By Suresh Varieth

1992 ഡിസംബറിലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ….. ഫാനി ഡിവിലിയേഴ്സ് എന്ന പേസറുടെ കൂടെ ആദ്യമായി അന്താരാഷ്ട്ര കളിക്കളത്തിലിറങ്ങിയ ഡേവിഡ് തികച്ചും ശുഭപ്രതീക്ഷയോടെയാവണം പന്തെടുത്തിട്ടുണ്ടാവുക. പ്രതിഭാധനർ നിറഞ്ഞ ബൗളിങ്ങ് യൂണിറ്റിൽ, ബാറ്റിങ്ങ് ഓൾറൗണ്ടർ പരിവേഷത്തോടെ എത്തിയ അയാൾക്ക് ലഭിച്ചത് വെറും മൂന്ന് ഓവറുകൾ മാത്രമാണ് . ഹാൻസി ക്രോണ്യേ എന്ന ഭാവി വാഗ്ദാനം പന്തു കൊണ്ടു ഇന്ത്യയുടെ അന്തകനായ മത്സരത്തിൽ ബാറ്റിങ്ങിൽ അഞ്ചാമനായിറങ്ങി ക്രോണിയേയോടൊപ്പം ടീമിനെ വിജയത്തിലേക്ക് നയിക്കേണ്ട ചുമതലയേ അയാൾക്കുണ്ടായിരുന്നുള്ളൂ. ഏതാനും മത്സരങ്ങളിലെ മോശമല്ലാത്ത പ്രകടനങ്ങൾക്കിടയ്ക്കാണ് ആ മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ട വാർത്ത ഇടിത്തീ പോലെ അയാളിലും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയിലും പടർന്നു കയറിയത്. വൃഷണങ്ങളിൽ കാണപ്പെട്ട രോഗം ചികിത്സിച്ചില്ലെങ്കിൽ ഒരു പക്ഷേ ജീവനു തന്നെ ഭീഷണിയായേക്കാം.

1980 കളുടെ മധ്യത്തിൽ ഇംഗ്ലീഷ് കൗണ്ടി സസക്സിൻ്റെ രണ്ടാം ഡിവിഷനിൽ കളിച്ച് തിരിച്ചെത്തിയ ഡേവ് കാലഹൻ തൻ്റെ നിർബന്ധ സൈനിക സേവനത്തിനു ശേഷം തെരഞ്ഞെടുത്തത് പക്ഷേ ക്രിക്കറ്റായിരുന്നില്ല. ദിവസം 150 റാൻഡൽ മാത്രം പ്രതിഫലം കിട്ടുന്ന ക്രിക്കറ്റിനെക്കാൾ അയാളെ ആകർഷിച്ചത് നാനൂറു റാൻഡൽ ദിവസവും ലഭിക്കുന്ന റഗ്ബി തന്നെയായിരുന്നു. കാലഹനെന്ന പ്രതിഭയെ മനസ്സിലാക്കിയ ഓസ്ട്രേലിയൻ – സൗത്ത് ആഫ്രിക്കൻ താരം കെപ്ളർ വെസൽസ് ആ പയ്യനെ പറ്റി ഇംഗ്ലീഷ് കൗണ്ടിയിൽ നോട്ടിങ്ഹാം ഷയറിൻ്റെ ലെജൻറും ക്യാപ്റ്റനുമായ ക്ലൈവ്‌ റൈസിനോടു സംസാരിച്ചു. സർ റിച്ചർഡ് ഹാഡ്ലി നോട്സ് വിടുമ്പോൾ ഒഴിച്ചിടുന്ന കസേരയിലേക്ക് കാലഹനെ കൊണ്ടു വരാനായിരുന്നു റൈസിൻ്റെ ആഗ്രഹം. ഹാഡ്ലി പക്ഷേ പിന്തുണച്ചത് ന്യൂസിലാൻ്റ് സഹതാരമായിരുന്ന ലാൻസ് കെയിൻസിൻ്റെ മകൻ ക്രിസ് കെയിൻസിനെയായിരുന്നു. എന്നാലും കെയിൻസിനും ഡേവിനും അവസരം നൽകാൻ നോട്ടിങ്ങ്ഹാംഷയർ തയ്യാറായി.

