By Suresh Varieth

T20 ക്രിക്കറ്റിൻ്റെ വരവ്, അതിവേഗ ക്രിക്കറ്റിനെ പ്രണയിക്കുന്ന കളിക്കാർക്ക് ഒരു ചാകരയായിരുന്നു. ലോകമെങ്ങും IPL ൻ്റെ ചുവടു പിടിച്ച് T20 യായും T10 ആയും ലീഗുകൾ തഴച്ചു വളർന്നപ്പോൾ, ക്രിസ് ഗെയ്ലിനെയും പൊള്ളാർഡിനെയും പോലുള്ള കളിക്കാർ വിൻഡീസിനു പുറമേ ഓസ്ട്രേലിയയിലേക്കും ഏഷ്യയിലേക്കുമെല്ലാം പറന്നു നടന്നു. എന്നാൽ, ലോകം ഏകദിന ക്രിക്കറ്റിൻ്റെ പോലും പുറകേ ആവേശത്തോടെ പോകുന്നതിനു മുമ്പ് നാലു ഭൂഖണ്ഡങ്ങളിൽ വിവിധ ടീമുകൾക്കായി ഫസ്റ്റ് ക്ലാസ് കളിച്ച ഒരു കളിക്കാരനുണ്ട്. വിൻഡീസ് ക്രിക്കറ്റ് ശരിയായി ഉപയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ലോകം കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാകുമായിരുന്നയാൾ – ഫ്രാങ്ക്ളിൻ ഡ കോസ്റ്റ സ്റ്റീവൻസൺ.

1959ൽ ജനിച്ച സ്റ്റീവൻസൺ അക്കാലത്തെ ഏതൊരു ക്രിക്കറ്റ് പ്രേമിയേയും പോലെ ഗാരി സോബേഴ്സിനെയും ക്ലൈവ് ലോയ്ഡിനെയും ആരാധിച്ചു തന്നെയാണ് വളർന്നത്. 1978ൽ വിൻഡീസ് യൂത്ത് ടീമിനൊപ്പം ഇംഗ്ലണ്ട് സന്ദർശിച്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അയാൾ 1981ൽ ഓസ്ട്രേലിയയിലെ ടാസ്മാനിയക്കു വേണ്ടി ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കായി പാഡണിഞ്ഞു. തിരിച്ച് ബാർബഡോസിലേക്ക് മടങ്ങി അവർക്കു വേണ്ടിയും കളിച്ചു. കൂടാതെ ഇംഗ്ലീഷ് കൗണ്ടിയിൽ ഗ്ലൗസസ്റ്റർ ഷയറിനു വേണ്ടിയും അക്കാലത്ത് ഒരു കൈ നോക്കി.

വിൻഡീസ് ക്രിക്കറ്റിലെ പ്രതീക്ഷയായിരുന്ന സ്റ്റീവൻസണു പിഴച്ചത് ഒരേയൊരു തീരുമാനമായിരുന്നു. വർണ വിവേചനത്തെത്തുടർന്ന് ക്രിക്കറ്റ് ലോകത്ത് വിലക്ക് കൽപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കക്കെതിരെ അവിടെ സന്ദർശിച്ച, ലോറൻസ് റോയും ആൽവിൻ കളിച്ചരണും അടങ്ങിയ വിമത വിൻഡീസ് ടീമിനൊപ്പം അദ്ദേഹവും ചേർന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അനൗദ്യോഗിക ടെസ്റ്റുകളും ഏകദിനങ്ങളും കളിച്ചു. ഈ ടൂറിലേർപ്പെട്ട എല്ലാവർക്കും വിൻഡീസ് ക്രിക്കറ്റ് അനിശ്ചിത കാല വിലക്കേർപ്പെടുത്തി. പിന്നീട് 1989 ലാണ് വിലക്ക് പിൻവലിച്ചത്. 1988 മുതൽ കൗണ്ടിയിൽ സജീവമായ അദ്ദേഹം അതേ സമയം ദക്ഷിണാഫ്രിക്കയിലെ ഓറഞ്ച് ഫ്രീ സ്റേററ്റ് പ്രവിശ്യക്കു വേണ്ടി ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു.

ക്ലൈവ് റൈവും റിച്ചാർഡ് ഹാഡ്ലിയും തകർത്താടിയിരുന്ന നോട്ടിങ്ങാംഷയറിനായി 1988ൽ അരങ്ങേറിയ സ്റ്റീവൻസൺ മോശമാക്കിയില്ല. ഇംഗ്ലീഷ് കൗണ്ടിയിൽ ഒരു സീസണിൽ 1000 റൺസും 100 വിക്കറ്റും നേടുക എന്ന അപൂർവ ഡബിൾ ഹാഡ്ലിക്കു ശേഷം അദ്ദേഹം സ്വന്തമാക്കി. ഇന്നേ വരെ മൂന്നാമതൊരാൾക്ക് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അപൂർ‌വ ഡബിളിനായി 200 റൺസ് അകലെ നിൽക്കേ സീസണിലെ അവസാന മത്സരത്തിനിറങ്ങിയ അദ്ദേഹം ആദ്യ ഇന്നിങ്സിൽ 111 ഉം രണ്ടാം ഇന്നിംഗ്സിൽ 117 ഉം റൺസ് നേടിയാണ് നേട്ടം കൈവരിച്ചത്. 1992 ൽ സസക്സിൽ ചേർന്ന അദ്ദേഹം 1995 ൽ ഫസ്റ്റ് ക്ലാസ് കരിയർ അവസാനിപ്പിക്കുമ്പോൾ 219 മത്സരങ്ങളിൽ നിന്ന് 12 സെഞ്ചുറി അടക്കം 8622 റൺസും 792 വിക്കറ്റും നേടിയിരുന്നു. ലിസ്റ്റ് A മത്സരങ്ങളിലാവട്ടെ 282 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറിയടക്കം 4717 റൺസും 448 വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്.

By admin

Leave a Reply