By Suresh Varieth

  ഏതാനും വർഷങ്ങൾക്ക് മുമ്പാണ്, ക്ലബ് ക്രിക്കറ്റിൽ നിറഞ്ഞു നിന്നിരുന്ന ഒരു ടീനേജ് പയ്യൻ വളരെ നിരാശനായി എറണാകുളം സ്വാൻ്റൻസ് ക്ലബിലെത്തി. സ്റ്റിച്ച് ബോളിൻ്റെ പ്രൊഫഷണൽ ലോകത്തു നിന്നും കൂടുതൽ ജനകീയമായ ടെന്നീസ് ബോൾ ക്രിക്കറ്റിലേക്ക് അതിനിടയ്ക്ക് അയാൾ ഒന്നു ചുവടു മാറ്റി നോക്കിയിരുന്നു. കളിച്ചു നടന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ഗൾഫിലൊരു ജോലിക്ക് ശ്രമിക്കണമെന്നും പറഞ്ഞ അവനോട്, അയാളുടെ ശക്തിയെക്കുറിച്ച് ക്ലബിൻ്റെ നടത്തിപ്പുകാരനും കോച്ചുമായ CM ദീപക് കുറച്ചു നേരം സംസാരിച്ചു. നിലവിൽ 150 Km/h സ്പീഡിൽ പന്തെറിയുന്നവർ കേരളത്തിൽ വേറൊരാളില്ല. കഴിവുകൾ തേച്ചു മിനുക്കണമെങ്കിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ തന്നെ തുടരണം, ജോലി നമുക്ക് ശരിയാക്കാം..... മുൻ കേരളാ താരവും രഞ്ജി ട്രോഫിയിൽ കേരളത്തിനായി സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പറുമായ ദീപക്കിൻ്റെ ഉപദേശം അവൻ സ്വീകരിച്ചു. ബേസിൽ തമ്പിയെന്ന ആ പെരുമ്പാവൂരുകാരൻ IPL ൽ "എമേർജിങ്ങ് പ്ലെയർ " ആയതും ഇന്ത്യൻ ക്യാമ്പിലെത്തിയതും പിന്നീടുള്ള ചരിത്രം.

     2013 ൽ എറണാകുളത്തിനായി അണ്ടർ-22 മത്സരങ്ങളിൽ അരങ്ങേറിയ ബേസിലിന് എന്തായാലും അധികം കാത്തിരിക്കേണ്ടി വന്നില്ല. കേരളത്തിനായി 2013-14 സീസണിൽ തൻ്റെ ഇരുപതാം വയസ്സിൽ ലിസ്റ്റ് A യിൽ ഇറങ്ങിയ അദ്ദേഹം ആന്ധ്രക്കെതിരെ 20 റൺസിന് 3 വിക്കറ്റെടുത്ത് കേരളത്തിൻ്റെ 9 വിക്കറ്റ് വിജയത്തിൽ പ്രശാന്ത് പദ്മനാഭനൊപ്പം (3/11) പങ്കാളിയായി. അതേ വർഷം തന്നെ കേരളാ അണ്ടർ-25 ടീമിലും കളിച്ച ബേസിൽ മധ്യ പ്രദേശിനെതിരെ ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാമിന്നിങ്ങ്സിൽ രണ്ടും വിക്കറ്റുകൾ നേടി വിജയത്തിൽ തൻ്റെതായ സംഭാവന നൽകി. മനു കൃഷ്ണനും അഭിഷേക് മോഹനുo ഇരു ഇന്നിങ്ങ്സുകളിലുമായി അഞ്ചു വീതം വിക്കറ്റുകൾ നേടി. 2015 ൽ അണ്ടർ 23 കേരളാ ടീമിനായി ഇറങ്ങിയ ബേസിലിൻ്റെ ഹിമാചലിനെതിരായ പ്രകടനം (5/106 & 3/43) വേറിട്ടുനിന്നു. 

