By Suresh Varieth

15, 1, 4, 12, 13, 12, 1, 16, 7, 21…….

ഒരു മുൻനിര ബാറ്ററുടെ പത്ത് ട്വൻറി ട്വൻറി ഇന്നിങ്ങ്സുകളിലെ സ്കോറുകളാണിത്. സാധാരണ ഒരാളാണ് ഇയാളെങ്കിൽ ഏതൊരു ടീമും മറ്റൊരാളെ വച്ച് ഈ കളിക്കാരനെ റീപ്ലേസ് ചെയ്യും. എന്നിട്ടും, 2021 T20 ലോകകപ്പിലെ എല്ലാ കളിയിലും വെസ്റ്റിൻഡീസ് ടീം അയാളിൽ വിശ്വാസമർപ്പിച്ചു. കാരണം, തകർന്നു കിടക്കുന്ന വിൻഡീസ് ക്രിക്കറ്റിന് ചുരുങ്ങിയത് T20 രംഗത്തെങ്കിലും അൽപ്പം പൂർവ പ്രതാപം പാടി നടക്കാൻ അയാൾ അത്യധ്വാനം ചെയ്തിരിക്കുന്നു.

2021 T20 ലോകകപ്പ് തുടങ്ങുമ്പോൾ വിൻഡീസ് ടീമിലേക്ക് ഗെയ്ലിനെ ഉൾപ്പെടുത്തിയതിനെ ബൗളിങ് ഇതിഹാസം കർട്ലി അംബ്രോസ് കർശനമായി വിമർശിച്ചതും ഗെയ്ൽ തിരിച്ചടിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. അംബ്രോസിനു പിന്തുണയുമായി സർ വിവ് റിച്ചാർഡ്സ് രംഗത്തെത്തിയതോടെ തൽക്കാലം ഗെയ്ൽ ശാന്തനായി .

പക്ഷേ മുൻ താരങ്ങളായിരുന്നു ശരിയെന്ന് ഈ ലോകകപ്പ് വെളിപ്പെടുത്തി. പ്രായം…. അതാരെയും കാത്തു നിൽക്കില്ല. ക്രീസിലെ ചടുല താളങ്ങൾ ആവശ്യപ്പെടുന്ന, ഫീൽഡിലെ ദീർഘദൂര ചേസിങ്ങുകളും കൺചിമ്മുന്ന വേഗതയിലുള്ള പിക്ക്‌ അപ് ആൻറ് ത്രോയും ആവശ്യപ്പെടുന്ന ആധുനിക കാല ക്രിക്കറ്റിൽ താങ്കളുടെ 42 വയസ്സ് ഒരു വലിയ പ്രായം തന്നെയാണ്.

വിൻഡീസ് ക്രിക്കറ്റിൽ ഷിമ്റോൺ ഹെറ്റ്മെയറെയും നിക്കോളാസ് പൂരാനേയും പോലെ ഒരുപാടു താരങ്ങൾ ഇനിയും ഉയർന്നു വരുമായേക്കും. പക്ഷേ കാലത്തെ അതിജീവിച്ച കൊടുങ്കാറ്റ്, യൂണിവേഴ്സൽ ബോസ്…. അതു താങ്കൾ മാത്രമാണ്.

By admin

Leave a Reply