By Suresh Varieth
1992 ലെ വിൻഡീസിൻ്റെ ഓസ്ട്രേലിയൻ പര്യടനം, 1987 ലോകകപ്പ് നേടിയത് മുതൽ അപരാജിതരെന്ന നിലയിലേക്കുള്ള കുതിപ്പ് ഓസ്ട്രേലിയ തുടങ്ങിയ കാലമാണ്. മറുവശത്താവട്ടെ വിവിയൻ റിച്ചർഡ്സിനു ശേഷം ശക്തനായ പിൻഗാമിയില്ലാതെ ഉഴറുന്ന വിൻഡീസ്. ആദ്യ ടെസ്റ്റിൽ തട്ടിമുട്ടി ഡ്രോ പിടിച്ച വിൻഡീസിനെ രണ്ടാം ടെസ്റ്റിൽ 139 റൺസിന് ഓസീസ് തകർത്തെറിഞ്ഞു. റൺസൊഴുകിയ മൂന്നാം ടെസ്റ്റിൽ ബ്രയാൻ ലാറയുടെ ആദ്യ ഡബിൾ സെഞ്ചുറിയടക്കം കണ്ട മത്സരം ഒരു സ്വാഭാവിക സമനിലയായി. നാലാം ടെസ്റ്റിലാവട്ടെ അവസാന വിക്കറ്റിൽ ടിം മേയുടെയും ക്രെയ്ഗ് മക്ഡർ മോട്ടിൻ്റെയും ചെറുത്തു നിൽപ്പിനെ തോൽപ്പിച്ച് ഒരു റൺസിൻ്റെ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ത്രസിപ്പിക്കുന്ന വിജയങ്ങളിലൊന്ന് വിൻഡീസ് കഷ്ടിച്ച് സ്വന്തമാക്കി.
അവസാന ടെസ്റ്റിൻ്റെ ആദ്യ ദിനം. ഒരു വ്യാഴവട്ടക്കാലമായി സ്വദേശത്തോ വിദേശത്തോ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ലാത്ത വിൻഡീസിന് പെർത്തിൽ ഇനിയൊരു തോൽവി താങ്ങാൻ പറ്റില്ല. 85/2 എന്ന നിലയിൽ ഉച്ചഭക്ഷണ ശേഷം ഡേവിഡ് ബൂണും മാർക്ക് വോയും മുന്നോട്ട് നയിച്ച ഓസീസിനെതിരെ രണ്ടാം സ്പെൽ എറിയാൻ അയാളെത്തുന്നതു വരെയേ വിന്ഡീസിന് ആശങ്കകൾ ഉണ്ടായിരുന്നുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഇന്നുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മാരകമായ ബൗളിങ്ങ് സ്പെൽ കണ്ട സെഷൻ അവസാനിച്ചത് ഓസീസ് സ്കോർ 104/9 എന്ന നിലയിലായിരുന്നു. കർട്ലി അംബ്രോസിൻ്റെ ഭീകരാക്രമണത്തിൽ തകർന്ന് പവലിയനിൽ തിരിച്ചെത്തിയത് ഡേവിഡ് ബൂൺ, മാർക്ക് വോ, അലൻ ബോർഡർ, ഡാമിയൻ മാർട്ടിൻ ,ജോ ഏഞ്ചൽ, ഇയാൻ ഹീലി ,മെർവ് ഹ്യൂസ് എന്നിവരായിരുന്നു. ഏഴു വിക്കറ്റിനായി ഇദ്ദേഹം വിട്ടു കൊടുത്തത് ആവട്ടെ വെറും ഒരു റൺസ് !!!

