By Suresh Varieth

എന്താണ് ക്രിക്കറ്റിലെ ഹാട്രിക്ക് ..? ഒരു ബൗളർ, തൻ്റെ തുടർച്ചയായ മൂന്ന് പന്തുകളിൽ എതിർ ടീമിലെ മൂന്ന് ബാറ്റ്സ്മാൻമാരെ പുറത്താക്കുന്ന (run out അല്ലാതെ) നേട്ടത്തിനാണ് ഹാട്രിക്ക് എന്ന് പറയുന്നത്. (ഫുട്ബോളിൽ മൂന്ന് ഗോൾ നേടുന്നതിന് ഹാട്രിക്ക് എന്ന് പറയും)

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഹാട്രിക്കിനുടമ ആരാണ്? കേട്ടുകേൾവി പോലുമില്ലാത്ത ആ കാലഘട്ടത്തിൽ എങ്ങനെയായിരിക്കും ക്രിക്കറ്റ് കളിയുടെ അവസ്ഥ? ഈയൊരു ചിന്തയാണ് 1879 ലെ ഓസ്ട്രേലിയ X ഇംഗ്ലണ്ട് മത്സരത്തിലേക്കും സ്പോഫോർത്തിലേക്കും എത്തിച്ചത്.

ലോക ക്രിക്കറ്റിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരം. അക്കാലത്ത് കളിക്കാനായ് ഉള്ളത് ഇംഗ്ലണ്ടും അവരുടെ കോളനിയായ ഓസ്ട്രേലിയയും മാത്രം. അല്ലെങ്കിലും തങ്ങളുടെ ഒരു നേരമ്പോക്ക് കളി കോളനികളിലൂടെ പടർത്തി പടർത്തിയാണല്ലോ ഇംഗ്ലീഷുകാരത് പടർന്ന് പന്തലിച്ച് ഈ രൂപത്തിലാക്കിയത്. കളി നടന്നത് നമ്മുടെ സ്വന്തം മെൽബണിൽ. പത്തൊമ്പതാം നൂറ്റാണ്ട് കണ്ട ഏറ്റവും വിനാശകാരിയായ ബൗളറായിരുന്നു “The Demon Bowler” (എന്നു വച്ചാൽ ഒരു ദുഷ്ടനായ പന്തേറുകാരൻ ) എന്ന് സ്വയം വിശേഷിപ്പിച്ച ഫ്രെഡറിക്ക് റോബർട്ട് സ്പോഫോർത്ത് എന്ന ആറടി മൂന്നിഞ്ചുകാരനായ വലംകയ്യൻ പേസർ.

അക്കാലത്ത് ടെസ്റ്റിന് പ്രത്യേകത എന്താന്ന് വച്ചാൽ, സമയപരിധി ഒന്നുമില്ല. മുട്ടി മുട്ടി നിന്ന് നാല് ഇന്നിംഗ്സ് എന്ന് കഴിയുന്നോ അന്ന് കളി നിർത്തും, അല്ലെങ്കിൽ രണ്ട് ടീമിനും പോയിട്ട് വേറെ അത്യാവശ്യം വല്ലതും വേണം. എന്തായാലും ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്തു. മിഡിൽ ഓർഡറിൽ ഇറങ്ങിയ VPFA Royle, FA MaCKinnon എന്നിവരെ അടുപ്പിച്ച് ക്ലീൻ ബൗൾ ചെയ്ത സ്പോഫോർത്ത് അടുത്ത പന്തിൽ T Emmet നെ Horen ൻറെ കൈയിലെത്തിച്ച് ലോക ക്രിക്കറ്റിലെ ആദ്യ ഹാട്രിക്കിനുടമയായി. ഓസീസ് അനായാസ വിജയം നേടിയ ആ ടെസ്റ്റിൽ മൊത്തം 13 വിക്കറ്റ് നേടിയ ഇദ്ദേഹമാണ് ആദ്യമായ് 50 വിക്കറ്റ് ടെസ്റ്റിൽ തികച്ചത് .

1877-87 കാലത്ത് 18 ടെസ്റ്റുകൾ കളിച്ച ഇദ്ദേഹം 94 വിക്കറ്റുകൾ കരസ്ഥമാക്കി.1926ൽ ഈ ലോകത്തെ ഇന്നിംഗ്സ് റിട്ടയർ ചെയ്തു.

By admin

Leave a Reply