By Dhanesh Damodaran

നിങ്ങൾക്കു നേരെ എറിയുന്ന കല്ലുകൾ കൊണ്ട് നിങ്ങൾ ഒരു കൊട്ടാരം സൃഷ്ടിക്കുക. അവിടെ ആ സിംഹാസനത്തിൽ നിങ്ങൾ അമർന്നിരിക്കുക. ഒരിക്കൽ കല്ലെറിഞ്ഞവർ നിങ്ങളെ വണങ്ങുമ്പോൾ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യുക.

  ഋഷഭ് പന്ത് ചെയ്യുന്നത് ഇതാണ്.

എന്തു കൊണ്ട് പന്ത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം.മറ്റു കളിക്കാരനിൽ നിന്നും അയാൾ വ്യത്യസ്തനാണ്.ഒരു കളി വിജയിപ്പിക്കാൻ നിങ്ങളുടെ ഇലവനിലെ മറ്റു 10 പേർക്കും കഴിയുമായിരിക്കും. എന്നാൽ സമനിലയിലേക്ക് പോകുന്ന മത്സരം, അല്ലെങ്കിൽ തീർത്തും പരാജയത്തിലേക്ക് പോകുന്ന ഒരു മത്സരത്തെ വിജയത്തിലേക്ക് കൊണ്ടു പോകാൻ പറ്റുന്ന ഒരാൾ അപുർവ ജനുസ്സായിരിക്കും.

   അത്തരം ജനുസ്സുകൾ ലോക ക്രിക്കറ്റിൽ അപൂർവമായേ സംഭവിക്കു.അവർ എല്ലാ കളികളിലും ഒന്നാന്തരം പ്രകടനം നടത്തണമെന്ന് നിങ്ങൾക്ക് വാശി പിടിക്കാം.പക്ഷെ അത് നടന്നില്ലെങ്കിൽ പഴിചാരാൻ അവകാശമില്ല.

പന്ത് ഒരു ടെസ്റ്റ് താരം മാത്രമാണെന്ന് മുദ്ര കുത്തപ്പെടുത്താൻ വ്യഗ്രത കാട്ടുന്നവരുടെ കാര്യമാണ് കഷ്ടം. അയാൾ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമ്പോൾ ഏറ്റവുമധികം വിലയിരുത്തപ്പെട്ടത് ഷോർട്ടർ ഫോർമാറ്റ് പ്ലെയർ ആയിട്ടാണ്. അയാളുടെ കരിയർ നിരീക്ഷിക്കുന്നവർക്ക് അത് പകൽ പോലെ അറിയുന്നതുമാണ്. ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ലാത്ത ബാറ്റിങ്ങ് ശൈലിയല്ലായിരുന്നിട്ടും യുവരാജിനെ പോലെയും രോഹിത്തിനെ പോലെ ഇരുത്തം വന്നവർക്കു പോലും പറ്റാത്ത തരത്തിൽ അയാൾ ടെസ്റ്റ് ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുവെങ്കിൽ അത് അയാളിലെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്.

   പന്തിന് വയസ് 24.വിദേശ മണ്ണിൽ മാത്രം നേടിയത് 5 സെഞ്ചുറികൾ. 2019 ൽ ഏകദിന ടീമിൽ കളിച്ച അയാൾ കളിച്ചത് വെറും 24 ഇന്നിങ്സുകൾ. അവസാന 11 ഏകദിനങ്ങളിൽ 5 ലും 50 നു മുകളിൽ റൺസടിച്ചു.4 ആമതും അതിനു ശേഷവും ഇറങ്ങി 36.32 ശരാശരിയിൽ 108.81 സട്രൈക്ക് റേറ്റിൽ റണ്സും നേടി. 24 ഇന്നിങ്ങ്സുകൾ കഴിയുമ്പോൾ ധോനി എന്ന ഇതിഹാസവും ഈ 24 കാരനും തമ്മിലുള്ള വ്യത്യാസം 31 റൺസുകൾ മാത്രമാണ്.എന്നിട്ടും അയാൾ ഏകദിന ക്രിക്കറ്റിന് പറ്റിയവനല്ലെന്ന് മുദ്ര കുത്തപ്പെടാൻ കാരണമായിട്ട് തോന്നുന്നത് അയാളുടെ പേര് ഋഷഭ് പന്ത് എന്നായത് കൊണ്ട് മാത്രമാകാം.

    എഴുതിത്തള്ളിയവൻ്റെ മറുപടികൾ എന്നും ബാറ്റിങ്ങിലൂടെ മാത്രമായിരുന്നു. ഏകദിന ക്രിക്കറ്റിൽ അയാൾക്കൊരു സെഞ്ചുറിയുടെ കുറവ് മാത്രമാണുണ്ടായിരുന്നത്. ഒടുവിൽ അതും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി T20 യുടെ കാര്യം. ടീമിലെ ഏറ്റവും മികച്ച ഹാർഡ് ഹിറ്ററെ T 20 ഫോർമാറ്റിൽ ഉചിതമായ സ്ഥാനത്ത് ബാറ്റ് ചെയ്യാനയച്ചാൽ തീരുന്ന പ്രശ്നമേ അവിടെയുമുള്ളൂ. T20 ൽ 22 ശരാശരി മാത്രമുള്ള പന്ത് തൻ്റെ പ്രതിഭക്കൊത്ത പ്രകടനം T20 ഇൻ്റർനാഷനുകളിൽ പുറത്തെടുക്കിനില്ലെന്ന് വിമർശനങ്ങൾ ഉയരുമ്പോഴും 4 ആം നമ്പറിനു ശേഷം ഇറങ്ങുന്ന എത്ര സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാർക്ക് T20 ക്രിക്കറ്റിൽ 25 ഓളം ശരാശരിയുണ്ടെന്ന് ചോദിച്ചാൽ വളരെ അപൂർവവും.

    പ്രാദേശിക വികാരവും തങ്ങളുടെ ആരാധനാമൂർത്തിയെ മറികടക്കുമെന്ന ഭയമോ ഒഴിവാക്കി റിഷഭ് പന്ത് എന്ന യുവതുർക്കിയെ കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇന്ത്യൻ ക്രിക്കറ്റിൻ്റെ അടുത്ത സൂപ്പർ സ്റ്റാറിൻ്റെ കഴിവ് അംഗീകരിക്കാൻ. ICC T20 ലോകകപ്പിൻ്റെ വീഡിയോ പ്രമോഷനിൽ ഉൾപ്പെടുത്തിയ ആദ്യ താരമായി എന്ത് കൊണ്ട് പന്ത് ഉയർത്തിക്കാട്ടപ്പെടുന്നു എന്നത് വരും നാളുകളുടെ ഒരു സൂചന കൂടിയാണ് .

    ഷോ കാണിച്ചു നടന്ന അഹങ്കാരിയായ രണ്ടാം കപിൽ എന്ന് പരിഹസിക്കപ്പെട്ട ഹാർദിക് പാണ്ഡ്യ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.ഇനി മെയ് വഴക്കമില്ലാത്ത,ഉത്തരവാദിത്തമില്ലാത്ത സിക്സ് പാക്കില്ലാത്ത പന്തിൻ്റെ ഊഴമാണ്.

    ഈ വിജയം എഴുതിത്തള്ളപ്പെട്ടവരുടേതാണ്, പരിഹസിക്കപ്പെട്ടവരുടേതാണ്.ഇതിന് മധുരം കൂടും.

By admin

Leave a Reply