By Suresh Varieth
On 4th December 2021
ഇന്ത്യൻ ഇന്നിംഗ്സിലെ 110 ആം ഓവറിൻ്റെ തുടക്കം… ഇത്രയും സമ്മർദ്ദ നിമിഷങ്ങൾ അജാസ് പട്ടേൽ തൻ്റെ മുപ്പത്തിമൂന്ന് വർഷത്തെ ആയുസ്സിൽ അനുഭവിച്ചിട്ടുണ്ടാവില്ല. 2001 ൽ കാൻഡിയിൽ മുത്തയ്യാ മുരളീധരന് സംഭവിച്ചത് ഒരു പക്ഷേ തനിക്കു സംഭവിച്ചേക്കുമെന്ന് ആദ്യ രണ്ടു പന്ത് എറിഞ്ഞതിനു ശേഷം അയാൾ ഭയപ്പെട്ടിരുന്നിരിക്കാം. ജയന്ത് യാദവിനെ പവലിയനിലേക്ക് യാത്രയാക്കുമ്പോൾ അയാളെ വേട്ടയാടിയത് ഒരു പക്ഷെ മുരളിയുടെ അവസ്ഥയായിരിക്കാം. ഓർമയില്ലേ, സിംബാബ് വേയുടെ ഒമ്പതു വിക്കറ്റ് എടുത്ത മുരളി അടുത്ത ഓവറിനായി കാത്തു നിൽക്കുമ്പോൾ, ചാമിന്ദ വാസിൻ്റെ പന്ത് ഹെൻറി ഒലോംഗ എഡ്ജ് ചെയ്യുന്നതും അബദ്ധ വശാൽ കീപ്പർ കുമാർ സംഗക്കാര കൈയിലൊതുക്കുന്നതും …. നിരാശനായി പവലിയനിലേക്ക് നടക്കുന്ന മുരളി ഒരു പക്ഷേ ആ നിമിഷത്തെ ശപിച്ചിട്ടുണ്ടാവാം. അജാസിന് പക്ഷേ അങ്ങനെയൊന്നും വേണ്ടി വന്നില്ല. അതേ ഓവറിലെ അഞ്ചാം പന്തിൽത്തന്നെ സുരക്ഷിതമായി രചിൻ രവീന്ദ്രയുടെ കൈകളിലേക്ക് സിറാജ് സുരക്ഷിതമായി ലാൻറ് ചെയ്തു..

ജിം ലേക്കറോടും അനിൽ കുംബ്ളെയോടും കൂടെ ‘പെർഫെക്ട് ടെൻ’ ക്ലബ്ബിൽ അജാസ് പട്ടേലും ചേരുമ്പോൾ നിർഭാഗ്യത്തിനു മാത്രം ആ നേട്ടം നഷ്ടമാവുന്നത് നോക്കി നിൽക്കേണ്ടി വന്ന മുരളിയുടെ മുഖമാണ് ഓർമയിൽ. 1980 ന് ശേഷം മുരളി ( 1997 ൽ), കപിൽ, റിച്ചാർഡ് ഹാഡ്ലി , അബ്ദുൾ ഖാദിർ, ഡെവൺ മാൽക്കം, രംഗണ ഹെറാത്ത് എന്നിവരൊക്കെയും ഇന്നിംഗ്സിൽ 9 വിക്കറ്റെടുത്തിട്ടുണ്ടെങ്കിലും അവരിൽ പെർഫെക്ട് ടെന്നിനുള്ള സാധ്യത കുംബ്ലെക്കും മുരളിക്കും (2001 ൽ ) അജാസിനും മാത്രമായിരുന്നു.

2018 ൽ UAE യിൽ പാക്കിസ്ഥാനെതിരെ തൻ്റെ ആദ്യ ടെസ്റ്റിൽത്തന്നെ രണ്ടാമിന്നിങ്ങ്സിൽ അഞ്ചു വിക്കറ്റ് നേടി നാടകീയമായി ന്യൂസിലാൻറിന് വിജയം നേടിക്കൊടുത്ത, മുംബൈയിൽ എട്ടാം വയസ്സു വരെ ജീവിച്ച അജാസിന് പിന്നീട് തൻ്റെ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയിൽ വരുന്നതിന് മുമ്പ് ഒമ്പതു ടെസ്റ്റുകളിൽ നിന്ന് 26 വിക്കറ്റുകൾ നേടിയ അയാളുടെ ക്രെഡിറ്റിൽ മൂന്ന് 5 വിക്കറ്റ് നേട്ടങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ ഏഴ് T20 മത്സരങ്ങളിൽ കിവീസ് ക്യാപണിഞ്ഞ അജാസ് 11 വിക്കറ്റുകളും നേടി.