By Suresh Varieth

“നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണോ അതോ ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക ക്രിക്കറ്റ് കളിക്കണോ “? സിംബാബ്‌വേ ക്രിക്കറ്റ് അധികൃതരുടെ ചോദ്യം അയാൾക്ക് മുൻപിൽ ഒരു തലവേദനയായി. മികച്ച പ്രതിഭകളുമായി മാറ്റുരയ്ക്കുന്ന ദക്ഷിണാഫ്രിക്കയിൽ പക്ഷേ വർണ വിവേചനം മൂലമുള്ള അന്താരാഷ്ട്ര രംഗത്തെ വിലക്ക് എന്നു തീരുമെന്നൊരു പിടിയുമില്ല. കെപ്ളർ വെസൽസിനെ പോലുള്ള പ്രതിഭാധനർ മറ്റു ടീമുകളിലേക്കു പോയി. ഒടുവിൽ അയാൾ തീരുമാനിച്ചു – മാതൃരാജ്യത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുക തന്നെ.

” അന്താരാഷ്ട്ര രംഗത്ത് ഒരു പാട് അവസരങ്ങൾ എന്നെ മാടി വിളിച്ചിരുന്നു. പക്ഷേ സിംബാബ്‌വേ ക്രിക്കറ്റിൻ്റെ ഉന്നമനമായിരുന്നു എനിക്കെല്ലാം.. ” ഡേവിഡ് ഹ്യൂട്ടൻ ഇതു പറയുമ്പോൾ ഒരു പക്ഷെ അദ്ദേഹത്തിൻ്റെ മനസ്സിൽ ഗ്രേം ഹിക്കും ഡങ്കൻ ഫ്ലച്ചറുമെല്ലാം ആയിരിക്കും. കളിക്കാനായാലും കോച്ചിങ്ങിനായാലും അദ്ദേഹം തൻ്റെ സേവനം സമർപ്പിച്ചത് തൻ്റെ രാജ്യത്തിനു മാത്രമായിരുന്നു.

രാജ്യത്തിനു വേണ്ടി ഹോക്കിയിൽ ഗോൾ കീപ്പറായിരുന്ന ഹ്യൂട്ടൻ, ക്രിക്കറ്റ് പ്രൊഫഷനായി തെരഞ്ഞെടുക്കുമ്പോഴും ഏതാണ്ട് സമാന പൊസിഷനിൽത്തന്നെയായിരുന്നു. ആൻഡി ഫ്ലവറിനു മുമ്പ് സിംബാബ്‌വേ ക്രിക്കറ്റ് ലോകത്തിനു നൽകിയ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ – ബാറ്റർ സിംബാബ്വേയുടെ ആദ്യ ഏകദിന മത്സരവും ആദ്യ ടെസ്റ്റ് മത്സരവും കളിച്ചയാൾ കൂടിയാണ്. 1983 ലോകകപ്പിൽ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ സിംബാബ്വേ 13 റൺസിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തുമ്പോൾ പക്ഷേ, ആദ്യ പന്തിൽ ത്തന്നെ ഗ്രഹാം യാലൊപ്പിനു വിക്കറ്റ് നൽകാനായിരുന്നു ഹ്യൂട്ടൻ്റെ വിധി.

