By Suresh Varieth

ഇന്ന് പറയാൻ പോവുന്നത് ഒരു സൂപ്പർ സ്പ്പെല്ലിനെ കുറിച്ചല്ല, മറിച്ച് ഒരു ബൗളറുടെ ഒരു ടെസ്റ്റിലെ , അതും ആദ്യ ടെസ്റ്റിലെ റെക്കോർഡ് ബൗളിങ് പ്രകടനത്തെ കുറിച്ചാണ്.

1988 ജനുവരി 11, നരേന്ദ്ര ഹിർവാനി എന്ന ഇൻഡോറുകാരൻ ഒരിക്കലും മറക്കാത്ത ദിവസം.. വിഖ്യാതമായ ഇന്ത്യൻ ടെസ്റ്റ് ക്യാപ് അന്നേ ദിവസമാണ് അയാൾ ശിരസ്സിലണിഞ്ഞത്. നാലു ടെസ്റ്റ് മത്സരത്തിൽ 1-0 എന്ന നിലയിൽ പുറകിലായ ഇന്ത്യക്ക് ചെപ്പോക്കിലെ അവസാന ടെസ്റ്റിൽ കരുത്തരായ വിൻഡീസിനെ പിടിച്ചു കെട്ടുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്നു. സ്ഥിരം നായകൻ വെംഗ് സാർക്കറുടെയും മനീന്ദറിന്റെയും അഭാവത്തിൽ പുതുമുഖങ്ങളായ നരേന്ദ്ര ഹിർവാനി, അജയ് ശർമ്മ, ലോക്കൽ ബോയ് വൂർക്കേരി രാമൻ എന്നിവരെ ടീമിലുൾപ്പെടുത്തിയ ക്യാപ്റ്റൻ രവി ശാസ്ത്രി ടോസ് നേടി എതിർ ടീം നായകൻ വിവിയൻ റിച്ചാർഡ്സ്നെ ഫീൽഡിങ്ങിന് ക്ഷണിച്ചു.

കപിലിന്റെ തകർപ്പൻ സെഞ്ചുറിയുടെയും ഓപ്പണർ അരുൺ ലാലിന്റെ ഫിഫ്റ്റിയുടെയും ബലത്തിൽ 382 റൺസ് നേടിയ ഇന്ത്യക്കെതിരെ രണ്ടാം ദിവസമാണ് വിൻഡീസ് ബാറ്റിങ്ങിനിറങ്ങിയത്. ഓപ്പണർമാരായ ഹെയ്ൻസിനെ ശാസ്ത്രിയും സിമ്മണ്സിനെ കപിലും തുടക്കത്തിലേ മടക്കിയെങ്കിലും റിച്ചീ റിച്ചാർഡ്സണും വിവ് റിച്ചാർഡ്സും കൂടുതൽ നഷ്ടമുണ്ടാക്കാതെ രണ്ടാം ദിവസം കളിയവസാനിപ്പിച്ചു.

വിശ്രമ ദിവസം (അക്കാലത്ത് ടെസ്റ്റിനിടയിൽ ഒരു ദിനം വിശ്രമമുണ്ട്) കഴിഞ്ഞ് മൂന്നാം ദിവസം അരങ്ങേറിയത് ചരിത്ര സംഭവങ്ങളായിരുന്നു. പന്തിന്റെ ഷൈനിങ്ങും അന്തരീക്ഷത്തിലെ ഈർപ്പവും കളയാൻ കപിലിനും അമർനാഥിനും ഹ്രസ്വമായ സ്പ്പെല്ലുകൾ നൽകിയ ശാസ്ത്രി തുടർന്ന് രണ്ട് എൻഡിൽ നിന്നും സ്പിൻ പരീക്ഷിച്ച്, ബ്രേക്ക് ത്രൂവിനായി സ്വയം പിൻമാറി ലെഗ് സ്പ്പിന്നർ ഹീരുവിനു പന്ത് നൽകി.

36 റൺസുമായി പിടിച്ചു നിന്ന റിച്ചാർഡ്സൺ ആദ്യം, പിന്നെ ലോഗി, ഹൂപ്പർ, 69 റൺസ് നേടിയ റിച്ചാർഡ്സ്, ഡുജോൺ, വാലറ്റത്തെ ബട്സ്, വിൻസ്റ്റൻ ഡേവിസ്, വാൽഷ് …. ഒരൊറ്റ സ്പ്പെല്ലിൽ 18.3 ഓവറിൽ മൂന്ന് മെയ്ഡനോടെ 61 റൺസ് വിട്ട് കൊടുത്ത് ഹിർവാനി വീഴ്ത്തിയത് 8 വിക്കറ്റുകളായിരുന്നു. വിൻഡീസ് 184 ന് ആൾ ഔട്ട്.

