By Dhanesh Damodaran

കോഴിക്കോട് കൊയിലാണ്ടിയിൽ പഴയ ഒരു യൂനിവേഴ്സിറ്റി പ്ലെയർ ഉണ്ട്. സുശീൽ കുന്നുമ്മൽ. ക്രിക്കറ്റ് തലക്ക് പിടിച്ച് നടന്ന് ഉയരങ്ങളിലെത്താൻ ആഗ്രഹിച്ച എല്ലാവരെയും പോലെ, അതായത് 1983 സിനിമയിലെ രമേശനെ പോലെ ഒരാൾ. താൻ ആഗ്രഹിച്ച സ്വപ്നങ്ങൾ മകനിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്ന ആ സാധാരണക്കാരൻ്റെ മകൻ തന്നെയാണ് ഈയടുത്ത നാളുകളിൽ ഏറ്റവുമധികം ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്നത്.

     വിഖ്യാത കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് സുശീലിൻ്റെ മകനെ പറ്റി പറഞ്ഞത് താൻ കേരള പരിശീലകൻ ആയ സമയത്ത് കണ്ട ഏറ്റവും മികച്ച യുവവാഗ്ദാനം എന്നായിരുന്നു.

കോവിഡ് കാരണം നഷ്ടപ്പെട്ട 2 വർഷങ്ങൾ 24 കാരനായ ഓപ്പണർ രോഹൻ എസ് കുന്നുമ്മലിന് നഷ്ടപ്പെടുത്തിയത് ഒരു പാട് റൺസുകളാണ്.

    വലിയ വേദികളിലേക്ക് കാൽ വെക്കുന്നതേയുള്ളൂ രോഹൻ. പക്ഷെ അതിനോടകം മറ്റൊരു കേരളാ താരത്തിനും സാധിക്കാത്ത കാര്യങ്ങൾ നേടിയെടുക്കാൻ അയാൾക്ക് പറ്റി. 

   ദുലീപ് ട്രോഫിയിൽ സെഞ്ചുറി കുറിക്കുന്ന ആദ്യ മലയാളി. അതും അരങ്ങേറ്റ മാച്ചിൽ.20 വർഷങ്ങൾക്ക് മുൻപ് സെഞ്ചുറിക്ക് 5 റൺ അകലെ മടങ്ങേണ്ടി വന്ന ശ്രീകുമാരൻ നായർക്ക് നഷ്ടപ്പെട്ട ഭാഗ്യം രോഹനെ തേടിയെത്തി.രണ്ടാമിന്നിങ്ങ്സിൽ 77 റൺ കൂടി നേടിയ രോഹൻ വീണ്ടും തൻ്റെ മികവ് ഊട്ടിയുറപ്പിക്കുകയായിരുന്നു.രണ്ടാമിന്നിങ്ങ്സിലും റോഹന് സെഞ്ചുറി നേടാൻ പറ്റാത്തതിൽ മാത്രമാണ് ക്രിക്കറ്റ് പ്രേമികൾക്ക് വിഷമം. മയങ്ക് അഗർവാളും ഹനുമാവിഹാരിയും അടങ്ങുന്ന താരനിരയിലാണ് രോഹൻ്റെ ശ്രദ്ധേയ പ്രകടനങ്ങൾ.

    ക്രിക്കറ്റിനെ പിന്തുടരുന്നവർക്ക് രോഹൻ ഒരു പുതിയ പേരല്ല.

    വർഷം 2016.ഡൽഹി ഫിറോസ് ഷാ കോട്ലയിൽ കുച്ച് ബിഹർ ട്രോഫിയിൽ ഡൽഹിക്കെതിരെ കേരളത്തിൻ്റെ മത്സരം.ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ 151 ന് പുറത്തായ ഡൽഹിക്കും ഒന്നും ചെയ്യാനായില്ല.152 റൺസിന് പുറത്തായ അവർക്ക് കിട്ടിയത് 1 റൺ മാത്രം ലീഡ്. രണ്ടാമിന്നിങ്ങ്സിൽ പക്ഷെ കഥ മാറി.18 കാരൻ ഓപ്പണർ നിറഞ്ഞാടുകയായിരുന്നു.395 റൺസിന് കേരളം പുറത്തായപ്പോൾ 70% ത്തോളം റൺസും നേടിയത് രോഹനായിരുന്നു.

