By Suresh Varieth

    എന്താ, കേട്ടിട്ട് ലേശം കൂടുതൽ കൗതുകം തോന്നുന്നുണ്ടോ? ലോക ക്രിക്കറ്റിലെ മൾട്ടി ഡേ ഫോർമാറ്റിലെ എക്കാലത്തെയും എണ്ണം പറഞ്ഞ വലം കയ്യൻ ഓപ്പണർമാരിലൊരാൾ, ഒരിക്കൽ സ്വന്തം ടീമിനെ തോൽവിയുടെ നാണക്കേടിൽ നിന്ന് രക്ഷിക്കാനായി ഇടംകയ്യനായി അവതരിച്ചിട്ടുണ്ട്. അതും ടീമിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ആറു വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിലിറങ്ങിയ സമയത്ത് ........

       1981-82 രഞ്ജി ട്രോഫി സീസൺ.... ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുണ്ടപ്പാ വിശ്വനാഥിൻ്റെ കീഴിലിറങ്ങിയ ആതിഥേയരായ കർണാടകയെ സെമി ഫൈനലിൽ നേരിട്ട ഗാവസ്കറിൻ്റെ ബോംബെക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമല്ലായിരുന്നു. സന്ദീപ് പാട്ടീലിൻ്റെ സെഞ്ചുറിയും പാർക്കറിൻ്റെ 84 റൺസും ഒഴിച്ചാൽ യുവതാരങ്ങളായ വെങ് സർക്കാർ, രവി ശാസ്ത്രി എന്നിവർ നിരാശപ്പെടുത്തിയപ്പോൾ അവരുടെ ആദ്യ ഇന്നിംഗ്സ് 271 ൽ ഒതുങ്ങി. ഇന്ത്യൻ ക്രിക്കറ്റിൽ തഴയപ്പെട്ട അതികായരിൽ എന്നും മുൻനിരയിലുള്ള ഇടംകയ്യൻ സ്പിന്നർ രഘുറാം ഭട്ട് 123 റൺസിന് 8 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്നിംഗ്സ് ലീഡ് വഴി ഫൈനലിലെത്താമെന്ന് കന്നഡ മോഹങ്ങൾക്ക് ചിറകു മുളയ്ക്കുകയായിരുന്നു. മറുപടിയായി റോജർ ബിന്നി ബാറ്റിങ്ങ് ഓപ്പൺ ചെയ്ത കർണാടക സുധാകർ റാവുവിൻ്റെ സെഞ്ചുറിയുടെയും ബ്രിജേഷ് പട്ടേലിൻ്റെ 78 റൺസിൻ്റെയും ബലത്തിൽ 470 എന്ന സുരക്ഷിതമായ 199 റൺസിൻ്റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടി.

          ടൂർണമെൻ്റ് നിയമ പ്രകാരം ആദ്യ ഇന്നിംഗ്സ് ലീഡിൻ്റെ ബലത്തിൽ കർണാടക ഫൈനലിലെത്തുമെന്ന് ഉറപ്പായിരിക്കേ, പ്രബലരായ ബോംബെയുടെ മുന്നിലുള്ള ഏക ലക്ഷ്യം നാലാം ദിവസം ക്രീസിൽ പിടിച്ചു നിന്ന് തോൽവിയെന്ന നാണക്കേട് ഒഴിവാക്കൽ മാത്രമായിരുന്നു. ബാറ്റിങ്ങ് ഓർഡറിൽ താഴേക്കിറങ്ങിയ ഗാവസ്കർ വെങ് സാർക്കർക്ക് ഓപ്പൺ ചെയ്യാൻ അവസരം നൽകി. ഓപ്പണിങ് സ്റ്റാൻ്റിൽ പാർക്കറും കേണലും മികച്ചു നിന്നെങ്കിലും കർണാടകയുടെ സ്പിൻ ജോഡി രഘുറാം ഭട്ടും വിജയ് കൃഷ്ണയും ഏകപക്ഷീയമായ വിജയത്തിലേക്ക് പന്ത് തിരിച്ചപ്പോൾ ബോംബെ ഇന്നിംഗ്സ് പരാജയം മുഖാമുഖം കണ്ടു. മൽസരത്തിൽ ബോംബെ ബാറ്റ് ചെയ്ത 201 ഓവറുകളിൽ 166 ഓവറും എറിഞ്ഞത് ഈ ഇടം കൈ സ്പിൻ ജോഡിയായിരുന്നു.

