By Suresh Varieth

1994 മാർച്ച് 25 … അത്യപൂർവമായി മാത്രം കേരളത്തിൽ വിരുന്നു വരുന്ന ഒരു അന്താരാഷ്ട്ര ടീമിനെ വരവേൽക്കാൻ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം തയ്യാറായി. ത്രിദിന മത്സരത്തിൻ്റെ ആദ്യ ദിനം ടോസിനിറങ്ങിയ വിൻഡീസ് ക്യാപ്റ്റൻ, പിൽക്കാലത്ത് ലോക ക്രിക്കറ്റിലെത്തന്നെ ഇതിഹാസമായി മാറിയ ബ്രയാൻ ചാൾസ് ലാറ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനായി ഗ്രൗണ്ടിലിറങ്ങി. കൂടെയുളളവർ, പ്രതിഭയിൽ അദ്ദേഹത്തോടു കിടപിടിക്കുന്ന കാൾ ഹൂപ്പറും ശിവ് നറൈൻ ചന്ദർപോളും കൂടെ ഫിൽ സിമ്മൺസും ആൻഡേഴ്സൻ കമ്മിൻസും…. ഇന്ത്യ മുഴുവൻ ഉറ്റു നോക്കിയ ആ മീനമാസത്തിൽ പക്ഷേ കത്തി ജ്വലിച്ചത് ഒരു ആറടി അഞ്ചിഞ്ചുകാരനായ മലയാളിയായിരുന്നു. പിന്നീട് ഇന്ത്യൻ ടീമിലെത്തിയ പരസ് മാമ്പ്രേ, നിലേഷ് കുൽക്കർണി, സായ് രാജ് ബഹുതുലെ , ഇന്ത്യക്ക് കളിച്ച സീനിയർ താരം സലിൽ അങ്കോള എന്നിവരെ കടത്തി വെട്ടി ബ്രയാൻ ലാറ, ഷെർവിൻ കാംബെൽ, റൊളണ്ട് ഹോൾഡർ, കാൾ ഹൂപ്പർ, രാജേന്ദർ ധൻരാജ് എന്നിവരുടെ വിക്കറ്റ് വെറും 42 റൺസിന് നേടിയ ആ മാന്നാറുകാരൻ ബോംബെയുടെ മാത്രമല്ല ഇന്ത്യൻ ടീമിൻ്റെയും ഭാവി പ്രതീക്ഷയായിരുന്നു. നിർഭാഗ്യവശാൽ പക്ഷേ, ആ മത്സരം രണ്ടാം ദിവസം തന്നെ അവസാനിച്ചതായി പ്രഖ്യാപിക്കേണ്ടി വന്നു (കേരളാ ബന്ദ് ആണ് കാരണം എന്നാണോർമ്മ).

കൗമാരകാലം പിന്നിട്ടതിനു ശേഷം മാത്രം ക്രിക്കറ്റ് ബോളിൽ കളിച്ചു തുടങ്ങിയ ആലപ്പുഴ മാന്നാറുകാരൻ എബി കുരുവിള തൻ്റെ ആദ്യ രഞ്ജി ട്രോഫി മത്സരം ഒരു പക്ഷെ മറക്കാനാഗ്രഹിക്കുന്ന ഒന്നാവും.. ബോംബെയിൽ വളർന്ന അദ്ദേഹം അരങ്ങേറിയ, രഞ്ജി ചരിത്രത്തിലെ തന്നെ അത്യാവേശകരമായ ഫൈനലുകളിലൊന്നിൽ, 1990 ൽ ഹരിയാനക്കെതിരെ ആദ്യ ഇന്നിംഗ്സിൽ നാലു വിക്കറ്റെടുത്ത് മാറ്റു തെളിയിച്ച അദ്ദേഹത്തിനു പക്ഷേ രണ്ടാമിന്നിംഗ്സിൽ ജയിക്കാൻ മൂന്ന് റൺസ് അകലെ റണ്ണൗട്ടാകാനായിരുന്നു വിധി. കൈവിട്ട മത്സരം തൻ്റെ വീരോചിത പ്രകടനത്തിലൂടെ കൈപ്പിടിയിലൊതുക്കി 139 റൺസുമായി സാക്ഷാൽ കേണൽ വെംഗ് സാർക്കർ ആ ദുർവിധിക്കു മൂകസാക്ഷിയായി പിച്ചിൻ്റെ മറ്റേ അറ്റത്തുണ്ടായിരുന്നു.