വീണ്ടുമൊരു മെഗാ ഇവൻറിനായി 1987 ലെ ലോകകപ്പ് വരെ സിംബാബ്‌വേക്ക് കാത്തിരിക്കേണ്ടി വന്നു. ഹൈദരാബാദിൽ ന്യൂസിലാൻ്റിനെതിരെ നടന്ന മത്സരം പക്ഷേ അക്കാലത്ത് ക്രിക്കറ്റ് പിന്തുടർന്നവർ മറക്കും എന്നു തോന്നുന്നില്ല. 243 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 104 /7 എന്ന നിലയിൽ അനിവാര്യമായ പരാജയത്തെ ഏറ്റുവാങ്ങാനൊരുങ്ങുമ്പോഴാണ് വൺഡൗണിൽ ഇറങ്ങിയ ഹ്യൂട്ടനും ഒമ്പതാമൻ ഇയാൻ ബുച്ചാർട്ടും ഒത്തു ചേരുന്നത്.ഇവരുടെ കൂട്ടുകെട്ട് 221 വരെ സിംബാബ്വെയെ എത്തിച്ചു. 137 പന്തിൽ 13 ഫോറും 6 സിക്സറുമടക്കം 142 റൺസ് നേടിയ ഹ്യുട്ടൻ മടങ്ങുമ്പോൾ വിജയത്തിന് 22 റൺസ് അടുത്തെത്തിയിരുന്നു അവർ. ഏകദിന ലോകകപ്പിലെ വീറുറ്റ ബാറ്റിങ്ങ് പ്രകടനങ്ങളിൽ ഒരു പക്ഷേ എവിടെയും പ്രതിപാദിക്കാത്ത ഒരു പ്രകടനമായിരിക്കാം ഹ്യൂട്ടൻ്റെ ഈ മത്സരം. ബുച്ചാർട്ട് 54 റൺസെടുത്ത് അവസാനക്കാരനായി പുറത്താവുമ്പോൾ സിംബാബ്‌വേ ന്യൂസിലൻ്റ് സ്കോറിൽ നിന്നും മൂന്ന് റൺസ് അകലെയായിരുന്നു.

35 ആം വയസ്സിൽ ആദ്യ ടെസ്റ്റ് കളിക്കുക എന്നത് ഹ്യൂട്ടനെപ്പോലൊരു പ്രതിഭക്കു കിട്ടിയ ഒരാഘാതമായിരിക്കും. എത്രയോ താരങ്ങൾ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്ന പ്രായത്തിലാണ് 1992 ൽ ഹരാരെയിൽ ഇന്ത്യക്കെതിരെ സിംബാബ് വേയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടീമിനെ നയിക്കാൻ അദ്ദേഹത്തിന് ഭാഗ്യം കിട്ടിയത്. കപിൽ, പ്രഭാകർ, ശ്രീനാഥ്, രാജു, കുംബ്ലെ എന്നിവരടങ്ങിയ ബൗളിങ്ങ് നിരയെ ചെറുത്തു നിന്ന് ആദ്യ ഇന്നിങ്ങ്സിൽ 121 ഉം രണ്ടാമിന്നിംഗ്സിൽ 41 ഉം നേടി ടെസ്റ്റ് അരങ്ങേറ്റത്തിൽത്തന്നെ സിംബാബ്വേക്ക് സമനില നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി. ശ്രീലങ്കക്കെതിരെ അദ്ദേഹം നേടിയ 266 റൺസ് ഇന്നും ടെസ്റ്റിൽ ഒരു സിംബാബ്വേ താരത്തിൻ്റെ ഉയർന്ന സ്കോറാണ്.

ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവുമുയർന്ന 8 ആം വിക്കറ്റ് പാർട്ണർഷിപ്പ് – 117 Vs ന്യൂസിലാൻ്റ് 1987 ( ഇയാൻ ബുച്ചാർട്ടുമൊത്ത് )

കരിയറിൽ ഒരു ഡക്ക് ഇല്ലാതെ ഏറ്റവുമധികം ടെസ്റ്റ് റൺസ് – 1464

കരിയറിൽ 22 ടെസ്റ്റ് / 66 ഏകദിനം മാത്രം കളിക്കാൻ വിധിക്കപ്പെട്ട, ലോക ക്രിക്കറ്റിലെ നിർഭാഗ്യവാൻമാരിലൊരാളായി നമുക്ക് വേണമെങ്കിൽ ഹ്യുട്ടനെ കണക്കാക്കാം. സ്കോർബോർഡിലെ അക്കങ്ങളിലുപരി ഒരു രാജ്യത്തിൻ്റെ ക്രിക്കറ്റ് ഭാഗധേയം നിർണയിക്കുന്ന “ഇംപാക്ട് പ്ലെയർ ” കാറ്റഗറിയിൽ ഒരാൾ കൂടി ….

By admin

Leave a Reply