By Suresh Varieth

ആദരാഞ്ജലികൾ 🌹🌹 – ഒന്നാം ചരമവാർഷികം

1995-96 കാലമാണ്. പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറം പോളി ഗ്രൗണ്ടിലെ നട്ടുച്ച വെയിലിന് അക്കാലത്ത് ജനുവരി- ഫെബ്രുവരി മാസങ്ങളിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം നിലാവിൻ്റെ തണുപ്പായിരിക്കും. ജോളി റോവേഴ്‌സിനു കളിക്കുന്ന ഞങ്ങളുടെ ഉണ്ണിക്കുട്ടനെന്ന കൃഷ്ണനുണ്ണിയും (അവനിന്ന് കൂടെയില്ല), ജയരാജെന്ന ജയനും തലേ ദിവസം തന്നെ അറിയിക്കും "ഡാ, നാളെ SBT കളിക്കുന്നുണ്ട് / CRL കളിക്കുന്നുണ്ട് " ഫോൺ സൗകര്യം ഒന്നുമില്ലാത്തതിനാൽ തലേ ദിവസം വിവരമറിയുമ്പോഴേ പ്ലാനിങ്ങാണ്, എങ്ങനെ ക്ലാസ് കട്ട് ചെയ്യണം എപ്പൊ ഗ്രൗണ്ടിൽ പോണം എന്നൊക്കെ ..... പാർട്ണേഴ്സ് ഇൻ ക്രൈം ആയി അന്നും (ചിലപ്പോൾ ഇന്നും) കൂടെയുള്ളത് ഹരീഷ് ആവും. കൂടെ കളിയറിയാത്ത മനോജ് വർഗീസ് അങ്ങനെ കുറേ പേർ ... ലക്ഷ്യം ഒന്നു മാത്രം - കേരളാ സ്റ്റേറ്റ് ക്രിക്കറ്റ് കളിക്കാരുടെ കളി കാണണം, അടുത്ത് നിന്ന് ഒന്ന് കാണണം. അന്നതൊക്കെ വലിയ കാര്യമായിരുന്നു (ഇന്നും😄).

അങ്ങനെയൊരു ഉച്ചയ്ക്കാണ് SBT ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് കാണാൻ പോയത്. ഓപ്പണറായി വന്നത് അന്ന് കേരളത്തിനായി ഒരു സീസൺ രഞ്ജി ട്രോഫി കളിച്ചിട്ടുള്ള ഇട്ടി ചെറിയാൻ. പുള്ളിയെല്ലാ പന്തിനെയും വെട്ടോട് വെട്ട്. പൊതുവെ ഓപ്പണർമാർ ശ്രദ്ധിച്ച് ബേസ് ക്ലിയറാക്കി കളിക്കുന്ന കാലത്ത്, ആദ്യ പന്ത് തൊട്ട് അടിയോടടി നടത്തുന്ന ഓപ്പണറെ ആദ്യമായി നേരിൽ കാണുകയായിരുന്നു….. (ക്രിസ് ശ്രീകാന്തിനെയും നാരായണൻ കുട്ടിയെയും മറക്കുന്നില്ല, പക്ഷേ അവരുടെ കളി ഗ്രൗണ്ടിൽ നേരിട്ട് കണ്ടിട്ടില്ല)….. സെഞ്ചുറിയടിച്ചയുടൻ (104 ഓ മറ്റോ ആണെന്നാണ് ഓർമ ) കാണികളിൽ ഒരാൾ പിച്ചിലേക്കോടി ഇട്ടിയെ പിടിച്ച് കിസ്സ് ചെയ്തത് ഇന്നും ഓർമയിലുണ്ട്. ഓപ്പണറായി മറുവശത്ത് KN ബാലസുബ്രഹ്മണ്യം ആണെന്നാണോർമ്മ. ഒരു ബാൾ സ്ട്രൈക്ക് ചെയ്ത് ഇട്ടിയുടെ “വേണ്ട വേണ്ട” കേൾക്കാതെ ക്രീസ് വിട്ട് പകുതി ഓടിയ KNB കഷ്ടിച്ച് റണ്ണൗട്ടിൽ നിന്ന് രക്ഷപ്പെടുമ്പോൾ മറുതലയ്ക്കൽ നിന്ന ഇട്ടിയുടെ ആക്രോശം ഗ്രൗണ്ട് മുഴുവൻ കേട്ടു.😄