എട്ടാമനായി ക്രീസിലെത്തിയ സണ്ണിക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.... എങ്ങനെയും ഇന്നിംഗ്സ് തോൽവിയെന്ന നാണക്കേട് ഒഴിവാക്കണം. പിച്ച് ചെയ്ത് വിക്കറ്റിലേക്ക് തൊണ്ണൂറ് ഡിഗ്രിയിൽ തിരിഞ്ഞ രഘുറാം ഭട്ടിൻ്റെ പന്തുകളെ നേരിടാനാവാതെ പാർക്കറും വെംഗ് സാർക്കറും സുരു നായിക്കുമെല്ലാം പവലിയനിൽ തിരിച്ചെത്തിയിരുന്നു. രഘുറാം ഭട്ടിൻ്റെ പന്തുകൾ നേരിടാൻ ഇടംകൈയ്യനായി ഗാവസ്കർ ക്രീസിൽ നിലകൊണ്ടു. LBW ആവില്ലെന്ന ഉത്തമ ബോധ്യത്തിൽ തൻ്റെ ലെഗ് സ്റ്റംപിൽ പതിച്ച പന്തുകളെ വിദഗ്ദ്ധമായി അദ്ദേഹം പാഡു ചെയ്തു. വിജയ് കൃഷ്ണ ബൗൾ ചെയ്തപ്പോഴാകട്ടെ അദ്ദേഹം തൻ്റെ തനതായ സ്റ്റാൻ്റിലേക്ക് മടങ്ങുകയും ചെയ്തു. കർണാടകക്കു ഫൈനൽ ഉറപ്പായതിനാൽ, ഉറച്ച തോൽവി ഒഴിവാക്കാനാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നും, ആ സാഹചര്യത്തിൽ വലംകയ്യനെന്ന നിലയിൽ തനിക്ക് രഘുവിനെതിരെ അൽപ്പം പോലും സാധ്യതയില്ലെന്നും പിന്നീട് സണ്ണി പറഞ്ഞു. മാത്രമല്ല, കാണുന്നത്ര എളുപ്പമായിരുന്നില്ല ഇടം കൈ ബാറ്റിങ് എന്നും... ഒരു പക്ഷേ മത്സരത്തിൽ ബോംബേക്ക് എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരു പരീക്ഷണത്തിന് മുതിരുമായിരുന്നില്ല. ഒരു ലെവൽ ക്രിക്കറ്റിലും മുൻപോ ശേഷമോ അദ്ദേഹം ഇങ്ങനെ പരീക്ഷിച്ചിട്ടില്ല.

എന്തായാലും 200/9 എന്ന നിലയിൽ ഒരു റൺ ലീഡിൽ ബോംബെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മത്സരം സമനിലയിൽ അവസാനിപ്പിച്ചു. രഘുറാം ഭട്ട് ആദ്യ ഇന്നിങ്സിൽ 8 ഉം രണ്ടാം ഇന്നിങ്സിൽ 5 ഉം വിക്കറ്റ് നേടി. ഫൈനലിലെത്തിയ കർണാടകയാവട്ടെ ഹൈസ്കോറിങ് മാച്ചിൽ ഒന്നാം ഇന്നിംഗ്സിൽ 2 റൺസ് ലീഡ് നേടിയ ഡെൽഹിയോട് പരാജയപ്പെട്ടു.

💕ജൻമദിനാശംസകൾ സണ്ണി ഗാവസ്കർ🎂🌷

By admin

Leave a Reply