28 ഫോർ ,1 സിക്സർ.369 പന്തുകൾ നേരിട്ട് പുറത്താകാതെ 253 റൺസുകൾ.എല്ലാവരും പുറത്തായത് കൊണ്ട് മാത്രം ഒരു വിലോഭനീയമായ ട്രിപ്പിൾ സെഞ്ചുറി നഷ്ടമാണ് രോഹന് നഷ്ടമായത്. തോൽവിയിലേക്ക് പോയ കേരളത്തിന് സമനില സമ്മാനിച്ച രോഹന് ഇന്ത്യൻ U- 19 ടീമിലേക്ക് വിളിയെത്തുമ്പോൾ രാഹുൽ ദ്രാവിഡ് ആയിരുന്നു പരിശീലകൻ. ആ ടൂർണമെൻ്റിൽ റൺവേട്ടക്കാരിൽ യുവ സെൻസേഷൻ ശുഭ്മൻ ഗില്ലിൻ്റെ സ്ഥാനം രോഹന് പിന്നിൽ രണ്ടാമതായിരുന്നു.

     രോഹൻ ചില്ലറക്കാരനല്ല. ഇനിയുള്ള കാലങ്ങളിലെ മലയാളി പ്രതീക്ഷയാണ്.

കഴിഞ്ഞ വർഷം തുടർച്ചയായ 3 ഇന്നിങ്ങ്സുകളിൽ സെഞ്ചുറി കുറിക്കുമ്പോൾ ഇക്കാലമത്രയും അത് സാധിച്ച ഒരേയൊരു മലയാളി രോഹൻ മാത്രമാണെന്നതിൽ നിന്നു തന്നെ ആ നേട്ടത്തിൻ്റെ വലുപ്പം മനസിലാക്കാം. സഞ്ജുവിനും ജയറാമിനും സുനിൽ ഒയാസിസിനും ജഗദീഷിനും പറ്റാത്ത നേട്ടം കരിയറിലെ ആദ്യ നാളുകളിൽ സ്വന്തമാക്കുന്നതിനേക്കാൾ മറ്റെന്ത് ബഹുമതിയാണ് വേണ്ടത്.

   രോഹൻ്റെ കഴിഞ്ഞ 7 ഇന്നിങ്സുകൾ എല്ലാം പറയും.

107, 129, പുറത്താകാതെ 106, 75, 143,77. എല്ലാ ഇന്നിങ്സിലും 75 ലധികം റൺസുകൾ .

     മേഘാലയക്കെതിരെ സെഞ്ചുറിയുമായി സീസൺ തുടങ്ങിയ മാച്ചിൽ 16 കാരൻ പേസർ ഏദൻ ആപ്പിൾ ടോമിൻ്റെ അരങ്ങേറ്റത്തിൽ രോഹൻ്റെ സെഞ്ചുറി പ്രകടനത്തിന് കാര്യമായ ശ്രദ്ധ കിട്ടിയില്ലെങ്കിലും ഗുജറാത്തിനെതിരായ മാച്ച് രോഹനെ ശരിക്കും ഹീറോ ആക്കി.ആദ്യ ഇന്നിങ്ങ്സിൽ 129 ന് പിന്നാലെ രണ്ടാമിന്നിങ്സിൽ വെറും 87 പന്തിൽ പുറത്താകാതെ 106.214 റൺ ചേസിനിറങ്ങിയപ്പോഴായിരുന്നു രോഹൻ്റെ വെടിക്കെട്ട് പ്രകടനം എന്നതായിരുന്നു ശ്രദ്ധേയം.

    രണ്ടിന്നിങ്സിലും സെഞ്ചുറി നേടിയപ്പോൾ ആ നേട്ടത്തിലെത്തിയ രണ്ടാമത്തെ മാത്രം കേരളതാരവുമായി രോഹൻ.2008 ൽ ഹരിയാനക്കെതിരെ സാംബശിവ വർമ കുറിച്ച നേട്ടത്തിനൊപ്പം ഇനി രോഹനും.

      ആഗ്രഹിക്കുന്ന പോലൊരു ഇന്ത്യൻ ജേഴ്സി രോഹന് സ്വപ്നം കാണാം.റെഡ് ബോൾ ക്രിക്കറ്റിൽ സ്ഥിരതയോടെ കളിക്കാനാകുന്ന ഒരു ഓപ്പണറുടെ സ്ഥാനം എന്നും ഇന്ത്യൻ ടീമിൽ ഒരു ഒഴിവായി തന്നെ ഉണ്ടാകാറുണ്ട്.ആ ഒഴിവിലേക്ക് അവകാശവാദം ഉന്നയിക്കാൻ പോന്ന വൻ സ്കോറുകൾ രോഹനിൽ നിന്നും പ്രതീക്ഷിക്കാം.സുശീൽ കുന്നുമ്മൽ എന്ന പിതാവിൻ്റെ പ്രതീക്ഷകൾ ഇന്ന് മലയാളികളുടെ മുഴുവൻ പ്രതീക്ഷകളായി മാറിക്കഴിഞ്ഞിരിക്കുന്നു.

         

By admin

Leave a Reply