By Suresh Varieth
Catches win Matches…
ക്രിക്കറ്റിലെ ഈയൊരു പഴഞ്ചൊല്ലിന് ഒരു മുപ്പത്തഞ്ച് വർഷത്തെ പ്രായം കാണും. പതിനെട്ടാം ഓവറിൽ ആസിഫലിയെ ഒരു ” undroppable ” ക്യാച്ച് അർഷദീപ് സിങ്ങ് നിലത്തിട്ടപ്പോൾ പാക്കിസ്ഥാൻ ആഘോഷിച്ചത് അടുത്ത ഓവറിൽ 19 റൺസ് നേടിക്കൊണ്ടായിരുന്നു.അതിൽ 11 ഉം ആസിഫലിയുടെ വക… അന്തിമ ഫലത്തിൽ ഈ ഡ്രോപ്പിനും ഈ ഓവറിനും ഒരു പാട് സ്വാധീനമുണ്ട്.
ഇന്ത്യൻ ഇന്നിങ്ങ്സിൻ്റെ അവസാന രണ്ടു പന്തിൽ ഫഖർ സമാൻ ഇന്ത്യക്ക് സൗജന്യമായിത്തന്നത് ഏഴു റൺസാണ്. ഡീപ് പോയൻ്റിൽ സിംഗിൾ മാത്രം കിട്ടാവുന്ന ഷോട്ട് മിസ് ഫീൽഡ് ചെയ്ത് ഫോർ പോകുമ്പോൾ അടുത്ത പന്തിൽ ക്യാച്ച് കൈവിട്ട് വീണ്ടുമൊരു നാലു റണ്ണു കൂടി രവി ബിഷ്ണോയുടെയും ഇന്ത്യയുടെയും അക്കൗണ്ടിൽ സമാൻ ചേർക്കുകയാണ്. ഒരു പക്ഷേ പാക്കിസ്ഥാൻ ചേസിങ്ങിൽ പരാജയപ്പെട്ടിരുന്നെങ്കിൽ അവർക്ക് വില കൊടുക്കേണ്ടി വരുന്ന പിഴവുകൾ .
അഫ്ഗാൻ – ശ്രീലങ്ക മത്സരത്തിൽ ശ്രീലങ്കയുടെ ചേസിങ്ങിൽ നവീനുൾ ഹഖ് എറിഞ്ഞ പതിനാറാം ഓവറിൽ ഭാനുക രാജപക്സെയുടെ ഈസി ക്യാച്ച് ഷിൻവാരി നിലത്തിടുമ്പോൾ തെളിഞ്ഞത് പരാജിതരുടെ ശരീരഭാഷ കൂടിയായിരുന്നു.
സൂപ്പർ ഫോറിൽ ഇനി പോരാട്ടം കനക്കും. ഇന്ത്യക്ക് ഇനി നേരിടാൻ അഫ്ഗാനും ശ്രീലങ്കയുമുള്ളപ്പോൾ ഫൈനലിൽ കയറാൻ രണ്ടു വിജയം അനിവാര്യം….. കുട്ടി ക്രിക്കറ്റിൽ ചെറിയ പിഴവുകൾ പോലും വിധി നിർണയിക്കുമെന്നിരിക്കേ, ബൗളിങ്ങ് & ഫീൽഡിങ്ങ് നിലവാരം തുടർന്നുള്ള മത്സരങ്ങളിൽ രോഹിത് ശർമക്കും രാഹുൽ ദ്രാവിഡിനും തലവേദനയാവും എന്നുറപ്പാണ്.