ധനേഷ് ദാമോദരൻ

തികവുറ്റ ഒരു ടെന്നീസ് പ്ലെയറിൽ നിന്നും ഒരു ലോകോത്തര ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറിലേക്കുള്ള രൂപപരിണാമം .

              
                കുട്ടിക്കാലത്ത് അവനൊരു സ്വപ്നമുണ്ടായിരുന്നു .തന്റെ നാട്ടിൽ എല്ലാ വർഷവും നടക്കുന്ന ആസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഒരു നാൾ ചാംപ്യനാകുക .ആ സ്വപ്നം അവൻ മനസിൽ കൊണ്ടു നടക്കുകയായിരുന്നു .തന്റെ ആരാധനാ പാത്രമായ ഇതിഹാസം പീറ്റ് സാംപ്രസ് അവനെ ആ സ്വപ്നം കാണാൻ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു .

               വളരെ യാദൃശ്ചികമായാണ് ക്രിക്കറ്റ് എന്ന വികാരം അവനിലേക്ക് കുടിയേറിയത് .ഒടുവിൽ ക്രിക്കറ്റാണ് തന്റെ തട്ടകമെന്ന് അവൻ തിരിച്ചറിഞ്ഞു .അഡലെയ്‌ഡിൽ ഡെന്നീസ് ലില്ലി നൽകിയ പ്രോത്സാഹനവും ,പരിശീലനവും അവനെ ക്രിക്കറ്റിലേക്ക് കൂടുതൽ അടുപ്പിച്ചു .

                   മക്ഗ്രാത്ത് ,ബ്രെറ്റ് ലീ ,ഗില്ലസ്പി ,ഷോൺ ടെയ്റ്റ് എന്നിവരെ മറികടന്നൊരു സ്ഥാനം ഓസീസ് ടീമിലൊരു സ്ഥാനം നേടുക ഒരു യുവ ബൗളർക്ക് വലിയ കടമ്പ തന്നെയായിരുന്നു .തന്റെ 7 ആമത് ഏകദിന മത്സരം മിച്ചൽ ഗേ  ജോൺസണ്  സമ്മാനിച്ചത് സുഖമുള്ള ഓർമ്മകളായിരുന്നു .ഒപ്പം തനിക്ക് എന്തൊക്കെയോ ചെയ്യാനാകുമെന്ന പ്രതീക്ഷകളും .

    
                പുകൾ പെറ്റ ഇന്ത്യൻ ബാറ്റിങ്ങ് നിരക്കെതിരെ ഏകദിന ക്രിക്കറ്റിൽ  4 ഓവറിൽ വെറും 11 റൺ വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി എന്നതിനേക്കാൾ ആ വിക്കറ്റുകൾ സച്ചിൻ ,ദ്രാവിഡ് ,യുവരാജ് ,പത്താൻ എന്നിവരുടേതായിരുന്നു എന്നതാണ് ആ 4 വിക്കറ്റ് നേട്ടത്തെ ശ്രദ്ധേയമാക്കിയത് .ഏതൊരു യുവ ബൗളർക്കും സ്വപ്നതുല്യമായ ഒരു നേട്ടം .

                2007 ലോകകപ്പിനു ശേഷം മക്ഗ്രാത്ത് അരങ്ങൊഴിഞ്ഞത് ജോൺസണ് അനുഗ്രഹമായി .ടീമിലൊരു സ്ഥിരം സ്ഥാനം ഉറപ്പിച്ച ജോൺസൺ 2008 ൽ ദക്ഷിണാഫ്രിക്കക്കെതിരെ സ്വദേശത്തും വിദേശത്തും നിറഞ്ഞാടുകയായിരുന്നു .അപാരമായ പേസിൽ ഇരുവശത്തേക്കും സ്വിങ്ങ് ചെയ്യിച്ച പന്തുകൾ ബാറ്റ്സ്മാൻമാരെ പരിഭ്രാന്തരാക്കി.

                     ഓസീസ് മണ്ണിൽ നടന്ന ഒരു ടെസ്റ്റിൽ ജോൺസൺ വെറും 12 റൺസിനിടെ 7 വിക്കറ്റുകൾ പിഴുതെറിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്ക 3 ന് 234 ൽ നിന്നും അവിശ്വസനീയമായി തകർന്നത് 8 ന് 241 ലേക്ക് .തുടർന്ന് നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തന്റെ ബാറ്റിങ്ങ് സ്കിൽ കൂടി പുറത്തെടുത്ത ജോൺസൺ 16 വിക്കറ്റുകൾക്ക് പുറമെ 250 റൺസും നേടി മാൻ ഓഫ് ദ സീരീസ് പുരസ്കാരവും നേടുകയുണ്ടായി .

    
                പിന്നീട് ഒരു ഇറക്കമായിരുന്നു .പരിക്കുകളും മോശം ഫോമും അലട്ടിയതോടെ 2 വർഷത്തോളം ടീമിന് പുറത്ത് .

                അവിശ്വസനീയമായിരുന്നു ജോൺസന്റെ രണ്ടാം വരവ് .പഴയതിലും മൂർച്ച കൂട്ടിയ ബൗളിങ്ങുമായി തിരിച്ചെത്തിയ ജോൺസൺ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും എതിരെ 8 ടെസ്റ്റിൽ നിന്നും വെറും 15.27 ശരാശരിയിൽ 59 വിക്കറ്റുകൾ കട പുഴക്കി .