പെട്ടെന്നുണ്ടായ തീരുമാനത്താൽ ജോലി വിസ ശരിയാവാതെ തന്നെ ഡേവ് ഇംഗ്ലണ്ടിലേക്ക് വിമാനം കയറി. ഹീത്രൂ വിമാനത്താവളത്തിൽ വച്ച് സഹ ദക്ഷിണാഫ്രിക്കക്കാരൻ, വൂഴ്സ്റ്റർ ഷയറിനു കളിക്കാൻ പോകുന്ന ഡാരിൽ കള്ളിനാനെയും കൂട്ടിനു കിട്ടി. ജോലി വിസയില്ലാതെ ഇംഗ്ലണ്ടിലെത്തിയ കാലഹന് പക്ഷേ സമയോചിതമായി പറഞ്ഞ ചെറിയൊരു കള്ളം സഹായകരമായി. പരിശോധകനോട് താൻ ഇംഗ്ലീഷ് താരം എഡ്ഡി എമ്മിങ്സിൻ്റെ ശുപാർശയിലാണ് വന്നതെന്ന് വെറുതെയൊന്നു പറഞ്ഞു. എമ്മിങ്ങ്സിൻ്റെ കടുത്ത ആരാധകനായ സെക്യൂരിറ്റിക്കാരനു വേറെയൊന്നും നോക്കാനുണ്ടായിരുന്നില്ല….. ഡേവ് പിന്നീടറിഞ്ഞു, ഡാറിൽ കള്ളിനാനു ക്ലിയറൻസ് കിട്ടിയില്ല എന്ന കാര്യം.
എന്തായാലും നോട്ടിങ്ങാംഷെയറിൽ എത്തിയതോടെ അയാളുടെ നല്ല കാലം ആരംഭിച്ചു. അവർക്കായി ഇറങ്ങിയ ആദ്യ മത്സരത്തിലെ ആദ്യ പന്തിൽത്തന്നെ വിക്കറ്റെടുത്ത് അത്തരത്തിൽ ചെയ്യുന്ന അഞ്ചാമനായി റെക്കോർഡ് ബുക്കിലിടം നേടിയ ഡേവിനു പക്ഷേ അധിക കാലം നോട്ടിങ്ഹാമിൽ കളിക്കാൻ കഴിഞ്ഞില്ല. ഒരു വിദേശ താരം മതിയെന്ന നിയമം വന്നതോടെ മറ്റുള്ളവർ സ്വാഭാവികമായും ക്ലൈവ് റൈസിനു വേണ്ടി ബഞ്ചിലിരിക്കേണ്ട അവസ്ഥ വന്നു. ദക്ഷിണാഫ്രിക്കൻ ജൂനിയർ രാജ്യാന്തര ടീമുകളിലിടം പിടിച്ച അദ്ദേഹം തുടർച്ചയായ മികച്ച പ്രകടനങ്ങളോടെ 1992 ൽ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു.

അരങ്ങേറി അധികം താമസിയാതെ ക്യാൻസർ രോഗത്തിന് ചികിത്സയ്ക്കായി പോയ കാലഹൻ 1994 ൽ ടീമിൽ തിരിച്ചെത്തിയത് ഒരു റെക്കോർഡിനു വേണ്ടി മാത്രമായിരുന്നു. സെഞ്ചുറിയനിൽ ന്യൂസിലാൻ്റിനെതിരായ ഏകദിനത്തിൽ ഹഡ്സനോടൊപ്പം ഓപ്പൺ ചെയ്ത അദ്ദേഹം 169 (143 പന്ത്-19 ഫോർ 4 സിക്സർ ) നേടി പുറത്താവാതെ നിന്നു. കൂടാതെ 32 റൺസിനു 3 വിക്കറ്റുകളും മാർട്ടിൻ ക്രോവെയെ റൺ ഔട്ടാക്കിയതും ചേർന്നപ്പോൾ മാൻ ഓഫ് ദ് മാച്ചിനു വേറൊരു അവകാശി ഉണ്ടായിരുന്നില്ല. ഈയൊരു ഇന്നിംഗ്സ് ഒരു അപൂർവമായ, ഇതുവരെയും തകർക്കപ്പെടാത്ത റെക്കോർഡും അദ്ദേഹത്തിനു സമ്മാനിച്ചു. അന്താരാഷ്ട്ര ഏകദിനത്തിൽ ഒരു അർദ്ധ സെഞ്ചുറി കരിയറിൽ രേഖപ്പെടുത്താതെ ഏറ്റവുമുയർന്ന സ്കോർ നേടിയത് ഇദ്ദേഹമാണ്.
1992 മുതൽ 2000 വരേയുള്ള കരിയറിൽ പക്ഷേ അധികം മുന്നോട്ടു പോവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അസുഖം വഴിമുടക്കിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ദക്ഷിണാഫ്രിക്ക കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാകാമായിരുന്ന അദ്ദേഹം വെറും 29 ഏകദിന മത്സരങ്ങളിൽ തൻ്റെ കരിയർ അവസാനിപ്പിച്ചു.

By admin

Leave a Reply