അടുത്ത സീസണിലും തന്നെ വിശ്വസിച്ച ബോംബെയ്ക്ക് പക്ഷേ എബി തൻ്റെ മാറ്റ് തെളിയിച്ചു കൊടുത്തു. സീസണിലെ ആറു മത്സരങ്ങളിൽ നിന്ന് 3️⃣5️⃣ വിക്കറ്റുകളായിരുന്നു അദ്ദേഹത്തിൻ്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന ഇന്ത്യൻ ടീമിൽ, കിതച്ചു തുടങ്ങിയ കപിലിനും പ്രഭാകറിനും പിൻഗാമിയായി ഒരു സ്ഥാനം അദ്ദേഹവും സ്വപ്നം കണ്ടു. അതു സഫലമാവാൻ പക്ഷേ 1997ലെ വിൻഡീസ് പര്യടനം വരെ കാത്തിരിക്കേണ്ടി വന്നു. ശ്രീനാഥിനു പകരമായി, പേസ് ബൗളിങ്ങിൻ്റെ നാട്ടിൽ ഇന്ത്യയുടെ മുൻനിര പേസറാവാൻ എബിക്കു ഭാഗ്യം ലഭിച്ചു. ബ്രിഡ്ജ് ടൗണിലെ മൂന്നാം ടെസ്റ്റിൽ വെങ്കടേഷ് പ്രസാദിനും ദൊഡ്ഡ ഗണേഷിനുമൊപ്പം രണ്ടാമിന്നിംഗ്സിൽ തൻ്റെ ഏറ്റവും മികച്ച പ്രകടനമായ 5️⃣ /6️⃣8️⃣ വഴി വിൻഡീസിനെ എറിഞ്ഞിട്ടെങ്കിലും ബാറ്റിങ്ങ് നിരയുടെ നിരുത്തരവാദിത്തം കാരണം തോൽവിയേറ്റു വാങ്ങാനായിരുന്നു ഇന്ത്യയുടെ വിധി.

ഇന്ത്യക്കായി 1️⃣0️⃣ ടെസ്റ്റും 2️⃣5️⃣ ഏകദിനവും കളിച്ച എബി രണ്ടിലും 25 വിക്കറ്റ് വീതം നേടി. ഒരു കലണ്ടർ വർഷത്തിലാണ് അദ്ദേഹം -1997- ഇന്ത്യക്കായി ഇത്രയും മത്സരങ്ങളിൽ കളത്തിലിറങ്ങിയത്. 2000 ൽ വിരമിച്ച അദ്ദേഹം തുടർന്ന് മുംബൈ D Y പാട്ടീൽ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിച്ചു. കേരളത്തിനും, ലോക ചാമ്പ്യൻമാരായ അണ്ടർ-19 ഇന്ത്യാ ടീമിനും പരിശീലനം നൽകി. 2012 ൽ ദേശീയ സെലക്ടറായി. പാതി മലയാളികളായ അജയ് ജഡേജയെയും റോബിൻ ഉത്തപ്പയേയും ആഘോഷിക്കുന്ന മലയാളികൾക്ക്, അനൗദ്യോഗിക ടെസ്റ്റ് കളിച്ച സി.കെ ഭാസ്കരനും, സർവീസസിന് കളിച്ച് ഇന്ത്യൻ ടീമിലെത്തിയ നാരായണ സ്വാമിക്കും ശേഷം കൊണ്ടാടാൻ ഭാഗ്യം ലഭിച്ച ഒരു സമ്പൂർണ മലയാളി തന്നെയാണ് എബി കുരുവിള.

By admin

Leave a Reply