ബിഗ് ബേർഡ്, ജോയൽ ഗാർണറുടെ പിൻഗാമിയെ തേടിയ വിൻഡീസ് ക്രിക്കറ്റ് ബോർഡിന് പിഴച്ചില്ല. 1988ൽ നാട്ടിൽ പാക്കിസ്ഥാനെതിരെയുള്ള സീരീസിൽ ആൻ്റിഗ്വക്കാരൻ കർട്ട്ലി അംബ്രോസ് അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ 2/121 എന്ന ബൗളിങ്ങ് ഫിഗറിലൊതുങ്ങിയ അദ്ദേഹം തൻ്റെ സെലക്ഷനെ സാധൂകരിക്കുന്നതൊന്നും തന്നെ ആ സീരീസിൽ പ്രകടിപ്പിച്ചില്ല. ടെസ്റ്റ് സീരീസിൽ ഏഴു വിക്കറ്റ് മാത്രം നേടിയ അംബ്രോസിന് തുടർന്ന് ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ പരിക്കേറ്റതും തിരിച്ചടിയായി. എന്നാൽ പിന്നീട് ഷാർജ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത 4/29 പ്രകടനത്തോടെ അദ്ദേഹം ക്രിക്കറ്റ് ലോകത്തിൻ്റെ ശ്രദ്ധയാകർഷിച്ചു. മേൽപ്പറഞ്ഞ, ഓസീസിനെതിരെയുള്ള ടെസ്റ്റിലെ ഒരു റൺ വിജയത്തിലും ശിൽപ്പി പത്തു വിക്കറ്റ് എടുത്ത ഈ ആറടി ഏഴിഞ്ച് കാരൻ തന്നെയായിരുന്നു.
1992 ലെ ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റും തുടർന്ന് ഇംഗ്ലീഷ് പര്യടനവും അബ്രോസ് എന്ന പേസ് ഇതിഹാസത്തിൻ്റെ വന്യത അരക്കിട്ടുറപ്പിക്കുന്നത് ആയിരുന്നു. ഇംഗ്ലണ്ടിനെ 46 റൺസിന് ഓൾ ഔട്ടാക്കുമ്പോൾ വിക്കറ്റ് പങ്കിട്ടത് അംബ്രോസും വാൽഷും തന്നെയായിരുന്നു. ഗാർണർ – ഹോൾഡിങ്ങ് – മാർഷൽ ത്രയത്തിനു ശേഷം ലോക ക്രിക്കറ്റിൽ അംബ്രോസ്- വാൽഷ് പേസ് സഖ്യം അവഗണിക്കാനാത്ത ശക്തിയായി. എന്നിരുന്നാലും മാധ്യമങ്ങളോട് പൊതുവെ അകലം പാലിച്ചിരുന്ന അംബ്രോസിൻ്റെ പല പ്രകടനങ്ങളും അധികം പാടിപ്പുകഴ്ത്തിയില്ല.

1995 നു ശേഷം പരിക്കു മൂലം പലപ്പോഴും കളത്തിലിറങ്ങാൻ കഴിയാതിരുന്ന അദ്ദേഹത്തിന് മിക്കവാറും ഇന്ത്യൻ പര്യടനത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. 95 നു ശേഷം വിൻഡീസ് പേസ് ബൗളിങ്ങ് നിരയുടെ മൂല്യ ശോഷണത്തെ തുടർന്ന് ടീമിനെ ഒറ്റക്ക് ചുമലിലേറ്റേണ്ടി വന്ന അംബ്രോസിനും വാൽവിനും സ്വാഭാവികമായും അതു പ്രകടനത്തെ ബാധിച്ചു. 2000 ഓഗസ്റ്റ് 31 ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റോടെ, തൻ്റെ 98 ആം ടെസ്റ്റിൽ അദ്ദേഹം എന്നെന്നേക്കുമായി കളിക്കളത്തോട് വിട പറഞ്ഞു. തുടർന്ന് ഒരു റെഗ്ഗി ( കരീബിയൻ സംഗീത ശാഖ ) ബാൻ്റിൻ്റെ ഗിറ്റാറിസ്റ്റായി പുതിയ ഇന്നിംഗ്സ് ആരംഭിച്ചു.