By Suresh Varieth

“ടെസ്റ്റ് ” മത്സരം കളിച്ച ആദ്യ കേരളാ താരം…. രഞ്ജി ഫൈനൽ കളിച്ച ആദ്യ മലയാളി ക്രിക്കറ്ററും..

ടെസ്റ്റ്‌ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ കേരളാ താരം ടിനു യോഹന്നാനാണ്…. പക്ഷേ അതിനു മുമ്പുതന്നെ ഒരു കേരളാ ക്രിക്കറ്റർ ഇന്ത്യക്കായി “ടെസ്റ്റ് ” മത്സരത്തിന് കളത്തിലിറങ്ങിയിരുന്നു. മുൻ കേരളാ രഞ്ജി താരം കണ്ണൂർക്കാരനായ സി.കെ ഭാസ്കരൻ നായർ.

തൻ്റെ പതിനാറാം വയസ്സിൽ കേരളാ രഞ്ജി ടീമിലിടം നേടിയ ഈ വലം കയ്യൻ പേസ് ബൗളർ ആന്ധ്രക്കെതിരെയാണ് 1957-58 സീസണിൽ അരങ്ങേറ്റം കുറിച്ചത്. 1965-66 സീസൺ വരെ കേരളത്തിനായി കളിച്ച് 21 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 69 വിക്കറ്റുകൾ നേടി. തുടർന്ന് 1968 വരെ മദ്രാസ് ടീമിൽ കളിച്ച് 14 മത്സരങ്ങളിൽ നിന്നും 27 വിക്കറ്റുകളും കരസ്ഥമാക്കി. ദക്ഷിണമേഖലക്കായി 3 ദുലീപ് ട്രോഫി മത്സരങ്ങളിൽ നിന്ന് അഞ്ചു വിക്കറ്റുകൾ നേടി. 1967 സീസണിൽ മദ്രാസിനായി ബോംബെക്കെതിരെ രഞ്ജി ട്രോഫി ഫൈനലും കളിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും MBBS പാസായ ഈ കണ്ണൂർ സ്വദേശി ക്രിക്കറ്റ് കരിയറിനു ശേഷം യു.എസിലേക്ക് പോയി പ്രാക്ടീസ് ആരംഭിച്ചു.

ഇന്ത്യ സന്ദർശിച്ച സിലോൺ (ശ്രീലങ്ക) ടീമിനെതിരെ 1965 ജനുവരി 2ന് തുടങ്ങിയ “ടെസ്റ്റ്” മത്സരത്തിൽ മൻസൂർ അലി ഖാൻ പട്ടോഡിയുടെ ഇന്ത്യൻ ടീമിൽ ഭാസ്കരനും ഇടം നേടി. സിലോൺ നാലു വിക്കറ്റിന് വിജയിച്ച മത്സരത്തിൽ അദ്ദേഹം രണ്ട് വിക്കറ്റുകൾ ആദ്യ ഇന്നിംഗ്‌സിൽ നേടി. സിലോണിന് അന്താരാഷ്ട്ര മൽസര പദവി ഇല്ലാതിരുന്നതിനാൽ ഈ ടെസ്റ്റ് അനൗദ്യോഗിക മത്സരമായാണ് രേഖപ്പെടുത്തിയത്.

2020 നവംബർ 21ന് അദ്ദേഹം നിര്യാതനായി.

By admin

Leave a Reply