By Suresh Varieth
ഫുട്ബോൾ ലോകകപ്പിൻ്റെ ആരവങ്ങൾക്കിടയിൽ മുങ്ങിപ്പോകാൻ സാധ്യതയുള്ള മൂന്ന് തകർപ്പൻ ബാറ്റിങ്ങ് പ്രകടനങ്ങൾ ധാക്കയിൽ നടന്നിട്ടുണ്ട്. T20 മത്സരങ്ങൾ ഏകദിന ക്രിക്കറ്റിനു ഭീഷണിയാവുന്ന കാലത്ത്, ഇന്ത്യക്കെതിരെ മൂന്നു മത്സര പരമ്പരയിൽ അവസാന കളിക്ക് കാത്തു നിൽക്കാതെ ബംഗ്ലാദേശ് ആദ്യ മത്സരത്തിലെന്ന പോലെ രണ്ടാമത്തേതിലും ത്രസിപ്പിക്കുന്ന വിജയവും കൂടെ പരമ്പരയും പൊരുതി നേടി. വെൽഡൺ ബംഗ്ലാ ടൈഗേഴ്സ്.
19 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെട്ട് 69 റൺസ് നേടിയ ടീമിന് കൂടുതലൊന്നും പ്രതീക്ഷിക്കാൻ വകയില്ല. ഏകദിനത്തിലെ രണ്ടാമത്തെ ഏറ്റവുമുയർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളിയായ മെഹ്ദി ഹസൻ മിറാജിന് പക്ഷേ തോൽക്കാൻ മനസ്സില്ലായിരുന്നു. എന്നും വിശ്വസ്തനായ വെറ്ററൻ താരം മഹമദുള്ളയുമൊത്ത് 148 റൺസിൻ്റെ പാർട്ണർഷിപ്പ് പടുത്തുയർത്തുമ്പോൾ വഴിമാറിയത് ഒരു റെക്കോർഡ് കൂടിയാണ്. ഇന്ത്യക്കെതിരെ ലിമിറ്റഡ് ഓവർ ഗെയിമിൽ ഏഴാം വിക്കറ്റിന് ഏതൊരു ടീമും നേടുന്ന ഏറ്റവും വലിയ സ്കോറു കൂടി ആയി ഇത്. 77 റൺസ് എടുത്ത് മഹമദുള്ള പുറത്തായെങ്കിലും കാവ്യനീതിയെന്നോണം അവസാന പന്തിൽ മിറാജ് സെഞ്ചുറി തികച്ചു.

ഇന്ത്യൻ റൺ ചേസിൽ പ്രത്യാശ നൽകിയ ശ്രേയസ് അയ്യർ – അക്സർ പട്ടേൽ കൂട്ടുകെട്ടിനെക്കാൾ ഓർമിക്കപ്പെടുക ക്യാപ്റ്റൻ രോഹിത് ശർമയുടെ വീരോചിത പ്രകടനമായിരിക്കും. ഇടതു തള്ളവിരൽ ഒടിഞ്ഞിട്ടും ടീം പരാജയത്തെ മുഖാമുഖം കാണുമ്പോൾ കരിയറിൽ ആദ്യമായി ഒമ്പതാമനായി ഇറങ്ങി വെറും 28 പന്തിൽ 51 റൺസ് നേടിയ ചങ്കുറപ്പിന് നൂറ് മാർക്ക് . മാൽക്കം മാർഷലിനും ഗ്രേം സ്മിത്തിന്നും നമ്മുടെ സഞ്ജുവിനും ശേഷം ഒറ്റക്കെ കൊണ്ട് ബാറ്റ് ചെയ്ത രോഹിതിന് വിനയായത് മുസ്താഫിസുറിൻ്റെ നാൽപ്പത്തെട്ടാം ഓവർ മെയ്ഡനാക്കിയ സിറാജിൻ്റെ പ്രകടനമായിരുന്നു.

പരീക്ഷണങ്ങൾ തുടരുന്ന BCCl ക്ക് തിരിച്ചടിയായി T20 ലോകകപ്പിലെ സെമിയിലെ നാണം കെട്ട തോൽവിക്കു പുറമേ തുടർച്ചയായ രണ്ടാമത്തെ ഏകദിന പരമ്പര നഷ്ടം. പരീക്ഷണങ്ങൾക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ബോർഡിൽ നിന്ന് സമീപഭാവിയിൽ മറിച്ചൊരു ഫലം പ്രതീക്ഷിക്കാമോ, അറിയില്ല.