         
                ആസ്ട്രേലിയ 5-0 ന് ആഷസ് തൂത്തുവാരിയപ്പോൾ പരമ്പരയിലെ താരമായ മിച്ചൽ ജോൺസൺ മറുപടി നൽകിയത് 2009 ൽ തന്നെ പരിഹസിച്ച ഇംഗ്ളണ്ടിലെ ബാർമി ആർമിക്കായിരുന്നു .

              2015 ലോകകപ്പിൽ സെമിയിൽ ഇന്ത്യക്കെതിരെ 2 വിക്കറ്റും ഫൈനലിൽ ന്യുസിലണ്ടിനെതിരെ 9 ഓവറിൽ 30 റൺ മാത്രം വഴങ്ങി 3 വിക്കറ്റും നേടിയ ജോൺസൺ ആസ്ട്രേലിയയുടെ കിരീട ജയത്തിൽ നിർണായക സാന്നിധ്യമായി .

               73 ടെസ്റ്റിൽ 313 വിക്കറ്റ് വീഴ്ത്തിയ ജോൺസൺ ക്ളീൻ ഹിറ്റിങ്ങ് മികവിലൂടെ 2065 റൺസുകളും നേടിയിട്ടുണ്ട് .153 ഏകദിനങ്ങളിൽ നേടിയ 239 വിക്കറ്റുകൾ അയാൾ ആ ഫോർമാറ്റിൽ എത്രമാത്രം അപകടകാരിയിരുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയാണ് .

             2 വർഷവും 139 ദിവസവും കൊണ്ട്  150 ടെസ്റ്റ് വിക്കറ്റുകൾ നേടി ലോക റെക്കോർഡ് സൃഷ്ടിച്ച ഇടങ്കയ്യൻ കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ എന്നും തലവേദന സൃഷ്ടിച്ചു .1992 ൽ ദക്ഷിണാഫ്രിക്കയുടെ മടങ്ങി വരവിനു ശേഷം അവർക്കെതിരെ 64 ടെസ്റ്റ്  വിക്കറ്റുകൾ വീഴ്ത്തിയ ജോൺസൺ അക്കാര്യത്തിൽ ഒന്നാമനാണ് .

 
             ഒരു പക്ഷെ ബാറ്റിങ്ങിൽ കുറെക്കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ജോൺസണ് തികവുറ്റ ഓൾറൗണ്ടർ ആകാനുള്ള ശേഷിയുണ്ടായിരുന്നു .2009 ൽ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 96 റൺസടിച ടെസ്റ്റ് ഇന്നിങ്സിൽ പോൾ ഹാരിസിനെ ഒരോവറിൽ 3 സിക്സറും 2 ഫോറുമടക്കം 26 റൺസിന് ശിക്ഷിച്ച ജോൺസന്റെ പ്രകടനം ക്രിക്കറ്റ് പ്രേമികൾ മറക്കില്ല. അതേ മാച്ചിൽ 8 വിക്കറ്റുകളും ജോൺസൺ നേടുകയുണ്ടായി .

  
                ജോൺസൺ നേടിയ ഒരേയൊരു ടെസ്റ്റ് സെഞ്ചുറിയും ദക്ഷിണാഫിക്കക്കെതിരെ തന്നെ ആയിരുന്നു .അന്ന് ഡെയിൽ സ്റ്റെയിനെ സിക്സർ പറത്തി സെഞ്ചുറിയിലെത്തുമ്പോൾ ജോൺസൺ നേരിട്ടത് 66 പന്തുകൾ മാത്രമായിരുന്നു .അന്ന് ജോൺസൺ പുറത്താകാതെ നേടിയ 123 റൺസ് വളരെ ചർച്ചാ വിഷയമായിരുന്നു .

           ICC ചാംപ്യൻ ട്രോഫി ഏകദിന ടൂർണമെന്റിൽ ജോൺസന്റെ മറ്റൊരു ബാറ്റിങ്ങ് പ്രകടനം കണ്ടു .40 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെട്ട്  172 ലെത്തിയ ആസ്ട്രേലിയ 200 പോലും കടക്കില്ലെന്ന് കരുതിയ സമയത്ത് 47 പന്തിൽ 3 സിക്സറും 8 ഫോറുകളുമടക്കം പുറത്താകാതെ നേടിയ 73 റൺസ് അവരെ 50 ഓവറിൽ എത്തിച്ചത് 8 വിക്കറ്റിന് 275 റൺസിലായിരുന്നു .

                ഒരു കാലഘട്ടത്തിൽ  ആസ്ട്രേലിയൻ പേസ് പാരമ്പര്യത്തെ കലർപ്പില്ലാതെ ,അതിന്റെ തനത് തികവോടെ തന്റെ ഉറച്ച ഇടങ്കയ്യൻ ചുമലിലേന്തിയ മിച്ചൽ ജോൺസണ് ജൻമദിനാശംസകൾ

Fast & Furious മിച്ചൽ ജോൺസൺ

By admin

Leave a Reply