രണ്ടാമിന്നിങ്സ് 198 റൺസ് ലീഡോടെ തുടങ്ങിയ ഇന്ത്യ ലോക്കൽ ബോയ് WV രാമന്റെ 83 റൺസിന്റെ ബലത്തിൽ 217/8 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് നാലാം ദിനം എതിരാളികൾക്ക് 416 റൺസ് വിജയലക്ഷ്യം നിശ്ചയിച്ചു. എന്നാൽ ഒന്നാമിന്നിങ്സിൽ നിർത്തിയേടത്ത് നിന്ന് തുടങ്ങിയ ഹീരു രാമനും അയൂബിനും ഓരോ വിക്കറ്റുകൾ നേടാൻ അവസരം നൽകിക്കൊണ്ട് ആദ്യ ഇന്നിങ്ങ്സിലെ തനിയാവർത്തനമെന്ന പോലെ 8 വിക്കറ്റുകൾ 15.2 ഓവറിൽ 3 മെയ്ഡനോടെ 75 റൺസ് വിട്ട് കൊടുത്ത് കൈക്കലാക്കി. ആകെ 136 ന് 16 വിക്കറ്റുകൾ നേടിയ ആ മൽസരത്തിൽ രണ്ടാമിന്നിംഗ്സിൽ വിൻഡീസ് 160 ന് ഓൾ ഔട്ടാവുകയും ഇന്ത്യ 255 റൺസിന്ന് വിജയിക്കുകയും പരമ്പര സമനിലയിലാക്കുകയും ചെയ്തു.

സെൻസേഷണൽ സ്റ്റാർട്ട് ലഭിച്ച ആ കരിയർ പക്ഷേ ഒരു പൂർണതയിലെത്തിക്കാൻ ഹീരുവിന് സാധിച്ചില്ല. 1988ൽ ഇന്ത്യയിൽ വന്ന ന്യൂസിലാൻറിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും വിദേശ പിച്ചുകളിലും ലിമിറ്റഡ് ഓവർ മാച്ചിലും അദ്ദേഹത്തിന് മികവു തുടരാനായില്ല. ന്യൂസിലാൻറിനെതിരെയും ഇംഗ്ലണ്ടിനെതിരെയും അന്നാട്ടിൽ നടന്ന സീരീസുകളിൽ അദ്ദേഹം പൂർണ പരാജയമായി. അനിൽ കുംബ്ലെയെ 1990 ൽ ടീമിലുൾപ്പെടുത്തിയ സെലക്ടർമാർക്ക് തെറ്റിയില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നർമാരിലൊരാളായി കുംബ്ലെ വളർന്നു.

1995 ൽ ന്യൂസിലാൻ്റിനെതിരായ കട്ടക്ക് ടെസ്റ്റിൽ വീണ്ടും ഹിർവാനിക്ക് അവസരം ലഭിച്ചെങ്കിലും വിധി അദ്ദേഹത്തിനെതിരായിരുന്നു. മഴ മൂലം അപൂർണമായി ഉപേക്ഷിച്ച മത്സരത്തിൽ ന്യൂസിലാൻറിൻ്റെ ആദ്യ ഇന്നിംഗ്സിൽ വീണ 8 ൽ 6 വിക്കറ്റുകളും ഹിർവാനിക്കായിരുന്നു. കുംബ്ലെ രണ്ടു വിക്കറ്റ് നേടി. 1996 ൽ ദക്ഷിണാഫ്രിക്കക്കെതിരെ കൽക്കട്ടാ ടെസ്റ്റിൽ വീണ്ടും അവസരം ലഭിച്ചെങ്കിലും, ഇന്ത്യ തോറ്റ ആ മത്സരത്തിൽ തിളങ്ങാതെ പോയതോടെ ആ കരിയർ വെറും 17 ടെസ്റ്റുകളിലൊതുങ്ങി.

അരങ്ങേറ്റത്തിൽ 16 വിക്കറ്റുകൾ നേടി റെക്കോർഡിട്ട ബോബ് മാസിയുടെ കൂടെയാണ് ഈ പ്രകടനത്തോടെ ഹീരു ഇടം നേടിയത്. ഇന്നും തകർക്കാത്ത റെക്കോർഡായി ഈ പ്രകടനങ്ങൾ നിലനിൽക്കുന്നു. അച്ഛൻ്റെ പാത പിന്തുടരുന്ന മകൻ മിഹിർ ഹിർവാനി ആഭ്യന്തര ക്രിക്കറ്റിൽ മധ്യ പ്രദേശിൻ്റെ താരമാണ്.

By admin

Leave a Reply