By Suresh Varieth
ജനുവരി 13, 1964 … ലോക ക്രിക്കറ്റിൽ ഒരു പക്ഷേ ഇനിയൊരാൾ ആവർത്തിക്കാനോ തകർക്കാനോ സാധ്യതയില്ലാത്ത ഒരു റെക്കോർഡ് ഒരിന്ത്യക്കാരൻ നേടിയ ദിവസമാണ് .. ഡോൺ ബ്രാഡ്മാൻ്റെ ബാറ്റിങ്ങ് ശരാശരി പോലെ, ജിം ലേക്കർ ഒരു ടെസ്റ്റിൽ നേടിയ 19 വിക്കറ്റ് പോലെ, ഒരു പക്ഷേ സച്ചിൻ്റെ നൂറ് അന്താരാഷ്ട്ര സെഞ്ചുറികൾ പോലെ ഇനിയൊരാൾക്ക് തകർക്കാൻ കഴിയാത്തൊരു റെക്കോർഡിലേക്കാണ് രമേഷ് ചന്ദ്ര ഗംഗാറാം “ബാപ്പു ” നാദ്കർണ്ണി പന്തെറിഞ്ഞത്.
മദ്രാസിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് .. ആദ്യ ഇന്നിംഗ്സിൽ ബുധി കുന്ദേരൻ്റെ 192 റൺസിൻ്റെയും വിജയ് മഞ്ജ്രേക്കറുടെ 108 റൺസിൻ്റെയും അടിത്തറയിൽ 457/7 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യക്കെതിരെ വിശ്രമ ദിനത്തിനു ശേഷം മൂന്നാം ദിവസം ഇംഗ്ലണ്ട് ബാറ്റിങ്ങ് തുടർന്നു. ഇന്ത്യൻ സ്പിന്നർമാരെ പ്രതിരോധിക്കാൻ 80 കൾ സ്കോർ ചെയ്ത ബ്രയാൻ ബോളസും കെൻ ബാരിങ്ങ്ടനും മാത്രമേ ശ്രമിച്ചുള്ളൂ. ചന്ദു ബോർഡേ അഞ്ചും സലിം ദുറാനി മൂന്നും വിക്കറ്റുകളെടുത്തപ്പോൾ ഇംഗ്ലണ്ട് ഇന്നിംഗ്സ് 317 ൽ അവസാനിച്ചു.

Stealing the show എന്ന് വിശേഷിപ്പിക്കാവുന്നത് പക്ഷേ,ബാപ്പു നാദ്കർണിയെ ആയിരുന്നു. ഇടംകയ്യൻ ഓർത്തഡോക്സ് സ്പിന്നറായ അദ്ദേഹം, പ്രാക്ടീസ് ചെയ്യുന്ന സമയങ്ങളിൽ പിച്ചിൽ നാണയം വച്ച് ആ സ്ഥലത്ത് പന്ത് പിച്ച് ചെയ്യിപ്പിച്ചിരുന്ന തൻ്റെ കൃത്യത ഇവിടെയും പുറത്തെടുത്തു. 114 മിനിട്ട് നീണ്ടു നിന്ന തൻ്റെ ഒരേ എൻഡിൽ നിന്നുള്ള ബൗളിങ്ങ് സ്പെല്ലിൽ അദ്ദേഹം ഒരു റൺപോലും വഴങ്ങാതെ തുടർച്ചയായി എറിഞ്ഞത് 131 പന്തുകളാണ്. അതായത് 21.5 ഓവറുകൾ. 21 ഓവറുകൾ തുടർച്ചയായി അദ്ദേഹം മെയ്ഡനാക്കി. തൻ്റെ സ്പെൽ അദ്ദേഹം അവസാനിപ്പിച്ചത് 32 – 27-5-0 എന്ന നിലയിലായിരുന്നു. അദ്ദേഹത്തിൻ്റെ ഭൂരിഭാഗം പന്തുകളും നേരിട്ടത് ബോളസും ബാരിങ്ങ്ടണും തന്നെയായിരുന്നു. സമനിലയിലായ ടെസ്റ്റിൻ്റെ രണ്ടാമിന്നിങ്ങ്സിൽ ആറോവർ ബൗൾ ചെയ്ത ബാപ്പു നാലും മെയ്ഡനാക്കി, ആറു റൺസ് വിട്ടു കൊടുത്ത് രണ്ടു വിക്കറ്റുകൾ നേടി. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബുധി കുന്ദേരൻ ഒഴികെ പത്തു പേരും പന്തെറിഞ്ഞ ഇന്നിങ്ങ്സും ആയിരുന്നു ഇത്.

41 ടെസ്റ്റുകൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച് 88 വിക്കറ്റുകളും ഒരു സെഞ്ചുറിയടക്കം 1414 റൺസുകളുമുള്ള അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയെയും ബോംബെയെയും പ്രതിനിധാനം ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8880 റൺസും 500 വിക്കറ്റും നേടിയ ബാപ്പു, ബിഷൻ സിങ്ങ് ബേദിയുടെ വരവോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പതുക്കെ അപ്രത്യക്ഷനായി. സുനിൽ ഗാവസ്കറുടെ മാർഗദർശികളിൽ പ്രധാനിയായി കണക്കാക്കപ്പെടുന്ന അദ്ദേഹം 2020 ജനുവരി 17 ന് അന്തരിച്ചു.