         2014-15 സീസണിൽ കേരളാ രഞ്ജി ടീമിനായി കളിച്ച് തുടങ്ങിയ ബേസിലിന് 5 മത്സരങ്ങളിലും അവസരം ലഭിച്ചു. ഗോവക്കെതിരെ 4/110 എന്ന ഒരു മികച്ച പ്രകടനവും കാഴ്ച വച്ചു. 2016ൽ ഹനുമാ വിഹാരി നയിച്ച ആന്ധ്രക്കെതിരെ 3/33, 2017 ൽ സൗരാഷ്ട്രക്കെതിരെ 3/36, 2018 ൽ ശക്തരായ ബംഗാളിനെതിരെ വിജയം നേടാൻ സഹായിച്ച 4/57 & 3/59 എന്നിവ അദ്ദേഹത്തിൻ്റെ മികച്ച പ്രകടനങ്ങളിൽ ചിലതാണ്.

       2017 ഒരു പക്ഷേ ബേസിലിൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരിക്കും. ഫെബ്രുവരിയിൽ വന്ന ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്കായി നെറ്റ്സ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ട ബേസിലിനെ IPL ടീം ഗുജറാത്ത് ലയൺസ് ₹. 85 ലക്ഷത്തിന് തങ്ങളുടെ ക്യാമ്പിലെത്തിച്ചു. ഇറങ്ങിയ ആദ്യ മൂന്നു മത്സരത്തിലും വിക്കറ്റ് ലഭിക്കാതിരുന്ന ബേസിലിൽ വിശ്വാസമർപ്പിച്ച ലയൺസിൻ്റെ ക്യാപ്റ്റൻ സുരേഷ് റെയ്നക്കു പിഴച്ചില്ല. ആദ്യ മത്സരങ്ങളിലെ തോൽവി കാരണം അധികമൊന്നും അവർക്ക് മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും, ക്രിസ് ഗെയ്ലിൻ്റെയും വിരാട് കോഹ്ലിയുടെയും ധോണിയുടെതുമടക്കം സീസണിൽ 11 വിക്കറ്റുകൾ വീഴ്ത്തിയ ബേസിൽ "എമേർജിങ്ങ് പ്ലെയർ " അവാർഡ് നേടിയ രണ്ടാമത്തെ മലയാളി താരവുമായി .

      അതേ വർഷം തന്നെ ശ്രീലങ്കൻ പര്യടനത്തിനുള്ള T20 സ്ക്വാഡിൽ ഇടം നേടിയ ബേസിലിന് കളിക്കാൻ ഇറങ്ങാനായില്ലെങ്കിലും മികച്ച അന്താരാഷ്ട്ര അനുഭവത്തിന് ഇത് സഹായകമായി. ഗുജറാത്ത് ലയൺസ് ഫ്രാഞ്ചൈസി ഇല്ലാതായതിനെത്തുടർന്ന് അടുത്ത വർഷം സൺ റൈസേഴ്സ് ഹൈദരാബാദ് ബേസിലിനെ ടീമിലെടുത്തു. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിലെത്തിയ ബേസിൽ അവസരം കിട്ടിയപ്പോൾ നല്ല പ്രകടനം കാഴ്ചവച്ചു.

         ഇരുപത്തൊമ്പതുകാരനായ ബേസിലിന് നിധീഷും ഈഡനും ആസിഫുമെല്ലാം ഉൾപ്പെട്ട കേരളാ ടീമിൻ്റെ ചുക്കാൻ പിടിക്കുക എന്ന വലിയൊരു ഉത്തരവാദിത്തം മുന്നിലുണ്ട്. IPL ൽ മാത്രമല്ല ഇന്ത്യൻ ടീമിനു വേണ്ടിയും മുൻനിര ബൗളറാവാൻ അദ്ദേഹത്തിനു കഴിയട്ടെ.

       ജൻമദിനാശംസകൾ

By admin

Leave a Reply