By Suresh Varieth

എബി കുരുവിള, ടിനു യോഹന്നാൻ മുതൽ സന്ദീപ് വാരിയർ വരെയുള്ളവരുടെ മുൻഗാമിയെ ഒരു പക്ഷേ കായിക കേരളത്തിന് പരിചയമുണ്ടാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കായി ഇറങ്ങിയ ആദ്യ മലയാളി – കോഴിക്കോട്ടുകാരൻ വി. നാരായണ സ്വാമി.

1924 ൽ ഇന്നത്തെ കോഴിക്കോട് ജില്ലയിൽ ജനിച്ച സ്വാമി തൻ്റെ വിദ്യാഭ്യാസ കാലം ചെലവഴിച്ചത് മദ്രാസിലായിരുന്നു. 1944ൽ പട്ടാള സേവനം തുടങ്ങിയ അദ്ദേഹം 1951-52 മുതൽ 58-59 വരെ സർവീസസിനായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. വലംകയ്യൻ മീഡിയം പേസറായിരുന്ന അദ്ദേഹം 19 മത്സരങ്ങളിൽ നിന്ന് 68 വിക്കറ്റുകൾ നേടി, കൂടാതെ ഒരു അർദ്ധ സെഞ്ചുറിയും അദ്ദേഹത്തിനുണ്ട്.

1955 ൽ ഇന്ത്യ സന്ദർശിച്ച ന്യൂസിലാൻറിനെതിരെ ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് കളിച്ച സ്വാമി , പേസും സ്പിന്നും ഒരേ പോലെ കൈകാര്യം ചെയ്യുന്ന ദത്തു ഫട്കറിനൊപ്പം ഇന്ത്യക്കായി ബൗളിങ്ങ് ഓപ്പൺ ചെയ്തു. സുഭാഷ് ഗുപ്തയുടെ സ്പിൻ കെണിയിൽ ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാൻറ് കുരുങ്ങിയെങ്കിലും, പോളി ഉമ്രിഗറിൻ്റെ ഡബിൾ സെഞ്ചുറിയും അർജുൻ കൃപാൽ സിങ്ങിൻ്റെയും വിജയ് മഞ്ഞ്ജ്രേക്കറുടെയും സെഞ്ചുറിയും കണ്ട ടെസ്റ്റ് സമനിലയിൽ കലാശിച്ചു. സ്പിന്നിനെ അതിരറ്റു സഹായിച്ച വിക്കറ്റിൽ ന്യൂസിലാൻറിൻ്റെ രണ്ടിന്നിംഗ്സിലായി 302 ഓവറുകൾ ഇന്ത്യക്കാർ എറിഞ്ഞെങ്കിലും 18 ഓവർ മാത്രമാണ് സ്വാമിക്ക് ലഭിച്ചത്. 45 റൺസ് വഴങ്ങിയ അദ്ദേഹത്തിന് വിക്കറ്റ് ഒന്നും ലഭിച്ചില്ല. മൊഹമ്മദ് നിസാറിനും അമർ സിങ്ങിനും ശേഷം കഴ്സൻ ഗാവ്റിയും തുടർന്ന് കപിലും വരുന്ന കാലം വരെ സ്പിന്നർമാർ അരങ്ങു വാണ ഇന്ത്യൻ ടീമിൽ സ്വാമിക്ക് പിന്നീടൊരു അവസരം ലഭിച്ചില്ല.

മിലിറ്ററിയിൽ നിന്നു മേജറായി റിട്ടയർ ചെയ്ത അദ്ദേഹം തുടർന്ന് റെജിമെൻ്റ് ഓഫ് ആർട്ടിലറിയിൽ നാസിക്കിൽ സേവനമനുഷ്ഠിച്ചു. തൻ്റെ 58 ആം വയസ്സിൽ ഡെറാഡൂണിൽ വച്ച് 1983ൽ അദ്ദേഹം അന്തരിച്ചു.

By admin

Leave a Reply