By Suresh Varieth
29th Dec 2022
37 ആം വയസ്സിൽ തൻ്റെ കരിയറിൻ്റെ അന്ത്യത്തിൽ, ഫോമില്ലായ്മയും പരിക്കും മൂലം ഉഴലുന്ന ഡേവിഡ് വാർണറായിരുന്നു ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ചൂടുള്ള ചർച്ച. ഈ ടെസ്റ്റിലും പരാജയമായാൽ അയാളുടെ കരിയറിന് ഏറെക്കുറെ അന്ത്യമാവുമെന്ന് ക്രിക്കറ്റ് വിദഗ്ധർ മാത്രമല്ല, സെലക്ടർമാരും വിധിയെഴുതിക്കഴിഞ്ഞിരുന്നു, പ്രത്യേകിച്ചും മാർക്കസ് ഹാരിസിനെയും വിൽ പുകോസ്കിയെയും മാത്യു റെൻഷോയേയും പോലുള്ള മിടുക്കർ അവസരം കാത്തു നിൽക്കുമ്പോൾ … അഭ്യൂഹങ്ങൾക്കെല്ലാം പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ബോക്സിങ് ഡേ ടെസ്റ്റിൻ്റെ രണ്ടാം ദിവസം വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. വിമർശകരുടെ വായടപ്പിച്ചു കൊണ്ട് തൻ്റെ നൂറാം ടെസ്റ്റിൽ അയാൾ ആദ്യ ഇന്നിങ്ങ്സിൽത്തന്നെ നേടിയത് 200 റൺസാണ്… ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറി…. അതിൽ മൂന്നെണ്ണം ഡബിൾ സെഞ്ചുറി ..
ഇനിയൊരൽപ്പം റെക്കോർഡുകളിലേക്ക്.- കളിച്ച 100 ആം ടെസ്റ്റ് മത്സരത്തിലും 100 ആം ഏകദിന മത്സരത്തിലും സെഞ്ചുറിയടിച്ച രണ്ടാമത്തെ കളിക്കാരനാണ് വാർണർ. 2017ൽ ബംഗളൂരുവിൽ ഇന്ത്യക്കെതിരെ നൂറാം ഏകദിന മത്സരം കളിച്ച വാർണർ 124 റൺസടിച്ചതിനു പുറമേ ആരൊൺ ഫിഞ്ചിനൊപ്പം 231 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമുണ്ടാക്കി പുതിയൊരു ഓസ്ട്രേലിയൻ റെക്കോർഡുമിട്ടു. 100 ആം ഏകദിനത്തിലും 100 ആം ടെസ്റ്റിലും സെഞ്ചുറിയടിച്ച ആദ്യത്തെയാൾ വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ ഗോർഡൻ ഗ്രീനിഡ്ജാണ്. 1988 ൽ ഷാർജയിൽ പാക്കിസ്ഥാനെതിരെ നൂറാം മത്സരം കളിച്ച അദ്ദേഹം 102 റൺസ് നേടി പുറത്താവാതെ നിന്നെങ്കിലും മൽസരം വിൻഡീസ് 84 റൺസിന് തോറ്റു. 1990 ൽ ജമൈക്കയിൽ തൻ്റെ നൂറാം ടെസ്റ്റ് കളിച്ച ഗ്രീനിഡ്ജ് ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ 149 റൺസ് നേടി. മത്സരം വിൻഡീസ് വിജയിച്ചു.

നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ രണ്ടാമൻ ആണ് വാർണർ. 2021 ഫെബ്രുവരിയിൽ ചെന്നൈയിൽ ഇന്ത്യക്കെതിരെ തൻ്റെ നൂറാം ടെസ്റ്റിൽ അന്നത്തെ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസഫ് റൂട്ട് ആദ്യ ഇന്നിങ്സിൽ അടിച്ചത് 218 റൺസാണ്. ടെസ്റ്റ് ഇംഗ്ലണ്ട് 227 റൺസിന് ജയിച്ചു.

നൂറാം ടെസ്റ്റിൽ രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടിയ റെക്കോർഡ് മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനു സ്വന്തമാണ്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോൽവിയെ മുഖാമുഖം കാണുന്നതിനാൽ ആ റെക്കോർഡിന് വാർണർ ഒപ്പമെത്തുമെന്ന് കരുതാൻ വയ്യ.