മുൻ സൗത്ത് സോൺ ജൂനിയർ താരവും കേരളാ ജൂനിയർ ടീം മുൻ സെലക്ടറുമായ അഫ്സൽ കാക്കുവിൻ്റെ ഓർമകളിലൂടെയാണ് ഇട്ടി ചെറിയാൻ്റെ ആദ്യകാലം അറിയുന്നത്. പെരിന്തൽമണ്ണയിൽ നടന്ന ഇൻ്റർ സ്കൂൾസ് ഫൈനലിനാണ് ഇട്ടി ഇവിടെ ആദ്യമായി വരുന്നതത്രേ. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹത്തിൻ്റെ സ്കൂളിൻ്റെ എതിരാളികൾ, സമകാലികനായ കേരളാ താരം ഹനീസ് ബാബു നയിച്ച തലശ്ശേരി സെൻ്റ് ജോസഫ്സ് സ്കൂളിനെതിരെ ആ ഫൈനൽ വിജയിച്ച് ഇൻ്റർ സ്കൂൾസ് ടൂർണമെൻ്റ് ജേതാക്കളായി. ആജാന ബാഹുവായ ഇട്ടി ചെറിയാനാകട്ടെ ഓപ്പണറായും വിക്കറ്റ് കീപ്പറായും ഓപ്പണിങ്ങ് പേസ് ബൗളറായും നിറഞ്ഞു നിന്ന യഥാർത്ഥ ഓൾറൗണ്ടർ ആയിരുന്നു. മുൻപൊരിക്കൽ മുൻ കേരളാ താരവും ഇന്ന് അന്താരാഷ്ട്ര അമ്പയറുമായ അനന്തപദ്മനാഭനോട് Anantha Padmanabhan സംസാരിക്കുമ്പോഴും ജൂനിയർ ലെവലിൽ ഒരുമിച്ച് കളിച്ച ഇട്ടി ചെറിയാൻ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ പറ്റിയുള്ള കാര്യങ്ങൾ നിറഞ്ഞു നിന്നിരുന്നു.

1992-93 സീസണിൽ കേരളാ സീനിയർ ടീമിലെത്തിയ ഇട്ടി ചെറിയാൻ പക്ഷേ സ്പെഷലിസ്റ്റ് ഓപ്പണർ മാത്രമായിരുന്നു. ഫിദ അസ്ഗർ ആയിരുന്നു ആ സീസണിൽ കേരളാ വിക്കറ്റ് കീപ്പർ. ഹൈദരാബാദിനെതിരെ ഒരു 44 റൺസ് അടിച്ച ഇന്നിംഗ്സ് ഒഴികെ മറ്റൊരു മികച്ച സ്കോർ അദ്ദേഹത്തിന് ആ സീസണിൽ നേടാനായില്ല. 93 – 94 ലെ നാല് ഏകദിന മത്സരങ്ങളിലും കേരളത്തിനായി ഓപ്പൺ ചെയ്ത അദ്ദേഹത്തിന് പക്ഷേ പ്രാദേശിക മത്സരങ്ങളിലെ മികവ് ആവർത്തിക്കാനായില്ല. ഉദിച്ചുയർന്ന, കേരളത്തിൻ്റെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറായിരുന്ന കമറുദ്ദീൻ ആയിരുന്നു ആ ടൂർണമെൻ്റിൽ കേരളാ വിക്കറ്റിന് പുറകിൽ.

ജോലിക്കായി കുവൈറ്റിൽ എത്തിയ ഇട്ടി ചെറിയാൻ എന്നും ക്രിക്കറ്റിനോടും കളിക്കാരോടുമുള്ള പാഷൻ നിലനിർത്തിയിരുന്നു. കഴിഞ്ഞ വർഷം “കേരളാ ക്രിക്കറ്റ് ലെജൻഡ്സ് ” പ്രോഗ്രാമിനായി അദ്ദേഹത്തെ പറ്റി അന്വേഷിച്ചപ്പോൾ Sreekala S R നിന്നാണ് അദ്ദേഹത്തിൻ്റെ മോശം ആരോഗ്യസ്ഥിതിയെപ്പറ്റി അറിഞ്ഞത്. വൃക്കരോഗത്താൽ കഷ്ടപ്പെടുന്ന അദ്ദേഹത്തെ ഒരു ഇൻ്റർവ്യുവിനായി വിളിച്ച് ബുദ്ധിമുട്ടിക്കാൻ (വിഷയം ക്രിക്കറ്റ് ആയതിനാൽ അദ്ദേഹം സംസാരിക്കാൻ തയ്യാറാവും) ഞങ്ങൾക്കും മനസ്സു വന്നില്ല. എങ്കിലും എഴുതുന്ന ഓരോ ആർട്ടിക്കിളിലും കമൻ്റ് ബോക്സിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ചിലപ്പോഴൊക്കെ മെസഞ്ചറിലും….

ഇട്ടി സർ, താങ്കൾ ആവശ്യപ്പെട്ട പോലെ മക്കിയെ പറ്റി എഴുതാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒരിക്കലും നേരിട്ടറിയാത്ത മക്കി സാറിനെപ്പറ്റി എഴുതും മുമ്പ്, നേരിട്ട് കണ്ട് 25 കൊല്ലങ്ങൾക്ക് ശേഷം പരിചയപ്പെട്ട താങ്കളെപ്പറ്റി യാദൃശ്ചികമായി എഴുതേണ്ടി വന്നത് ഒരു പക്ഷേ കാലത്തിൻ്റെ തമാശയാവാം.

By admin

Leave a Reply