റൻ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. അന്നു കൂടെ കളിച്ചിരുന്ന രാഹുൽ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ഇന്ന് ഇന്ത്യൻ കോച്ചുമാരാണ്. അന്ന് അരങ്ങേറ്റം നടത്താത്ത വിരാട് കോലി ഇക്കാലയളവിൽ ഇതിഹാസ താരമായി വളർന്നു.

ആഭ്യന്തര ക്രിക്കറ്റിൽ സ്വന്തം കാൽപ്പാടുകൾ പതിപ്പിക്കും മുമ്പേ കല്ലീസിനും ആംലക്കും ABD ക്കും ഗ്രേം സ്മിത്തിനുമെതിരെ പന്തെറിയാൻ നിയോഗിക്കപ്പെട്ട ജയ്ദേവിൻ്റെ ടെസ്റ്റ് മോഹങ്ങൾ ആ ഒരൊറ്റ മത്സരത്തോടെ അവസാനിച്ചു. മൂന്നു വർഷങ്ങൾക്കകം, 2013 ൽ ഏഴു ഏകദിനങ്ങളിലും , IPL ലെ ചില അപൂർവ പ്രകടനങ്ങളുടെ ബലത്തിൽ 2016 ന് ശേഷം പത്ത് T20 മത്സരങ്ങളിലും അയാൾ തല കാണിച്ചു.

രഞ്ജി ട്രോഫിയിൽ പക്ഷേ അയാളുടെ മികവ് തുടർന്നു കൊണ്ടിരുന്നു. സൗരാഷ്ട്രയെ 2019 ൽ ചാമ്പ്യൻമാരാക്കിയ ക്യാപ്‌റ്റൻ പത്തു കളികളിൽ നിന്ന് നേടിയത് 67 വിക്കറ്റുകളാണ്. ആഭ്യന്തര ക്രിക്കറ്റിൽ 86 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 314 വിക്കറ്റുകൾ എടുക്കേണ്ടി വന്നു അയാൾക്ക് വീണ്ടുമൊരു ടെസ്റ്റിൽ അവസരം കിട്ടാൻ. IPL ൽ തുടർ പരാജയങ്ങൾ ഉണ്ടാകുമ്പോഴും വല്ലപ്പോഴും പാകമാകാത്ത വൈറ്റ് ബോൾ ക്രിക്കറ്റിൻ്റെ നീല ജേഴ്സിയിൽ ജയദേവിനെ പരീക്ഷിച്ച ഇന്ത്യൻ സെലക്ടർമാർ മൾട്ടി ഡേ ഫോർമാറ്റിലെ മികച്ചൊരു ബൗളറെ സൗകര്യപൂർവം മറക്കുകയായിരുന്നു.

ഒരു വ്യാഴവട്ടത്തിനു ശേഷം, ഒരു പക്ഷേ ഭൂരിഭാഗം ക്രിക്കറ്റർമാർക്കും പ്രതീക്ഷകൾ നഷ്ടപ്പെട്ടു തുടങ്ങുന്നത്ര നീണ്ട ഇടവേളക്കു ശേഷം അയാളിലെ ടെസ്റ്റ് വസന്തം വീണ്ടും പൂക്കുകയാണ്. ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്ങ്സിൽ 2/50 എന്ന തരക്കേടില്ലാത്ത പ്രകടനം ജയ് ദേവിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവാണ്. ഒരു പക്ഷേ നിലവിലെ ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിൽ സെലക്ടർമാർ ചെയ്ത ഏറ്റവും മികച്ച തീരുമാനവും ഇയാളെ ടീമിലെടുത്തു എന്നതാവും .

ഉനാദ്കട്ട് രണ്ട് ടെസ്റ്റുകൾ കളിച്ച ഇടവേളയിൽ ഇന്ത്യ 118 ടെസ്റ്റുകൾ പിന്നിട്ടു. രണ്ടു ടെസ്റ്റുകൾക്കിടയിൽ ഏറ്റവുമധികം ഇടവേള വന്ന ഇന്ത്യൻ ടെസ്റ്റ് താരമായ ജയദേവിനു പിന്നിൽ ഉള്ള ഇന്ത്യക്കാരൻ 86 ടെസ്റ്റ് നഷ്ടമായ ദിനേശ് കാർത്തികാണ്. 142 ടെസ്റ്റുകളുടെ ഇടവേള വന്ന ഇംഗ്ലീഷ് സ്പിന്നർ ഗാരത് ബാറ്റിയാണ് ഈ ലിസ്റ്റിൽ മുൻപിൽ. ഇംഗ്ലണ്ടിനായി നാലു ടെസ്റ്റുകൾ കളിച്ച മാർട്ടിൻ ബിക്നെല്ലിന് രണ്ടു ടെസ്റ്റുകൾക്കിടയിൽ 114 മത്സരങ്ങളുടെ ഇടവേള വന്നപ്പോൾ, സാഹചര്യവശാൽ വിൻഡീസ് ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനാവേണ്ടി വന്ന ഫ്ളോയ്ഡ് റീഫർനു 109 ടെസ്റ്റും, പാക്കിസ്ഥാൻ്റെ യൂനിസ് അഹമദിനു 104 ടെസ്റ്റും ഇംഗ്ലണ്ടിൻ്റെ ഡെറക് ഷക്ലെട്ടണു 103 ടെസ്റ്റും നഷ്ടപ്പെട്ടു, രണ്ടു ടെസ്റ്റുകളുടെ ഇടവേളയിൽ.

By admin

Leave a Reply