By Suresh Varieth

സെപ്റ്റംബർ 20, 1982 ……. പാക്കിസ്ഥാനിലെ ഹൈദരബാദിൽ നിയാസി സ്റ്റേഡിയത്തിൽ അന്നൊരു പുതു ചരിത്രം പിറന്നു. ഒരാൾക്കും തകർക്കാൻ പറ്റാത്ത ആ റെക്കോർഡിൻ്റെ അവകാശിക്ക് പക്ഷേ, തൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ അതിനു മുൻപോ പിൻപോ വലിയൊരു വിജയം അവകാശപ്പെടാനുണ്ടായിരുന്നില്ല. രാജ്യാന്തര ക്രിക്കറ്റിൽ ഒരു കൊള്ളിയാൻ പോലെ മിന്നി മറഞ്ഞ അയാളുടെ പേരിലാണ് ഏകദിന ക്രിക്കറ്റിലെ ആദ്യ ഹാട്രിക്ക് രേഖപ്പെടുത്തിയത്.

1982ൽ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച മീഡിയം പേസറായ ഈ കണ്ണടക്കാരൻ ആദ്യ മത്സരത്തിൽ ആകെ അഞ്ചു വിക്കറ്റെടുത്ത് ശ്രദ്ധ നേടി. ആറു ടെസ്റ്റിൽ അവസരം നൽകിയെങ്കിലും വെറും പതിനൊന്നു വിക്കറ്റുകൾ മാത്രം നേടിയ അദ്ദേഹത്തിന് പക്ഷേ ഇതിഹാസങ്ങളായ ഇമ്രാൻ ഖാൻ്റെ തിരിച്ചു വരവും വസീം അക്രമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസറുടെ ഉദയവും അന്താരാഷ്ട്ര കരിയറിന് എന്നെന്നേക്കുമായി തിരശ്ശീല വീഴ്ത്തുന്നത് നോക്കി നിൽക്കേണ്ടി വന്നു.

ഓസ്ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനത്തിലെ ആദ്യ ഏകദിനം. ആദ്യം ബാറ്റു ചെയ്ത സഹീർ അബ്ബാസിൻ്റെ പാക്കിസ്ഥാൻ, ഓപ്പണർ മൊഹ്സിൻ ഖാൻ്റെ സെഞ്ചുറിയോടെ നാൽപ്പത് ഓവറാക്കി ചുരുക്കിയ ഇന്നിംഗ്സിൽ 229/6 എന്ന മികച്ച സ്കോർ നേടി. മറുപടിയായി ഓപ്പണിങ്ങ് സ്റ്റാൻ്റ് സെഞ്ചുറി നേടി കുതിച്ചപ്പോൾ ഓസ്ട്രേലിയ ഒരു മികച്ച വിജയം മണത്തു. ചേഞ്ച് ബൗളറായി വന്ന തൗസീഫ് അഹ്മദിൻ്റെ സ്പിൻ വലയിൽ അഞ്ചു റൺസിന് മൂന്നു വിക്കറ്റുകൾ ഹോമിച്ചെങ്കിലും അലൻ ബോർഡറിനും ജോൺ ഡൈസനും റൺറേറ്റ് ഉയർത്താൻ കഴിയുമെന്നിരിക്കേ ഓസീസിന് ലക്ഷ്യം അപ്രാപ്യമായിരുന്നില്ല, ഒരറ്റത്ത് നിന്ന് ജലാലുദ്ദീൻ നാശം വിതക്കും വരെ…..

157 ൽ നിൽക്കേ ബോർഡറെ പുറത്താക്കിയ ജലാൽ, തൻ്റെ അവിസ്മണീയ മുഹൂർത്തം പുറത്തെടുത്തത് അഞ്ചു റണ്ണിനു ശേഷം തൻ്റെ അടുത്ത ഓവറിലായിരുന്നു. ജലാലിൻ്റെ ഇൻസ്വിങ്ങറിന് റോഡ്നി മാർഷിൻ്റെ പ്രതിരോധം തകർക്കാൻ കഴിഞ്ഞപ്പോൾ തൊട്ടടുത്ത പന്തിൽ യാർഡ്ലിയെ കീപ്പർ വസിംബാരിയുടെ കൈകളിലെത്തിച്ച്, അടുത്ത പന്തിൽ ജഫ് ലോസൻ്റെ വിക്കറ്റ് പിഴുതെടുത്ത ജലാലുദീൻ ഒരു ഹാട്രിക്ക് മെയ്ഡൻ ഓവറിനൊപ്പം ഒരു ദിവസത്തേക്ക് മാത്രം പാക്കിസ്ഥാൻ ക്രിക്കറ്റിലെ വീരനായകനായി. ഒരിക്കലും തകർക്കാൻ സാധ്യമല്ലാത്ത റെക്കോർഡ് നേടിയ താരമായിരുന്നില്ല പക്ഷേ കളിയിലെ കേമൻ. 8 ഓവറിൽ 32 റൺസിന് നേടിയ നാലു വിക്കറ്റുകൾ പക്ഷേ 59 റൺസിന് പാക്കിസ്ഥാൻ ജയിച്ച ആ മൽസരത്തിൽ കരിയറിലെ ഏക മാൻ ഓഫ് ദ് മാച്ച് നേടാൻ അദ്ദേഹത്തെ പര്യാപ്തനാക്കിയില്ല. മൊഹ്സിൻ ഖാനായിരുന്നു കളിയിലെ കേമൻ.

By admin

Leave a Reply